ഇന്ന് ജീവിച്ചിരുന്നു എങ്കിൽ 94 വയസ്സ് പ്രായമുള്ള ഒരു മുത്തശിയാകേണ്ട ബ്രിജിത്ത് മേരിയെ അടക്കം ചെയ്ത ബ്രിട്ടീഷ് സെമിത്തേരി സന്ദർശിച്ചു മടങ്ങുമ്പോൾ അത് ഞങ്ങൾക്ക് ഒരു നൊമ്പരമായി കൂടെ പോന്നു…..
ചരിത്ര പ്രസിദ്ധമായ പള്ളികുന്ന് സെൻ്റ് ജോർജ് സി എസ് ഐ പള്ളിയിലെ ബ്രിട്ടീഷ് സെമിത്തേരിക്ക് ധാരാളം പ്രത്യേകതകൾ ഉണ്ട്. 34 വിദേശികളെയും ഒരു ഇന്ത്യക്കാരനെയും ഒരു കുതിരയേയും ആണിവിടെ അടക്കം ചെയ്തിരിക്കുന്നത്.സാതന്ത്ര്യം കിട്ടിയിട്ടും അലിഖിത നിയമപ്രകാരം ബ്രിട്ടിഷ് ഹൈക്കമ്മീഷന്റെ അധീനതയിലാണ് രണ്ടര ഏക്കർ വരുന്ന ഈ ഭൂമി . ഇംഗ്ലണ്ട്, അയർലന്റ്, സ്കോട്ട്ലന്റ് എന്നിവടങ്ങളിൽ നിന്ന് എത്തിയ പ്ലാന്റർമാരും അവരുടെ കുടുംബാംഗങ്ങളുമാണിവിടെ അന്ത്യവിശ്രമം കൊള്ളുന്നത്.
പ്രകൃതിരമണീയമായ ഈ സെമിത്തേരിയിലേക്ക് ഏവരെയും ആകർഷിക്കുന്നതോടൊപ്പം നൊമ്പരം മൂലം ഉരുണ്ട് കൂടുന്ന കണ്ണീർ നിമിത്തം അല്പം നേരത്തേക്ക് സന്ദർശകരുടെ കാഴ്ച മറയ്ക്കുന്ന ഒരു കല്ലറയുണ്ട്.
കൈകൾ രണ്ടും വിടർത്തി വിഷാദ ഭാവത്തിൽ കണ്ണുകൾ താഴ്ത്തി നിൽക്കുന്ന കുഞ്ഞു മാലാഖയുടെ പ്രതിമ സ്ഥാപിച്ചിരിക്കുന്ന കല്ലറ. ബ്രിജിത്ത് മേരി എന്ന രണ്ടു വയസുകാരിയുടെ ശവകുടീരം…
സ്റ്റാൻലിയുടെയും ഇവാ റൗസൺന്റെയും മകളായ ബ്രിജിത്ത് 1932 നവംബർ 4-ന് ജനിച്ചു.1934 നവംബർ 4 ന് മരണപെട്ടു. രണ്ടാം പിറന്നാൾ ആഘോഷിക്കാൻ കാത്തിരുന്ന മേരി മഞ്ഞപിത്തം ബാധിച്ച് മരിച്ചതായി പള്ളി രേഖകളിൽ കാണുന്നു. ഇറ്റാലിയൻ വൈറ്റ് മാർബിളിൽ ഇംഗ്ലണ്ടിൽ നിർമാണം പൂർത്തിയാക്കി ഇവിടെ കൊണ്ടുവന്ന് സ്ഥാപിച്ചതാണ് ഈ പ്രതിമയെന്ന് കല്ലറയിൽ രേഖപ്പെടുത്തിയിരിക്കുന്നു.
ഈ പ്രതിമക്ക് രണ്ടു കൈകളും പുറകിൽ ചിറകുകളുമുണ്ടായിരുന്നതാണ്. സെമിത്തേരിക്ക് ഉണ്ടായിരുന്ന ചുറ്റുമതിൽ പൊളിഞ്ഞ് ഈ സെമിത്തേരിയിൽ കന്നുകാലികൾ മേഞ്ഞതു മുലം മാലാഖ പ്രതിമയുടെ ചിറകുകൾ ഒടിഞ്ഞ അവസ്ഥയിലാണിപ്പോൾ.
2013 ൽ റവ.കെ.എ ലൂക്കോസ് വികാരിയായി ചാർജെടുത്തതോടെയാണ് സെമിത്തേരി പുനരുദ്ധാരണ പണികൾ തുടങ്ങിയത്.
ബ്രിട്ടണിലെ ‘ബാക്സാ ,’ എന്ന സംഘടനയുമായി അന്നത്തെ കൈകാരൻമാരായ ഗിന്നസ് സുനിൽ ജോസഫും, കെ. തങ്കരാജും ബന്ധപെടുകയും തുടർന്നാണ് ബ്രിട്ടീഷ് സെമിത്തേരിക്ക് ചുറ്റുമതിലും കല്ലറകളുടെ പുനരുദ്ധാരണവും നടത്തിയത്. ആഷ്ലി മദാമ്മ തനിക്ക് വീതമായി ലഭിച്ച എസ്റ്റേറ്റിന്റെ പതിനാറര ഏക്കർ സ്ഥലം പള്ളിക്കായി വിട്ടു നൽകിയതിലെ രണ്ടര ഏക്കറാണ് ബ്രിട്ടീഷ് സെമിത്തേരിക്കായി നീക്കി വെച്ചത്. തദ്ദേശിയരെ അടക്കാൻ ബ്രിട്ടിഷ് സെമിത്തേരിയോട് ചേർന്ന് വേറെ സെമിത്തേരി ഉണ്ട്.
”It was an angel visited the green Earth and took the flower away ” എന്ന് കുഞ്ഞു മാലാഖയുടെ കല്ലറയിൽ രേഖപ്പെടുത്തിയിരിക്കുന്നു.
