
പാലക്കാട് : സംഘ്പരിവാർ അജണ്ടകളെ പരാജയപ്പെടുത്താൻ പിണറായി വിജയൻറെ നേതൃത്വത്തിലുള്ള ഇടതുപക്ഷ ഭരണത്തുടർച്ചയ്ക്കെതിരെ കേരളം വിധി എഴുതണമെന്ന് വെൽഫെയർ പാർട്ടി ദേശീയ വൈസ് പ്രസിഡൻറ് ഹമീദ് വാണിയമ്പലം പ്രസ്താവിച്ചു. വെൽഫെയർ പാർട്ടി പാലക്കാട് സംഘടിപ്പിച്ച കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സവിശേഷമായ ഒരു നിയമസഭാ തിരഞ്ഞെടുപ്പിനെയാണ് കേരളം അഭിമുഖീകരിക്കുന്നത്. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ വംശീയ – വിദ്വേഷ രാഷ്ട്രീയത്തിന് നേതൃത്വം നൽകി വരുന്ന ആർഎസ്എസിൻ്റെ രാഷ്ട്രീയ താൽപര്യങ്ങൾ കേരളത്തിൽ ശക്തി പ്രാപിക്കുകയും സമൂഹത്തെ ശിഥിലീകരിക്കുന്നതിനും വിദ്വേഷ പ്രചാരണത്തിലൂടെ സാമൂഹിക ധ്രുവീകരണം സൃഷ്ടിക്കുന്നതിനുമുള്ള അന്തരീക്ഷം 10 വർഷത്തെ ഇടതു ഭരണത്തിൽ രൂപപ്പെടുകയും ചെയ്ത സാഹചര്യത്തിൽ ഇടതുപക്ഷത്തെ വീണ്ടും അധികാരത്തിൽ നിലനിർത്തി തങ്ങൾക്ക് അനുകൂലമായ സാമൂഹികാന്തരീക്ഷം കേരളത്തിൽ വളർത്തിയെടുക്കാനുള്ള സംഘ്പരിവാർ പദ്ധതി പരാജയപ്പെടുത്തുന്നതിന് നിയമസഭാ തെരഞ്ഞെടുപ്പിനെ കേരളീയ ജനത ഉപയോഗിക്കണമെന്ന് ഹമീദ് വാണിയമ്പലം ആവശ്യപ്പെട്ടു.
ഇടതുപക്ഷ തുടർഭരണം ഉറപ്പു വരുത്താൻഇടതുപക്ഷവും ബിജെപിയും കേരളത്തിൽ പരസ്പര ധാരണയോടെയാണ് ഈ ഇലക്ഷനെ അഭിമുഖീകരിക്കുന്നത്. അതിൻറെ ഏറ്റവും നല്ല ഉദാഹരണമാണ് പാലക്കാട് മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർത്ഥി നിർണയം.
നിരവധി പ്രമുഖർ എൽഡിഎഫിൽ നിന്ന് മത്സരിച്ച മണ്ഡലമാണ് പാലക്കാട്. എന്നാൽ, രാഷ്ട്രീയ രംഗത്ത് നിറഞ്ഞു നിൽക്കുന്ന
വ്യക്തിത്വങ്ങളെയല്ലാം മാറ്റിനിർത്തി വിജയ സാധ്യതയില്ലാത്ത ഒരു സ്ഥാനാർത്ഥിയെ കൊണ്ടുവന്നത് സിപിഎം ബിജെപി ധാരണക്ക് നല്ല ഉദാഹരണമാണ് .
യുഡിഎഫിന്റെ വോട്ട് പിടിച്ച് ബിജെപിയുടെ വിജയം ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടുകൂടിയാണ് പാലക്കാട് സ്ഥാനാർത്ഥി
നിർണ്ണയം നടന്നിട്ടുള്ളത്. കേരളത്തിലെ ബിജെപി നേതാക്കൾ നിരന്തരം അക്കാര്യം പല രൂപത്തിൽ വെളിപ്പെടുത്തിക്കൊണ്ടിരിക്കുന്നുണ്ട്. ഞങ്ങൾക്ക് ചില ‘തന്ത്രങ്ങൾ’ ഉണ്ട് എന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ പറഞ്ഞത് ഈ ഡീലിലേക്കാണ് വീർൽ ചുണ്ടുന്നതാണ്. ആ ‘തന്ത്രങ്ങളുടെ’ ഭാഗമായാണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ സ്ഥാനാർത്ഥി നിർണ്ണയം നടത്തിയിട്ടുള്ളത്.
പാലക്കാട് ജില്ലയിലെ എല്ലാ മണ്ഡലങ്ങളിലും തെരഞ്ഞെടുപ്പ് കൺവെൻഷൻ നടന്നു.
സംസ്ഥാന കമ്മിറ്റി അംഗം കെ.കെ. അഷ്റഫ്, സംസ്ഥാന കൗൺസിൽ മെമ്പർമാരായ കെ.സി.നാസർ, ഷംസുദ്ദീൻ ചെറുവാടി,
എം.സുലൈമാൻ, ജില്ലാ നേതാക്കളായ മോഹൻദാസ് പറളി, എം.ദിൽഷാദ് അലി, ഹബീബ മൂസ, എ.ഉസ്മാൻ, ശാക്കിർ പുലാപ്പറ്റ,
ബാബു തരൂർ, ശരിഫ് പള്ളത്ത്, റുഖ്സാന സൈതലവി, മൊയ്തീൻകുട്ടി മാസ്റ്റർ, മജീദ് തത്തമംഗലം, കെ.അബ്ദുൽ അസീസ്, ഷക്കീല കരിങ്ങനാട്, സഫിയ ഇക്ബാൽ, ഷാഹിദ ശാക്കിർ, ഫെൻസിയ ഷഹീർ എന്നിവർ വിവിധ മണ്ഡലം കൺവെൻഷനുകളിൽ സംസാരിച്ചു.
