തിരുവനന്തപുരം: മയക്കുമരുന്ന് ദുരുപയോഗത്തിനെതിരായ പോരാട്ടത്തിൽ വൊളണ്ടിയർമാരായി മുന്നോട്ട് വരാൻ കുട്ടികളോട് മുഖ്യമന്ത്രി വി ഡി സതീശൻ അഭ്യർത്ഥിച്ചു. അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് എക്സൈസ് വകുപ്പും വിശ്വശാന്തി വികസന ഫൗണ്ടേഷനും സംയുക്തമായി കവടിയാറിൽ സംഘടിപ്പിച്ച ബോധവൽക്കരണ റാലിയുടെ ഫ്ലാഗ് ഓഫ് ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലഹരി ഉപയോഗം തകർക്കുന്നത് ഒരു വ്യക്തിയെ മാത്രമല്ലെന്നും അതിലൂടെ ഒരു കുടുംബവും സമൂഹവും നാടും മൊത്തത്തിൽ പ്രതിസന്ധിയിലാകുന്ന സാഹചര്യമാണുണ്ടാകുന്നതെന്നും മുഖ്യമന്ത്രി ഓർമ്മിപ്പിച്ചു. കുട്ടികൾ മാതാപിതാക്കളുടെ മാത്രമല്ല, നാടിന്റെ തന്നെ പ്രതീക്ഷയാണ്. ലഹരിമാഫിയയെ നാടുകടത്താൻ സർക്കാർ ഏറ്റവും ശക്തമായ നടപടികളുമായി മുന്നോട്ട് പോകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
അന്താരാഷ്ട്ര ലഹരി ശൃംഖലകൾ ശക്തിപ്രാപിക്കുന്ന സാഹചര്യത്തിൽ മയക്കുമരുന്ന് മാഫിയയെ കൂടുതൽ കാര്യക്ഷമമായി ചെറുക്കുന്നതിനായി സംസ്ഥാനത്ത് പ്രത്യേക ‘സ്റ്റേറ്റ് നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ’ രൂപീകരിക്കുമെന്ന് ചടങ്ങിൽ സംസാരിച്ച എക്സൈസ് വകുപ്പ് മന്ത്രി എം. ലിജു പ്രഖ്യാപിച്ചു.
ലഹരിവിരുദ്ധ പ്രവർത്തനങ്ങൾ ദീർഘകാല അടിസ്ഥാനത്തിൽ ഏകോപിപ്പിക്കുന്നതിനായി ‘മയങ്ങില്ല കേരളം’ പോർട്ടൽ ആരംഭിക്കുമെന്നും മന്ത്രി അറിയിച്ചു. സമൂഹത്തിന്റെ വിവിധ മേഖലകളെ പരസ്പരം ബന്ധിപ്പിച്ച്, ബോധവൽക്കരണവും പ്രതിരോധ പ്രവർത്തനങ്ങളും ജനങ്ങളിലേക്ക് കൂടുതൽ വ്യാപിപ്പിക്കുന്നതിനാണ് ഈ പോർട്ടൽ ലക്ഷ്യമിടുന്നത്.
കവടിയാറിൽ നിന്ന് ആരംഭിച്ച് കനകക്കുന്ന് കൊട്ടാരത്തിൽ അവസാനിച്ച ബോധവൽക്കരണ റാലിയിൽ മാസ് റൺ, ബൈക്ക് റാലി, സൈക്കിൾ റാലി, റോളർ സ്കേറ്റിംഗ് തുടങ്ങി വിവിധ പരിപാടികൾ നടന്നു. ലഹരി വിരുദ്ധ സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നതിനായി നടത്തിയ പരിപാടിയിൽ എക്സൈസ് കമ്മീഷണർ ശ്രീറാം സാംബശിവ റാവു, കൗൺസിലർ ശബരിനാഥൻ കെ.എസ്, വിശ്വശാന്തി ഡെവലപ്മെന്റ് ഫൗണ്ടേഷൻ മാനേജിംഗ് ഡയറക്ടർ മേജർ രവി എന്നിവർ പങ്കെടുത്തു.
പിആര്ഡി, കേരള സര്ക്കാര്
