ഫ്ലോറിഡ : കേരള ഹിന്ദൂസ് ഓഫ് നോർത്ത് അമേരിക്കയുടെ (കെ.എച്ച്.എൻ.എ) നേതൃത്വത്തിൽ കുട്ടികൾക്കായി സംഘടിപ്പിക്കുന്ന ബാലജ്യോതി പഠനപദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം നവംബർ എട്ടിന് ഓൺലൈനായി നടന്നു. സനാതന ധർമത്തിന്റെ അടിസ്ഥാനമൂല്യങ്ങളും ഭാരതീയ സംസ്കാരവും പാരമ്പര്യവും വടക്കേ അമേരിക്കയിൽ വളരുന്ന പുതുതലമുറയ്ക്ക് പരിചയപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.
അഞ്ചു മുതൽ പതിനാലു വയസ്സുവരെയുള്ള കുട്ടികൾക്കായി രൂപകൽപ്പന ചെയ്ത ബാലജ്യോതിയിൽ രാമായണം, മഹാഭാരതം, പുരാണങ്ങൾ എന്നിവയിലെ കഥകൾ, സംസ്കൃത ശ്ലോകങ്ങൾ, പ്രാർത്ഥനകൾ, ഭജനകൾ, ഉത്സവങ്ങൾ, ഭാരതീയ സംസ്കാരം എന്നിവയ്ക്കൊപ്പം കളികളും സർഗാത്മക പ്രവർത്തനങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്. കുട്ടികൾക്ക് ആസ്വാദ്യകരമായ രീതിയിൽ പഠിക്കാനും സംശയങ്ങൾ ചോദിക്കാനും പരസ്പരം സൗഹൃദങ്ങൾ വളർത്താനും അവസരമൊരുക്കുന്നതാണ് പദ്ധതി.
രണ്ടുമാസം മുമ്പ് പഠനപ്രവർത്തനങ്ങൾ ആരംഭിച്ച ബാലജ്യോതിയുടെ ഔദ്യോഗിക ഉദ്ഘാടനമാണ് നവംബർ എട്ടിന് നടന്നത്.
കെ.എച്ച്.എൻ.എ ബോർഡ് ഓഫ് ഡയറക്ടേഴ്സ് അംഗവും പദ്ധതിയുടെ ചുമതലക്കാരിയുമായ വീണ പിള്ള സ്വാഗതം ആശംസിച്ചു. നൈറ കൃഷ്ണ, അവ്നി, അശ്വി കമ്മത്ത് എന്നിവരുടെ പ്രാർത്ഥനാപരിപാടികൾക്കുശേഷം കെ.എച്ച്.എൻ.എ പ്രസിഡന്റ് ടി. ഉണ്ണികൃഷ്ണൻ അദ്ധ്യക്ഷപ്രസംഗം നടത്തി.
അമേരിക്കയിൽ ജനിച്ചുവളരുന്ന കുട്ടികൾക്ക് സ്വന്തം കുടുംബത്തിന്റെ സാംസ്കാരിക വേരുകളുമായി ബന്ധം നിലനിർത്താനുള്ള അവസരമാണ് ബാലജ്യോതിയിലൂടെ ഒരുക്കുന്നതെന്ന് ടി. ഉണ്ണികൃഷ്ണൻ പറഞ്ഞു. ശ്ലോകങ്ങളും പ്രാർത്ഥനകളും പഠിപ്പിക്കുന്നതിനൊപ്പം അവയുടെ അർത്ഥവും പാരമ്പര്യത്തിനു പിന്നിലുള്ള ജീവിതമൂല്യങ്ങളും കുട്ടികൾ മനസ്സിലാക്കണം. സ്നേഹം, സത്യസന്ധത, പരസ്പര ബഹുമാനം, ഉത്തരവാദിത്തബോധം തുടങ്ങിയ മൂല്യങ്ങൾ വളർത്തിയെടുക്കുന്നതിനും പദ്ധതി സഹായകമാകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
2027 നവംബർ 25 മുതൽ 28 വരെ ഫ്ലോറിഡയിലെ Renaissance Orlando at SeaWorld-ൽ നടക്കുന്ന കെ.എച്ച്.എൻ.എ ഗ്ലോബൽ കൺവെൻഷനിൽ ബാലജ്യോതി പ്രായവിഭാഗത്തിലുള്ള കുട്ടികൾക്കായി പ്രത്യേക പ്രവർത്തനവേദി ഒരുക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. കൺവെൻഷന്റെ എല്ലാ ദിവസവും രാവിലെ കുട്ടികൾക്ക് ഒത്തുചേരാനും വിവിധ പഠന, സാംസ്കാരിക, വിനോദ പ്രവർത്തനങ്ങളിൽ പങ്കെടുക്കാനും അവസരമൊരുക്കാനാണ് പദ്ധതി. രക്ഷിതാക്കൾക്കൊപ്പം എത്തുന്നവർ എന്നതിലുപരി കുട്ടികൾക്കും സ്വന്തം പരിപാടികളും അനുഭവങ്ങളും ഉള്ള ഒരു കുടുംബസംഗമമായി കൺവെൻഷനെ മാറ്റുകയാണ് ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.
