തിരുവനന്തപുരം: ഫിഫ ലോക കപ്പിനോട് അനുബന്ധിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ് സംഘടിപ്പിച്ച ‘വൺ മില്യൺ തൂഫാൻ ഗോളുകൾ @ വേൾഡ് കപ്പ് 2026’ എന്ന കാമ്പയിൻ ചരിത്ര നേട്ടം കൈവരിച്ചു. കാമ്പയിൻ ആരംഭിച്ച് വെറും പത്ത് പ്രവൃത്തി ദിവസങ്ങൾക്കുള്ളിൽ (ജൂൺ 25), ജൂൺ 11 മുതൽ ജൂലൈ 20 വരെ കേരളത്തിലെ സ്കൂളുകൾ ഒരു മില്യൺ ഗോളുകൾ നേടുക എന്ന ലക്ഷ്യം കൈവരിച്ചു. ജൂൺ 25 ന് വൈകുന്നേരം 5 മണി വരെയുള്ള ഔദ്യോഗിക കണക്കുകൾ പ്രകാരം സംസ്ഥാനത്തെ സ്കൂളുകളിൽ നിന്ന് 10,67,038 ഗോളുകൾ നേടി.
‘ധീരമായി കളിക്കുക, ശുദ്ധിയായി ജീവിക്കുക, ഒരുമിച്ച് ജയിക്കുക’ എന്ന ശക്തമായ ലഹരിവിരുദ്ധ സന്ദേശമുയർത്തി ജൂൺ 10-നാണ് ഈ കായിക മുന്നേറ്റത്തിന് തുടക്കം കുറിച്ചത്. ആഭ്യന്തര വകുപ്പിന്റെ ലഹരി വിരുദ്ധ പദ്ധതിയായ ‘പ്രോജക്ട് തൂഫാനു’മായി കൈകോർത്ത് പൊതുവിദ്യാഭ്യാസ വകുപ്പ് നടത്തിയ പദ്ധതി ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തലയും പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി എൻ. ഷംസുദ്ദീനും ചേർന്നാണ് ഉദ്ഘാടനം ചെയ്തത്.
ക്യാമ്പയിനിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടി നിലവിൽ മലപ്പുറം ജില്ലയാണ് മുന്നിൽ നിൽക്കുന്നത്. മലപ്പുറം 2,19,225, ആലപ്പുഴ 1,58,761, തൃശൂർ 1,20,870 എന്നിങ്ങനെയാണ് മുൻപന്തിയിലുള്ള ജില്ലകൾ സ്‌കോർ ചെയ്ത ഗോളുകൾ. സ്‌കൂളുകളും ജില്ലകളും തിരിച്ച് സ്‌കോറുകൾ തത്സമയം പൊതുജനങ്ങൾക്ക് കാണാൻ കൈറ്റ് പ്രത്യേകമായി https://goal2026.kite.kerala.gov.in/എന്ന വെബ്‌സൈറ്റ് സജ്ജമാക്കിയിട്ടുണ്ട്. ഗോളുകൾ രേഖപ്പെടുത്തുന്നതിനൊപ്പം സ്‌കൂളുകളുടെ ലഹരിവിരുദ്ധ പ്രവർത്തനങ്ങൾ ‘സ്‌കൂൾവിക്കി’ പോർട്ടലിലും (www.schoolwiki.in) കൃത്യമായി ഉൾപ്പെടുത്തിയിട്ടുണ്ട്. ലഹരിയെ മറികടന്ന് ‘ശുദ്ധമായ ജീവിതത്തിലേക്ക്’ ഗോളടിക്കാൻ ഓരോ സ്‌കൂളിലും താല്ക്കാലിക ‘തൂഫാൻ ഗോൾ പോസ്റ്റുകൾ’ സ്ഥാപിച്ചാണ് പെനാൽറ്റി കിക്കുകൾ സംഘടിപ്പിച്ചത്.
ലോക ലഹരി വിരുദ്ധ ദിനാഘോഷത്തിന്റെ ഭാഗമായി കൈറ്റ് വിക്ടേഴ്‌സ് ചാനൽ വഴി മുഴുവൻ വിദ്യാർത്ഥികളെയും ആഭ്യന്തര-വിജിലൻസ് വകുപ്പ് മന്ത്രിയും പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രിയും സംയുക്തമായി അഭിസംബോധന ചെയ്തു. കുട്ടികൾ ലഹരി വിരുദ്ധ തൂഫാൻ വോളണ്ടിയർമാരാവണമെന്ന് മന്ത്രി രമേശ് ചെന്നിത്തല ആഹ്വാനം ചെയ്തു. നിശ്ചിത സമയത്തിന് മുൻപേ പത്തു ലക്ഷം ഗോളുകൾ എന്ന ലക്ഷ്യം പൂർത്തിയാക്കിയതിന് മുഴുവൻ സ്‌കൂളുകളെയും അഭിനന്ദിച്ച പൊതുവിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ, ലഹരിവിരുദ്ധ പ്രവർത്തനങ്ങൾ വിദ്യാലയങ്ങളിൽ സ്ഥായിയായി നിലനിർത്തണമെന്നും ആവശ്യപ്പെട്ടു.
പരിപാടിയുടെ തുടർച്ചയായ പ്രവർത്തനങ്ങളുടെ ഭാഗമായി, സ്കൂളുകളിൽ ‘ടീം തൂഫാൻ’ പിയർ ഗ്രൂപ്പുകൾ രൂപീകരിക്കും. കൂടാതെ, ലഹരി വിരുദ്ധ തെരുവ് നാടകങ്ങൾ, റീൽസ് മത്സരങ്ങൾ, ഡിജിറ്റൽ പോസ്റ്ററുകൾ എന്നിവയിലൂടെ വിപുലമായ അവബോധം തുടരും. സ്കൂളുകൾ പോർട്ടലിൽ ഗോൾ സ്കോറുകൾ രേഖപ്പെടുത്തുന്നത് തുടരുമെന്ന് കൈറ്റ് സിഇഒ കെ. അൻവർ സാദത്ത് പറഞ്ഞു.
പിആര്‍ഡി, കേരള സര്‍ക്കാര്‍
