റെയിൽ പാളത്തിൽ ചിന്നിചിതറിയ മൂന്ന് പെൺ ജന്മങ്ങൾ (കവിത): എ.സി. ജോർജ്

ചീറി പാഞ്ഞുവരും ട്രെയിൻ മുൻപിൽ റെയിൽ പാളത്തിൽ നിരാശയുടെ നീർക്കയത്തിൽ ഹൃദയം തകർന്നൊരമ്മ രണ്ടരുമ പെൺകിടാങ്ങളെ നെഞ്ചോട് ചേർത്ത് കെട്ടിപ്പിടിച്ചു നിന്നു ഒരു നിമിഷം ഒരേയൊരു നിമിഷം ആ മൂന്ന് പെൺ ജന്മങ്ങൾ കഷണം കഷണമായി ചോര ചീന്തി മാംസക്കഷണങ്ങളായി റെയിൽ പാളത്തിൽ ചിന്നി ചിതറിയ ആ രംഗം എൻ മനോമുകുരത്തിൽ എൻ ഹൃത്തടത്തിൽ ഒരു നോവായി ഹൃദയം പിളരുന്ന നൊമ്പരമായി വാർത്തകൾ കഥകൾ അനുഭവങ്ങൾ കേട്ടമാത്രയിൽ എൻ ഹൃദയം കൂടുതൽ വിങ്ങിപ്പൊട്ടി ആത്മരോഷത്തിൻ ചിന്തകളിൽ തപ്തമായി അതിജീവനത്തിനായി ജോലിക്കായി അവർ മുട്ടാത്ത വാതിലുകളില്ലാ അവർക്കെതിരെ കൊട്ടിയടക്കപെട്ട, തുറക്കാത്ത വാതിലുകൾ ഭർത്ത് വീട്ടിലും സ്വന്തം വീട്ടിലും മുഖം തിരിച്ചു നിന്നവർ കുടുംബ രക്തബന്ധങ്ങൾക്ക്‌ പുല്ലുവില കൽപ്പിക്കാത്തവർ ഏറെയും സ്വന്തം ചെയ്തികൾ മുടന്തൻ ന്യായങ്ങളാൽ വെള്ളപൂശാൻ തത്രപ്പെടുന്നവർ ആരാണ് ഈരക്തത്തിനു ത്തരവാദി ചോദിക്കാൻ..പറയാൻ.. ഹൃദയ കവാടങ്ങൾ ഹൃദയത്തിൻ അൾത്താരകൾ…

പ്രണയാലാസ്യത്തിൽ പ്രകൃതി (പ്രണയ വാര കവിത): ജയൻ വർഗീസ്

പടിഞ്ഞാറേ മാനത്തെ പവിഴപ്പൂമ്പാടത്ത് പകലോനാം പുലയന്റെ കാളപൂട്ട് ! ചേറിന്റെ മണമുള്ള ചെന്താമരപ്പെണ്ണിൻ മാറത്ത് പ്രണയത്തിൻ കേളികൊട്ട് ! മാനത്തെ മാളോന്റെ പാടത്തെപൊന്നാര്യൻ താളത്തിലാടുമ്പോൾ, കൊടിയുടുത്തു വെൺ മേഘത്തിൻ പന്തലിൽ മോഹക്കാറെത്തുമ്പോൾ, നാണംപുരണ്ട ചിരിയുമായ് താരകൾ പൂവിളി പാടുമ്പോൾ, താലിയണിഞ്ഞു തരളിതയായിവൾ വ്രീളാവിവശയാകും, മാരന്റെ മാറിൽപ്പടർന്നു കേറും ! താരകപ്പൂചൂടി താളത്തിൽ, മേളത്തിൽ രാവുകൾപാടുമ്പോൾ, താമരപ്പൂമണ – ക്കാറ്റിന്റെയോരത്തു ചാരത്തിരിക്കുമ്പോൾ, രോമാഞ്ച തീരത്തിലാരാരും കാണാത്ത പൂവിതൾ നോവുമ്പോൾ, ആദ്യത്തെ രാത്രിയി ലാനെഞ്ചിൻ ചൂടിലോ – രാവണിപ്പൂവാകും, പിന്നെ രാവാകെ വീണുറങ്ങും !!

