മൂല്യവ്യവസ്ഥയുടെ അഭാവം സമൂഹം നേരിടുന്ന വെല്ലുവിളി: പി. മുജീബ് റഹ്‌മാൻ

സെന്റർ ഫോർ ഇന്ത്യൻ കമ്മ്യൂണിറ്റി (സി.ഐ.സി) സംഘടിപ്പിച്ച പ്രവർത്തക സംഗമം ജമാഅത്തെ ഇസ്‌ലാമി കേരള അധ്യക്ഷൻ പി. മുജീബ് റഹ്‌മാൻ

ദോഹ: സാമൂഹികജീവിതത്തിൽ മൂല്യങ്ങളുടെ അഭാവമാണ് നമ്മുടെ സമൂഹം നേരിടുന്ന പ്രധാന വെല്ലുവിളികളിലൊന്നെന്ന് ജമാഅത്തെ ഇസ്‌ലാമി കേരള അധ്യക്ഷൻ പി. മുജീബ് റഹ്‌മാൻ പറഞ്ഞു. സെന്റർ ഫോർ ഇന്ത്യൻ കമ്മ്യൂണിറ്റി (സി.ഐ.സി) സംഘടിപ്പിച്ച പ്രവർത്തക സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാജ്യത്തെ ന്യൂനപക്ഷ സമൂഹങ്ങൾ നേരിടുന്ന വെല്ലുവിളികളെ ഗൗരവത്തോടെ കാണേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു. വഖഫ് നിയമഭേദഗതി, ഏകീകൃത സിവിൽ കോഡ്, എൻ.ആർ.സി തുടങ്ങിയ വിഷയങ്ങളിൽ ഉയരുന്ന ആശങ്കകൾ പരാമർശിച്ച അദ്ദേഹം, ജനാധിപത്യ സ്ഥാപനങ്ങളും മാധ്യമങ്ങളും ഭരണഘടനാ മൂല്യങ്ങളും കൂടുതൽ ശക്തിപ്പെടേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് അഭിപ്രായപ്പെട്ടു. സാമൂഹിക നീതി, ധാർമികത, മനുഷ്യാവകാശങ്ങൾ തുടങ്ങിയ മൂല്യങ്ങളിൽ അധിഷ്ഠിതമാകുമ്പോഴാണ് ജനാധിപത്യം കൂടുതൽ അർഥവത്താകുന്നതെന്നും അദ്ദേഹം പറഞ്ഞു.

മുസ്‌ലിം സമൂഹത്തിന്റെ സുരക്ഷയും ശാക്തീകരണവും പ്രധാനമാണെങ്കിലും ജമാഅത്തെ ഇസ്‌ലാമിയുടെ പ്രവർത്തനം എല്ലാ സമൂഹങ്ങൾക്കും വേണ്ടിയുള്ളതാണ് . വ്യക്തിജീവിതം മുതൽ സാമൂഹിക ജീവിതം വരെ മൂല്യാധിഷ്ഠിതമായ മാറ്റമാണ് ഇസ്‌ലാമിക പ്രസ്ഥാനം ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു.

തുടർന്നു സംസാരിച്ച ജമാഅത്തെ ഇസ്‌ലാമി കേരള സെക്രട്ടറി ശിഹാബ് പൂക്കോട്ടൂർ, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ വിദ്യാഭ്യാസ, സാമൂഹിക, നിയമ മേഖലകളിൽ നടക്കുന്ന ശാക്തീകരണ പ്രവർത്തനങ്ങൾ വിശദീകരിച്ചു. വിവിധ സംഘടനകൾക്കിടയിലെ ഏകോപനം, സാമൂഹിക സൗഹാർദത്തിനായുള്ള കൂട്ടായ്മകൾ, പൗരാവകാശ സംരക്ഷണത്തിനുള്ള നിയമ ഇടപെടലുകൾ, വിഷൻ 2026 ഉൾപ്പെടെയുള്ള സേവന പ്രവർത്തനങ്ങൾ എന്നിവയും അദ്ദേഹം പരിചയപ്പെടുത്തി.

വിശ്വാസത്തിന്റെ കരുത്തിലൂടെ ജീവിതത്തിലെ പ്രയാസങ്ങളെ അതിജീവിക്കാനും സ്വന്തം പ്രവർത്തനങ്ങളെ നിരന്തരം വിലയിരുത്താനും കഴിയണമെന്ന് സോളിഡാരിറ്റി യൂത്ത് മൂവ്മെന്റ് സി.ടി. സുഹൈബ് പറഞ്ഞു.

സി.ഐ.സി പ്രസിഡന്റ് ആർ.എസ്. അബ്ദുൽ ജലീൽ അധ്യക്ഷത വഹിച്ചു. കെ.ടി. മുബാറക് ഖുർആൻ ക്ലാസ് നടത്തി. സി.ഐ.സി ജനറൽ സെക്രട്ടറി അർഷദ് ഇ , വിമൻ ഇന്ത്യ പ്രസിഡന്റ് നസീമ ടീച്ചർ, യൂത്ത് ഫോറം പ്രസിഡന്റ് അസ്‌ലം തൗഫീഖ് ,നൗഫൽ പാലേരി, സിദ്ധീഖ് പി.കെ എന്നിവർ സംസാരിച്ചു.

‘ഇസ്‌ലാമിക പ്രതിനിധാനത്തിന്റെ കർമസാക്ഷ്യം’ എന്ന തലക്കെട്ടിൽ സി.ഐ.സി സംഘടിപ്പിക്കുന്ന രണ്ട് മാസം നീണ്ടുനിൽക്കുന്ന കാമ്പയിന്റെ ഭാഗമായി തനിമ തയ്യാറാക്കിയ തീം ഗാനം ജമാഅത്തെ ഇസ്‌ലാമി കേരള അമീർ പി. മുജീബ് റഹ്‌മാൻ പ്രകാശനം ചെയ്തു. പ്രബോധനം കാമ്പയിനിൽ മികച്ച പങ്കാളിത്തം കാഴ്ചവെക്കുകയും ഏറ്റവും കൂടുതൽ വരിക്കാരെ ചേർക്കുകയും ചെയ്തവർക്കുള്ള സമ്മാനങ്ങളും ചടങ്ങിൽ വിതരണം ചെയ്തു.

Leave a Comment

More News