ഷിക്കാഗോയില്‍ കാറപകടത്തില്‍ രണ്ട് ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ മരിച്ചു

ഷിക്കാഗോ: ഷിക്കാഗോയില്‍ രണ്ടു വാഹനങ്ങള്‍ തമ്മില്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ട് ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ മൂന്നുപേര്‍ മരിച്ചു. മൂന്നു വിദ്യാര്‍ഥികളെ പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരുക്കേറ്റ ഒരു ഇന്ത്യന്‍ വിദ്യാര്‍ഥിയുടെ നില ഗുരുതരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. തെലങ്കാനയില്‍ നിന്നുള്ളവരാണിവര്‍.

കാര്‍ബന്‍ഡയ്ല്‍ സതേണ്‍ യൂണിവേഴ്‌സിറ്റി കംപ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ഥികളായ പവന്‍ സ്വര്‍ണ(23), വംഷി കെ. പിച്ചെട്ടി(23) എന്നിവരും ഡ്രൈവര്‍ മിസ്സോറിയില്‍ നിന്നുള്ള മേരി മ്യൂണിയറുമാണു (32) മരിച്ചത്. മൂവരും സംഭവ സ്ഥലത്തു വച്ചു തന്നെ മരിച്ചിരുന്നു. യശ്വന്ത്(23), കല്യാണ്‍ ഡോര്‍ന്ന(24), കാര്‍ത്തിക് (23) എന്നിവര്‍ക്കാണ് പരുക്കേറ്റത്. ഇതില്‍ കാര്‍ത്തിക്കിന്റെ പരുക്ക് ഗുരുതരമാണ്. അപകടത്തില്‍ മരിച്ച വിദ്യാര്‍ഥികളോടുള്ള ആദരസൂചകമായി ക്യാംപസ് ലേക്കിനു സമീപമുള്ള ബെക്കര്‍ പവിലിയനു മുമ്പില്‍ വെള്ളിയാഴ്ച വൈകിട്ടു പ്രാര്‍ഥന സംഘടിപ്പിച്ചു.

ഏപ്രില്‍ 21 വ്യാഴാഴ്ച രാവിലെയായിരുന്നു അപകടം. ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ സഞ്ചരിച്ചിരുന്ന കാറില്‍ മറ്റൊരു കാര്‍ വന്നിടിക്കുകയായിരുന്നു.വന്നിടിച്ച കാര്‍ ഓടിച്ചിരുന്ന ഡ്രൈവര്‍ക്കു വണ്ടിയുടെ നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകടത്തിനു കാരണമെന്നു പൊലിസ് പറയുന്നു.

സമര്‍ഥരായ വിദ്യാര്‍ഥികളുടെ ആകസ്മിക വിയോഗത്തില്‍ യൂണിവേഴ്‌സിറ്റി ചാന്‍സലര്‍ ഓസ്റ്റിന്‍ എ. വെയ്ന്‍ അനുശോചനം അറിയിച്ചു.

Print Friendly, PDF & Email

Leave a Comment

More News