മാറ്റത്തിന്റെ കാറ്റ് വരുന്നുണ്ട് ! (കവിത): ജയൻ വർഗീസ്

ഒരു പരമാണുവായലയുമ്പോൾ സ്വപ്‌നങ്ങൾ – ക്കൊരു ചേലുമില്ലായിരുന്നു ; ഒരു നിമിഷത്തിന്റെ പാതിയിൽ പ്രേമത്താ- ലൊരുമിച്ചു ചേരും വരേയ്ക്കും ! അവിടെയന്നാദ്യമായ് ഹൃദയ വികാരങ്ങ – ളനുഭൂതി വാരിപ്പുണർന്നു ! ഒരുമിച്ച ജീവൽ- ത്തുടിപ്പുകൾ കാലത്തിൻ തിരമാല നീന്തിക്കടന്നു ! ഒടുവിൽ ഒരത്ഭുത പരിണാമ പടുതിയിൽ ഒരു ജീവ കോശം മുളച്ചു അഭിലാഷമൊരു. പിടി പൂക്കളായ് മനസ്സെന്ന വനികയിൽ വന്നു നിറഞ്ഞു പ്രണയമായ് ഇണകളിൽ നിറയുന്ന രതികളിൽ തലമുറ കോപ്പികൾ വീണ്ടും ! വരികയാ‌ണെവിടെയൂം പരിണാമ പരിണയ നിരകളാം ഋതു ഭേദങ്ങൾ മനുഷ്യാഭിലാഷങ്ങൾ ഇതളിട്ടു വിരിയുന്ന യുഗ സംക്രമപ്പൂക്കളാകാൻ ! അതിരുകൾക്കപ്പുറ – ത്താകാശകുടയുടെ യടിയിലെ യശനി പാതങ്ങൾ അപരനെ കരുതുന്ന മനുഷ്യ മേധത്തിന്റെ കുതിരക്കുളമ്പടി യാകും !!

പ്രണയ സാഫല്യം (കവിത): ജയൻ വർഗീസ്

ആകാശ ഗംഗയിലോളം മുറിച്ചെത്തീ സൂര്യ കുമാരന്റെ തോണി തീരത്ത് നാണത്തിൻ നീല നിലാവല- ത്താഴത്ത് ‌ ഭൂമിക്കിടാത്തി തേജസാമാമുഖ ശോഭയിൽ പെണ്ണിന്റെ മാറത്തു പ്രേമ വികാരം നാണിച്ചു ദർഭ മുന കൊണ്ട ഭാവത്തി- ലാ രൂപം വീണ്ടും നുകർന്നു. മേഘങ്ങൾ വണ്ടുകൾ മൂളിപ്പറന്നെത്തി യോമലെ തൊട്ടുരുമ്മുമ്പോൾ ഓടിഒപ്പിടഞ്ഞെത്തി യോടിച്ചാ നാണത്തെ മാറോടു ചേർത്തു പുണർന്നു ! തോഴിമാർ പോലുമറിഞ്ഞില്ല കന്യകാ ബീജാപദാന സുഷുപ്തി . ജീവൻ ! പ്രപഞ്ച മഹാ വന സൗഭാഗ്യ കാലടി പിച്ച വയ്ക്കുന്നു ! കോരിത്തരിച്ചു പോയ് ഭൂമി – യിവൾ തന്റെ മാറിലെ ചൂടിൽ വളർത്തി കോടി യുഗങ്ങൾ വിരിയിച്ച സ്വപ്‌നങ്ങൾ യാഥാർഥ്യമായതറിഞ്ഞു ! ഇല്ല മറ്റെങ്ങുമില്ലാ യിതു പോലൊരു ജന്മ സാഫല്യ പ്രപഞ്ചം ! നിത്യ സുഗന്ധിയാം സുന്ദരി ഭൂമിക്ക് കിട്ടിയ മുത്താണ് ജീവൻ !

