“നമ്മള്‍ വിദ്യാര്‍ത്ഥികള്‍ അസ്വസ്ഥരാണ്?”
“അതെന്തിനാ മാഷേ-ഈ ‘നമ്മള്‍ വിദ്യാര്‍ത്ഥികള്‍’ അസ്വസ്ഥരാകുന്നത്?”
“ഉത്തമാ! നീ മാഷിന്‍റെ സ്റ്റഡി ക്ലാസ്സില്‍ പങ്കെടുക്കാത്തതുകൊണ്ടാണ് നിനക്കിതൊന്നും മനസ്സിലാകാത്തത്”
“എന്നാല്‍, കോട്ടപ്പള്ളി പറ, എന്തിനാണ് നമ്മള്‍ അസ്വസ്ഥരാകുന്നത്?”

കോട്ടപ്പള്ളി ദയനീയമായി മാഷിന്‍റെ മുഖത്തേക്ക് നോക്കി. സത്യം പറഞ്ഞാല്‍ മാഷിനുപോലും, മാഷ് പറയുന്നതിന്‍റെ അര്‍ത്ഥം പലപ്പോഴും പിടി കിട്ടുകയില്ല.
“നിങ്ങള്‍ സര്‍ക്കാര്‍ പരിപാടിയില്‍ വന്ദേമാതരം പൂര്‍ണ്ണമായി ചൊല്ലിയത് കേട്ടില്ലേ?”
“അതിന് നമ്മള്‍ക്കെന്നാ? നമ്മളാരും അവിടെ പോയില്ലല്ലോ!”
“നമ്മള്‍ അവിടെ പോയോ ഇല്ലയോ എന്ന ചോദ്യത്തിന് പ്രസക്തിയില്ല. ഇത് ആര്‍എസ്എസ് അജണ്ടാ നടപ്പാക്കാനുള്ള ഒരു പദ്ധതിയാണ്. ഇതിനെതിരെ നമ്മള്‍ ശക്തമായ സമരം നടത്തണം. സര്‍ക്കാരിനെതിരെ സമരം ചെയ്യുവാനുള്ള ഒരു അവസരവും നമ്മള്‍ പാഴാക്കരുത്.”
(സത്യം പറഞ്ഞാല്‍ ഈയുള്ളവനും ‘വന്ദേമാതരം’ എന്ന ഗാനം പൂര്‍ണ്ണമായി പൊതുപരിപാടികളില്‍ ആലപിക്കുന്നതിനോട് വലിയ യോജിപ്പില്ല. ആദ്യം വന്ദേമാതരം അതിനു പിന്നാലെ ‘ജനഗണമന’. സ്റ്റേജില്‍ വടിപോലെ നില്‍ക്കുവാന്‍ ശ്രമിക്കുന്ന പല വന്ദ്യവയോധികരും തലകറങ്ങി താഴെ പോകുമോ എന്നെനിക്കു തോന്നി.)
“അപ്പോള്‍ നമ്മള്‍ എന്തു ചെയ്യണം എന്നാണ് മാഷ് പറയുന്നത്?”
“ജനജീവിതം സ്തംഭിപ്പിക്കണം. ബസ്സിനു കല്ലെറിയണം. കടകമ്പോളങ്ങള്‍ അടപ്പിക്കണം. പോലീസ് ബാരിക്കേഡിനു മുകളില്‍ കയറി പോലീസുകാരെ ‘പട്ടികളെ’ എന്നു വിളിക്കണം. അതുകൊണ്ടൊന്നും അവര്‍ പ്രകോപിതരാകുന്നില്ലെങ്കില്‍ ഏതെങ്കിലും സബ് ഇന്‍സ്പെക്ടറുടെ കൊങ്ങക്കു പിടിക്കണം. അപ്പോള്‍ അവര്‍ ജലപീരങ്കി ചീറ്റും, പുറകേ ലാത്തി വീശും. ആരുടെയെങ്കിലും കൈയില്‍ ചുവന്ന മഷിക്കുപ്പി കരുതണം. ക്യാമറയുടെ കണ്ണില്‍പ്പെടാതെ അത് നിങ്ങളുടെ നേതാവിന്‍റെ ദേഹത്ത് ഒഴിക്കണം. എന്നിട്ട് അവനേയും പൊക്കി എടുത്തുകൊണ്ട് ആശുപത്രിയിലേക്ക് പോകണം. ഒരു വനിതാ നേതാവുകൂടി ഉണ്ടെങ്കില്‍ സംഗതി കൊഴുപ്പിക്കാം.” മാഷ് പറഞ്ഞുനിര്‍ത്തി.
“മാഷേ! ഒരു സംശയം. നിങ്ങളുടെയാരുടെയും മക്കളൊന്നും ഈ സമരത്തില്‍ പങ്കെടുത്തു തല്ലു കൊള്ളാത്തതെന്താ?”
മാഷ് ഒന്ന് ഇളിച്ചു കാണിച്ചിട്ടു പറഞ്ഞു:
“എടാ, പൊട്ടാ! അവരൊക്കെ ഭാവിയില്‍ മന്ത്രിമാരാകുവാന്‍ ഉള്ളവരാ. ഇല്ലാതെ നിന്നെപ്പോലെയൊക്കെ തലക്കടി വാങ്ങിക്കുവാന്‍ നടക്കുന്നവരല്ല.”
