ന്യൂയോര്‍ക്ക് നഗരത്തില്‍ കോവിഡും ഫ്ലൂവും പടരുന്നു; മാസ്‌ക് ധരിക്കണമെന്ന് സിറ്റി അധികൃതര്‍

ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്ക് സിറ്റിയില്‍ കോവിഡും, ഫ്ലൂവും, ആര്‍.എസ്.വിയും വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ ഇന്‍ഡോറിലും പുറത്തും ആളുകള്‍ കൂടി വരുന്ന മറ്റിടങ്ങളിലും ഉയര്‍ന്ന നിലവാരമുള്ള മാസ്‌കുകള്‍ ധരിക്കണമെന്ന് ഡിസംബര്‍ ഒമ്പതിന് വെള്ളിയാഴ്ച സിറ്റി അധികൃതര്‍ പൊതുജനങ്ങളോട് അഭ്യര്‍ഥിച്ചു.

ന്യൂയോര്‍ക്ക് സിറ്റിയില്‍ പുറത്തുനിന്നു വരുന്നവര്‍, കടകളില്‍ പോകുന്നവര്‍, ഓഫീസിലേക്ക് പോകുന്നവര്‍ മാസ്‌ക് ധരിക്കണമെന്ന് സിറ്റി ഹെല്‍ത്ത് കമ്മീഷണര്‍ ഡോ. അശ്വിന്‍ വാസന്‍ ആവശ്യപ്പെട്ടു.

കോവിഡ് വാക്‌സിന്‍ സ്വീകരിച്ചവരും മാസ്‌ക് ധരിക്കണമെന്നും, ഹെല്‍ത്ത് കെയര്‍ ജീവനക്കാക്കും, നഴ്‌സിംഗ് ഹോം ജീവനക്കാര്‍ക്കും മാസ്‌ക് നിര്‍ബന്ധമാണെന്നുമുള്ള വ്യവസ്ഥ നിലനില്‍ക്കുന്നുണ്ടെന്നും കമ്മീഷണര്‍ കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ രണ്ട് ആഴ്ചകളായി സിറ്റിയില്‍ 65 ശതമാനമാണ് കോവിഡ് കേസുകളുടെ വര്‍ധനയെന്നും, 20 ശതമാനം പേരെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിട്ടുണ്ടെന്നും ഈയിടെ പുറത്തിറക്കിയ ഡേറ്റയില്‍ പറയുന്നു.

ഫ്‌ളൂ കേസുകള്‍ ഡിസംബര്‍ മൂന്നിന് അവസാനിക്കുന്ന ആഴ്ചയില്‍ 64 ശതമാനമാണ് വര്‍ധിച്ചിരിക്കുന്നത്. ഭൂരിപക്ഷം ന്യൂയോര്‍ക്ക് നിവാസികളും വാക്‌സിന്‍ സ്വീകരിച്ചിട്ടുണ്ടെന്നും 40 ശതമാനം പേര്‍ ബൂസ്റ്റര്‍ ഡോസ് സ്വീകരിച്ചിട്ടുണ്ടെന്നും സിറ്റി അധികൃതര്‍ പറഞ്ഞു. വിന്റര്‍ സീസണില്‍ കോവിഡ് വ്യാപനം കൂടാന്‍ സാധ്യതയുണ്ടെന്നും അറിയിപ്പില്‍ പറയുന്നു.

Print Friendly, PDF & Email

Leave a Comment

More News