അതിരുകളിൽ പിടയുന്ന ആത്മ വേദനകൾ ! (കവിത): ജയൻ വർഗീസ്

അടുത്ത നേരത്തെ ആഹാരത്തിനുള്ള അനിശ്ചിതത്വത്തിൽ അര വയറിൽ മുണ്ടു മുറുക്കുന്ന നിസ്സഹായൻ, അവനിൽ കെടാതെ വിശപ്പിന്റെ കനൽ നീറ്റൽ ! പ്ലാവിൽ പഴുത്ത ചക്കയുണ്ടെന്നു വിളിച്ചറിയിച്ച സഹ ചകോരത്തിന്റെ പ്രലോഭനത്തിൽ മുള്ളും മുരിക്കും മൂർഖൻ പാമ്പും താണ്ടി മുൻപിൻ നോക്കാതെ. ഇങ്ങോട്ട് ! അതിരുകളുടെയും നിയമങ്ങളുടെയും അജ്ഞാത ചക്രങ്ങൾക്കിടയിൽ കുടുങ്ങി ചതഞ്ഞരഞ്ഞ്‌ അവകാശങ്ങൾ നിഷേധിക്കപ്പെട്ട അടിമയെപോലെ ഭയത്തിന്റെ ചങ്ങലയിൽ തളയ്ക്കപ്പെട്ടു ജീവിതം ? ആട്ടിയോടിക്കപ്പെടുന്നവരുടെ അങ്കലാപ്പിൽ ജീവൻ തുടിക്കുന്ന മുട്ടയും നെഞ്ചിൽ താങ്ങി കൂടൊഴിയുന്ന കൂനൻ ഉറുമ്പുകളെപ്പോലെ അതിരുകൾ തേടി ഒടുക്കം എങ്ങോട്ടോ മടക്കം ? പിന്നിൽ ഉലയുന്ന കുഞ്ഞു കൂട്ടിൽ പിരിയുന്ന പിഞ്ചോമനകളുടെ മൃദു കുറുകലുകൾ , ഇക്കരെ ഒറ്റപ്പെടുന്ന ഇണപ്പക്ഷിയുടെ ഇടനെഞ്ചിൻ വീണു മയങ്ങുമ്പോൾ ആരാരും അറിയാതെ പോകുന്ന മനുഷ്യാവകാശങ്ങൾ ആരുടേതുമല്ലാത്ത ആകാശത്തിന്നടിയിൽ അതിരുകൾ വരച്ചു വച്ചവന്റെ നീതിശാസ്ത്രം ആഗോള മനുഷ്യന്റെ അവകാശങ്ങളുടെ ശവക്കോട്ടകളിൽ…

റിമാൻഡ് ! (കവിത): ജയൻ വർഗീസ്

കുണ്ടു കിണറ്റിലെ തവളകളുച്ചത്തിൽ മണ്ഡൂക രാഗങ്ങൾ പാടുപ്പുളയ്ക്കവേ, ഷണ്ഡനൊരുത്തനാ വാതിൽപ്പുറങ്ങളിൽ കുന്തം പിടിച്ചൊരാ ദ്വാരകാ പാലകൻ എന്തൊരു ചന്തമാണിപ്പാട്ടി നെന്നൊരു ചിന്തയിൽ ഷണ്ഡൻ തല കുലുക്കീടവേ, ഹന്ത ! മഹാരാജ പുംഗവൺ ക്രീഡയിൽ പള്ളിയുറങ്ങുവാനെത്തീ യകങ്ങളിൽ ! അന്തഃപുരത്തിനു കാവലായ് നിർത്തിയ ഷണ്ഡൻ ചിരിച്ചത് കുറ്റമായ് ഖഡ്ഗത്തിന്റെ വെള്ളിപ്പുളപ്പിൽ തല തെറിച്ചപ്പോളും പല്ലിളിച്ചാ മുഖം ചുമ്മാ റിമാണ്ടിലായ്

