തിരുവനന്തപുരം: വയനാട് ജില്ലയിലെ മുൻ മെന്റർ അദ്ധ്യാപകർ നടത്തുന്ന സമരത്തെക്കുറിച്ച് പട്ടികജാതി, പട്ടികവർഗ, പിന്നാക്ക വിഭാഗ ക്ഷേമ മന്ത്രി കെ എ തുളസി സമര സമിതി നേതാക്കളുമായി ചർച്ച നടത്തി. മുൻ മെന്റർ അദ്ധ്യാപകർക്ക് തുടര്‍ നിയമനം നൽകണമെന്നും, പ്രായപരിധി കഴിഞ്ഞവർക്ക് അപേക്ഷിക്കാൻ അവസരം നൽകണമെന്നും ആവശ്യപ്പെട്ടായിരുന്നു സമരം. തിരുവനന്തപുരത്തെ മന്ത്രിയുടെ ഓഫീസിൽ നടന്ന സൗഹൃദ ചർച്ചയിൽ ഉദ്യോഗാർത്ഥികളുടെ ആശങ്കകൾ പരിഹരിക്കുമെന്ന് സർക്കാർ ഉറപ്പ് നൽകി.
മുൻ വർഷങ്ങളിൽ ജോലി ചെയ്തിരുന്ന മെന്റർ ടീച്ചർമാർക്ക് അവർ സമർപ്പിക്കുന്ന സാക്ഷ്യപത്രത്തിന്റെ അടിസ്ഥാനത്തിൽ അത് അനുഭവ പരിചയമായി കണക്കാക്കി ഇന്റർവ്യൂവിൽ പ്രത്യേക മാർക്ക് നൽകാൻ ചർച്ചയിൽ തീരുമാനമായി. പ്രത്യേക സമുദായങ്ങൾക്കായി നീക്കിവെച്ചിട്ടുള്ള തസ്തികകളിൽ ആ സമുദായത്തിൽപ്പെട്ട നിശ്ചിത യോഗ്യതയുള്ളവരെ ലഭ്യമാകാത്ത പക്ഷം, മറ്റ് സമുദായങ്ങളിലെ യോഗ്യതയുള്ളവരെ ആദ്യം പരിഗണിക്കും. ഇതിന് ശേഷം മാത്രമായിരിക്കും അതത് സമുദായത്തിലെ കുറഞ്ഞ യോഗ്യതയുള്ളവരെ പരിഗണിക്കുകയുള്ളൂ.
തച്ചനാടൻ മൂപ്പൻ, കാടർ, കരിമ്പാലൻ തുടങ്ങിയ എല്ലാ പട്ടികവർഗ്ഗ വിഭാഗങ്ങൾക്കും അതത് പ്രദേശങ്ങളിൽ അപേക്ഷിക്കാനുള്ള അവസരം ഉറപ്പാക്കും. കഴിഞ്ഞ അധ്യയന വർഷത്തിലെ (03/02/2026-ലെ ഉത്തരവ് പ്രകാരമുള്ള) കുടിശ്ശികയായ വേതനം ഉടനടി കൊടുത്തുതീർക്കാൻ അടിയന്തിര നിർദ്ദേശം നൽകുമെന്നും മന്ത്രി അറിയിച്ചു.
ചർച്ചയിൽ സമരസമിതിയെ പ്രതിനിധീകരിച്ച് മുൻ എം.എൽ.എ സി.കെ. ശശീന്ദ്രൻ, കെ. അപ്പച്ചൻ, അഞ്ജലി വി.ജി., ദേവകി വി.എ., അനീഷ എൻ., ശ്രീജ സി.ബി. എന്നിവരും സർക്കാരിനെ പ്രതിനിധീകരിച്ച് പട്ടികജാതി പട്ടികവർഗ്ഗ വികസന വകുപ്പ് സെക്രട്ടറി ഡോ. എ. കൗശികൻ, പട്ടികവർഗ്ഗ വികസന ഡയറക്ടർ ഡോ. മിഥുൻ പ്രേംരാജ് എന്നിവരും പങ്കെടുത്തു.
പിആര്‍ഡി, കേരള സര്‍ക്കാര്‍