സമരപദ്ധതി പറഞ്ഞതുപോലെ നടപ്പാക്കി. കുറേയെണ്ണത്തിനു തല്ലു വാങ്ങിച്ചു. ലോക കപ്പ് ജേതാക്കളെപ്പോലെ അവരെ ‘പോയും പോയും’ വിളിച്ച് മേല്‍പ്പോട്ടും കീഴ്പ്പോട്ടും എറിഞ്ഞ് ആശുപത്രിയില്‍ എത്തിച്ചു.
തന്നെ നടക്കാന്‍ വയ്യാത്ത നേതാക്കള്‍ ആശുപത്രിയിലെത്തി തല്ലു കൊണ്ടവരെ സന്ദര്‍ശിച്ച ശേഷം ഒരു പത്രസമ്മേളനം നടത്തി.
“ഇത്തരം കാര്യങ്ങളില്‍ പ്രതിഷേധിക്കുന്നില്ലെങ്കില്‍ പിന്നെ വിദ്യാര്‍ത്ഥിയാണോ?” എന്ന് അദ്ദേഹം ഊന്നി ഊന്നി ചോദിച്ചു.
അതുകേട്ട് താടി നരച്ചു തുടങ്ങിയ വിദ്യാര്‍ത്ഥികള്‍ തല്ലുകൊണ്ട ഭാഗം തടവിക്കൊണ്ട്, നാളെയും സമരം ചെയ്യുവാനുള്ള ഊര്‍ജം സമ്പാദിക്കുവാന്‍ വേണ്ടി ഒളിത്താവളങ്ങളിലേക്കു മടങ്ങി.
++++++++++++++++++++++
അതിനുശേഷം ഒരു മതപണ്ഡിതന്‍ തന്‍റെ വിജ്ഞാനം ഒരു പൊതുവേദിയില്‍ മൈക്കിലൂടെ വിളിച്ചുപറഞ്ഞു.
“സ്ത്രീകള്‍ പൊതുവേദികളിലും പൊതുസ്ഥലങ്ങളിലും പുരുഷന്മാര്‍ക്കൊപ്പം പ്രത്യക്ഷപ്പെടുന്നത് വലിയ നാശത്തിനു കാരണമാകും. സ്ത്രീകള്‍ വീടുകളില്‍ കഴിയുന്നതിനാണ് മുന്‍ഗണന. ഇതു സ്ത്രീകളെ താഴ്ത്തിക്കെട്ടാനല്ല. മറിച്ച്, സ്വര്‍ണ്ണമാല പെട്ടിയില്‍ സൂക്ഷിക്കുന്നതുപോലെ അവരെ ആദരിക്കുവാനും സംരക്ഷിക്കാനുമാണെന്ന്.” അദ്ദേഹം ഉദാഹരിച്ചു.
പ്രായമുള്ള പണ്ഡിതനല്ലേ? അദ്ദേഹത്തിന്‍റെ അറിവിനെ എന്തിനു നമ്മള്‍ ചോദ്യം ചെയ്യണം? ആ സമുദായത്തില്‍പ്പെട്ട എത്രയോ സ്ത്രീകള്‍ പൊതുസമൂഹത്തില്‍ മാന്യമായ രീതിയില്‍ പുരുഷന്മാരോടൊപ്പം പ്രവര്‍ത്തിക്കുന്നു. പണ്ട് കാട്ടിലെ രാജാവായ ഒരു സിംഹം, തന്‍റെ രാജ്ഞിയായ സിംഹിയോട് പറഞ്ഞതുപോലെ…
“വിട്ടുകള!”
+++++++++++++++++++++++++
പൊതുവേ വലിയ വിവാദങ്ങളിലൊന്നും ഉള്‍പ്പെടാത്ത ഒരു സഭയുടെ വൈദിക ട്രസ്റ്റി ഈയിടെ ഒരു കാച്ചു കാച്ചി. വിവാഹത്തിനു മുമ്പ് എച്ച്ഐവി ടെസ്റ്റ് നടത്തണമെന്നുള്ള ലളിതമായ ഒരു ആവശ്യം. വിവാഹത്തിനായി ഇന്ന് കൊണ്ടുവരുന്ന ‘ശരീരങ്ങള്‍’ അത്ര പറ്റിയതല്ലെന്നും മക്കള്‍ ദുരുപയോഗം ചെയ്യപ്പെട്ടിട്ടില്ലെന്നു മാതാപിതാക്കള്‍ ഉറപ്പു വരുത്തണമെന്നും അദ്ദേഹം പറഞ്ഞു.
സഭയുടെ കുടുംബസംഗമത്തില്‍ സംസാരിക്കവേയായിരുന്നു അദ്ദേഹത്തിന്‍റെ പരാമര്‍ശം. ഏതായാലും പെണ്‍കുട്ടികളുടെ ‘കന്യാചര്‍മ്മം’ പരിശോധിക്കണമെന്ന് അദ്ദേഹം പറഞ്ഞില്ലല്ലോ! അത്രയും ആശ്വാസം!
(ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന പലരുടേയും പേരുകള്‍ കൂടി എഴുതണമെന്നുണ്ടായിരുന്നു. അതിന് ധൈര്യപ്പെടാത്തത് ജീവനില്‍ കൊതിയുള്ളതു കൊണ്ടാണ്. മുന്‍കൂര്‍ ജാമ്യം: ജീവിച്ചിരിക്കുന്നവരോ മരിച്ചുപോയവരോ ആരുമായി ഈ ലേഖനത്തിന് ഒരു ബന്ധവുമില്ല.)