മരണ പാശങ്ങളിൽ അകപ്പെട്ട് മലയാളം (കവിത): ജയൻ വർഗീസ്

മാനസ സരോവരങ്ങൾക്കരികിലായ് തുഞ്ചന്റെ പാടുന്ന തത്തേ മലയാള മനോഹരീ , മാവിന്റെ പൂവിൻ മണം പേറി മകരമാം മധുവിധുവുണ്ണുന്ന കുളിരായിരുന്നു നീ ! എവിടെ നിൻ ചെഞ്ചുണ്ടി ലടരുന്ന തേൻകണം എവിടെ നിൻ ഉലയുന്ന മാറിട ശിഞ്ജിതം, ഏഴിലം പാലപ്പൂ ചൂടും നിൻ വാർമുടി യേതോ ഗതകാല നോവ് പോൽ മൽസഖീ ? പ്രേമിച്ചു പ്രേമിച്ചു നിന്നെയെൻ ജീവിത പാതിയായ് സ്വീകരിച്ചാനയിച്ചീടവേ, കാമം കനത്തവർ മേലാള വേട്ടയി – ലോമൽ തിടമ്പേ നീ യെങ്ങോ മറഞ്ഞു പോയ് ! പോരൂ പ്രിയപ്പെട്ട പക്ഷീ യെന്നോതിയെൻ ചേതന വീണ്ടും ചിറകിട്ടടിക്കവേ, പോരുവാനാകുമോ യന്തപ്പുരങ്ങളിൽ വാളുമായ് ഷണ്ഡന്മാർ കാവലായ് നിൽക്കവേ ? വാടിക്കരിഞ്ഞ മലർച്ചെണ്ടായ് മാറിയോ ക്രൂര ബലാൽസംഗ ശേഷിപ്പ് പോലെ നീ ? കാലം വിളിച്ചാൽ ഫിനിക്‌സായി വീണ്ടുമെൻ ചാരത്തണയുമോ മുഗ്ദ സ്വപ്നങ്ങളായ് ?  

ശ്രീ ഭൂത നാഥാ നമോ! (കവിത): തൊടുപുഴ കെ ശങ്കർ, മുംബൈ

മഹിഷീ മർദ്ദനമാടുവാൻകലിതൻ കാഠിന്യമാറ്റീടുവാൻ മഹിയിൽ ജന്മമെടുത്ത ഭഗവാൻ ശ്രീ ഭൂത നാഥാ നമോ! അർപ്പിപ്പൂ മമ ജന്മമാകെയടിയൻ തൃപ്പാദ പദ്മങ്ങളിൽ, അർത്ഥിപ്പൂ,സുഖസൗഖ്യമാർക്കുമരുളും നിൻ ഹൃദ്യമന്ദസ്മിതം! വർഷിപ്പൂ ജനകോടി നിന്റെ നടയിൽ പാദാരവിന്ദങ്ങളിൽ, വർഷം തോറു മുദാരമായി മുറപോൽ നെയ്യും നിവേദ്യങ്ങളും! വർണ്ണിപ്പൂ, കവിശ്രേഷ്ഠർ നിന്നെ മിഴിവിൽ വൈവിദ്ധ്യ ഭാവങ്ങളിൽ, വാഴ്ത്തുന്നു ജഗമാകെ നിന്റെ കൃപയും നിൻ സൃഷ്ടി മാഹാത്മ്യവും! സകലരാധിത ദേവനായി മലയിൽ സമ്പൂർണ്ണ തേജസ്വിയായ്, മകരജ്യോതിയുമേറ്റി വച്ചു വിലസും സർവ്വാത്മ ചൈതന്യമേ, വർത്തിക്കേണമീപ്പതിനെട്ടു പടികൾ സന്മാർഗ്ഗ സോപാനമായ്, വർദ്ധിക്കേണമിഹത്തിലാകെ മേന്മേൽ ആനന്ദ മൈശ്വര്യവും!