കെ.എച്ച്.എൻ.എ ട്രസ്റ്റി ബോർഡ് ചെയർപേഴ്സൺ വനജ നായർ ആശംസകളും അനുഗ്രഹങ്ങളും നേർന്നു. കേന്ദ്ര പെട്രോളിയം, പ്രകൃതിവാതക സഹമന്ത്രി സുരേഷ് ഗോപിയുടെ ആശംസാ സന്ദേശം ട്രസ്റ്റി ബോർഡ് അംഗം സനൽ ഗോപിനാഥ് അവതരിപ്പിച്ചു. ഗാനപ്രവീണ ശ്രീ യോഗീശ ശർമ്മ ബല്ലപ്പാടിയയും ആശംസകൾ നേർന്നു.
തുടർന്ന് നടന്ന കുട്ടികളുടെ കലാ-ആധ്യാത്മിക അവതരണങ്ങൾ ഉദ്ഘാടനപരിപാടിക്ക് മിഴിവേകി. സംസ്കൃത ശ്ലോകങ്ങൾ, സരസ്വതീ സ്തുതികൾ, ഗായത്രി മന്ത്രം, ഗുരുസ്തുതികൾ, നവരാത്രിയുമായി ബന്ധപ്പെട്ട കഥകൾ, അർജുനന്റെ കഥ, നരസിംഹാവതാര കഥ എന്നിവ കുട്ടികൾ അവതരിപ്പിച്ചു. ബാലജ്യോതി പഠനത്തിലൂടെ ലഭിച്ച അനുഭവങ്ങളും ചില കുട്ടികൾ പങ്കുവച്ചു.
ബാലജ്യോതി കോർഡിനേറ്റർ സ്മിത കല്ലുപറമ്പിൽ പരിപാടികൾ ഏകോപിപ്പിച്ചു. അധ്യാപകരായ ശശിലേഖ ജ്യോതിക്, ലക്ഷ്മി വാര്യർ, ബിനു കമൽ, ശാലിനി രാജേഷ്, ലക്ഷ്മി കണ്ണൻ, ലക്ഷ്മി കൃഷ്ണ, പ്രകാശ് സുരേന്ദ്രനാഥൻ എന്നിവരുടെ സേവനവും പദ്ധതിയുടെ പ്രവർത്തനങ്ങൾക്ക് കരുത്തേകുന്നു.
ഉദ്ഘാടനപരിപാടിയിൽ ദിയ നമ്പ്യാർ, റിതുഷ് അതുൽദാസ്, അനന്യ ശ്രീകാന്ത്, ആരാധ്യ ശ്രീകാന്ത്, സിദ്ധാർഥ് ശ്രീകാന്ത്, ലാവ്യ പിള്ള, ഹൃദ കൃഷ്ണ, റാം കുന്നത്ത് പത്മനാഭൻ, ഉമ കുന്നത്ത് പത്മനാഭൻ, റിഷി, രാശി, അശ്വന്ത് വെങ്കിടേഷ്, സ്പന്ദന ജയലക്ഷ്മി രഞ്ജിത്ത്, സാൻവി ധർമരാജൻ, സാനവ് ധർമരാജൻ, സാത്വിക് പിള്ള, ആശ്വിക് പിള്ള, കല്യാണി അരുൺ, ആരുഹി മനോജ് ഭാസ്കരൻ, സിദ്ധിക്ഷ രാജേഷ്, പാർഥിവ് മേനോൻ തുടങ്ങിയ കുട്ടികൾ വിവിധ അവതരണങ്ങളിൽ പങ്കെടുത്തു.
കെ.എച്ച്.എൻ.എ ജനറൽ സെക്രട്ടറി സിനു നായർ നന്ദി രേഖപ്പെടുത്തി. ആരുഹി മനോജ് ഭാസ്കരന്റെ ശാന്തിമന്ത്രാലാപനത്തോടെ പരിപാടി സമാപിച്ചു.
വടക്കേ അമേരിക്കയിലെ വിവിധ പ്രദേശങ്ങളിലുള്ള കുട്ടികളെ ഒരുമിപ്പിച്ച് സനാതന ധർമപഠനത്തിനും സാംസ്കാരിക അറിവുകൾ പങ്കുവയ്ക്കുന്നതിനും സൗഹൃദങ്ങൾ വളർത്തുന്നതിനുമുള്ള സ്ഥിരം വേദിയായി ബാലജ്യോതിയെ വികസിപ്പിക്കുകയാണ് കെ.എച്ച്.എൻ.എയുടെ ലക്ഷ്യം. കുട്ടികൾക്ക് സ്വന്തം പൈതൃകത്തിൽ അഭിമാനം വളർത്തുന്നതിനൊപ്പം ഭാവിയിൽ സംഘടനയുടെ യുവജന പ്രവർത്തനങ്ങളിലും നേതൃത്വത്തിലും സജീവമായി പങ്കെടുക്കാനുള്ള അടിത്തറ ഒരുക്കുന്ന സംരംഭമായാണ് ബാലജ്യോതിയെ കാണുന്നത്.