പിഴച്ചു പോയ പ്രപഞ്ച നിർമ്മാണ തന്ത്രം ? (കവിത): ജയൻ വർഗീസ്

ഘടിപ്പിക്കപ്പെട്ടത് വിഘടിപ്പിക്കപ്പെടുമ്പോൾ ഉണ്ടാവുന്ന കഠിന വേദന അതാണ് മരണം നമുക്ക് സമ്മാനിക്കുന്ന മഹാ ദുരന്തം ! നിലത്തെ പൊടിയുടെ നിശ്ചലനാവസ്ഥയിൽ നിന്ന് സ്വപ്നങ്ങളുടെ സജീവ ചലനങ്ങളോടെ എന്തിനായിരുന്നു ഈ കൂട്ടിച്ചേർക്കൽ ? മനുഷ്യ പരിണാമത്തിന്റെ നട വഴികളിൽ എനിക്കറിയുന്ന എന്റെ ബോധാവസ്ഥയായി എന്തിനീ നക്ഷത്ര പിണ്ഡത്തിൽ തേനും വയമ്പും സംക്രമിപ്പിച്ചു ? ദള പുടങ്ങളുടെ അതി നിർമ്മലതയിൽ കിനിഞ്ഞു നിന്ന തേൻ തുള്ളികളിൽ എന്തിന് സ്നേഹത്തിന്റ വർണ്ണ രേണുക്കൾ പുരട്ടി മോഹിപ്പിച്ചു ? ബന്ധങ്ങളുടെ ബന്ധനങ്ങൾ അടർത്തി മാറ്റി കണ്ണീർപ്പൂവുകളുടെ തുലാഭാരം നടത്തി പിൻ വാങ്ങുന്നു എന്നാണെങ്കിൽ പ്രപഞ്ച സംവിധാനങ്ങളുടെ മാസ്റ്റർപ്ലാൻ പിഴച്ചു പോയില്ലേ എന്ന സംശയമുദിക്കുന്നു ? ആട്ടിൻ കുട്ടികളെ വേട്ടയാടുന്ന കാട്ടു വ്യാഘ്രങ്ങൾക്ക് വേണ്ടിയായിരുന്നെങ്കിൽ പരിണാമത്തിന്റെ പരമ്പരകളിൽ ധർമ്മികതയുടെ കണികാ വസന്തങ്ങളെവിടെ ? ആത്മ സ്നേഹത്തിന്റെ അകിടുകളിൽ നിന്ന് അലിവിന്റെ പാൽ ചുരത്തുന്ന അമ്മ…

നാട്ടുവഴി (കവിത): ഫ്രാൻസിസ് എ തോട്ടത്തിൽ, ഡാളസ്

ഇടവഴി നടവഴി തൊടിവഴി നടന്നു ഇടം വലം ചെടി കൊടി വള്ളിച്ചെടി ഇടം കൈ വാഴത്തളിരില തലോടി വലം കൈ വർണപ്പൂക്കൾ തലോടി.. ഇടമിഴി ഇനിയൊരു മറുവഴിയിൽ ഇലഞ്ഞിക്കനികൾ കുല കുലയായ് ആഞ്ഞിലി ഇലഞ്ഞി തുടു തുടു കനികൾ! മാവിൽ മാമ്പൂ കുലനിരകൾ… കാണാൻ കൊതിച്ചൂ മിഴി-നടയായ്…. വലം മിഴി മെല്ലെ തുടിച്ചു ചെന്നു- തെങ്ങോല മേഞ്ഞൊരാ ചേലുള്ള വീട്, മുറ്റത്തെ ചെന്തെങ്ങിൽ ചെങ്കുടങ്ങൾ! ഇടമിഴി മറുവഴി നടന്നു നീളേ…. ഇരു നിര നിരയായ് കരിമ്പനകൾ- പനയിൽ തൂങ്ങും നൊങ്കിൻ കുലകൾ, തൂങ്ങിത്തുടിപ്പൂ തുരന്നു നുണയാൻ …. വരമ്പിൽ നിര! നിര! വയൽപ്പൂക്കൾ! ഇരുമിഴി , ഇടം വലം കാറ്റിലാടും- വയൽച്ചെടിപ്പൂക്കൾ വരമ്പത്തിരുവശം, ചാഞ്ചാടി ചാഞ്ചാടി നൃത്തമാടിടുന്നൂ… നിറകതിർ പാടങ്ങൾ കുണുങ്ങിയാടും പൊന്നലക്കാഴ്ച കണ്ടു മനം കുളിച്ചും കാഞ്ചനപ്രഭയിൽ മിഴിനടനീട്ടി ഞാൻ, നോക്കെത്താ നടവരമ്പിൽ നടന്നുപോയീ…