വയനാട്: കേരള മുഖ്യമന്ത്രിയെച്ചൊല്ലിയുള്ള തർക്കം രൂക്ഷമാകുന്നതിനിടെ, രാഹുൽ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കുമെതിരെ വയനാട്ടിൽ പോസ്റ്റർ പ്രതിഷേധം. വയനാട് ഡിസിസി ഓഫീസിന് സമീപമാണ് ഇംഗ്ലീഷിൽ എഴുതിയ പോസ്റ്ററുകൾ പതിച്ചിരിക്കുന്നത്. കെ.സി. വേണുഗോപാലിനെ പിന്തുണച്ചാൽ കേരളത്തിലെ ജനങ്ങൾ ഒരിക്കലും നിങ്ങള്ക്ക് മാപ്പ് തരില്ലെന്നും, വയനാട് മറ്റൊരു അമേഠിയായി മാറിയേക്കാമെന്നുമാണ് പോസ്റ്ററുകളിൽ എഴുതിയിരുന്നത്.
കെ.സി. വേണുഗോപാലിനെ മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കാൻ ഹൈക്കമാൻഡ് തീരുമാനിച്ചാൽ പ്രതിഷേധം ശക്തമാക്കുമെന്ന് പോസ്റ്ററുകളില് മുന്നറിയിപ്പ് നൽകുന്നുണ്ട്. കെ.സി. വേണുഗോപാൽ രാഹുൽ ഗാന്ധിയുടെ ലഗേജ് കാരിയറാണെന്ന് പോസ്റ്ററുകളിൽ പറയുന്നു. രാഹുലിനും പ്രിയങ്കയ്ക്കും വയനാടിനെ മറക്കാൻ കഴിയുമോ എന്നും അവർ വീണ്ടും അവിടെ വിജയിക്കില്ലെന്നും പോസ്റ്ററുകളിൽ പറയുന്നു. കോൺഗ്രസ് പാർട്ടിക്കുള്ളിലെ ഗ്രൂപ്പ് തർക്കങ്ങൾ തെരുവിലേക്ക് വലിച്ചിഴക്കപ്പെടുന്നതിന്റെ സൂചനയായാണ് രാഷ്ട്രീയ കേന്ദ്രങ്ങൾ ഈ പോസ്റ്ററുകളെ കാണുന്നത്.
കോൺഗ്രസ് നേതൃത്വത്തെയും ഗാന്ധി കുടുംബത്തെയും നേരിട്ട് ലക്ഷ്യമിട്ടാണ് വയനാട് ഡിസിസി ഓഫിസിനു മുന്നിൽ അജ്ഞാതർ പോസ്റ്റർ പതിപ്പിച്ചത്. തെരഞ്ഞെടുപ്പുകൾക്ക് ശേഷം മുഖ്യമന്ത്രിയെ നിശ്ചയിക്കുന്നതുമായി ബന്ധപ്പെട്ട് നിലനിൽക്കുന്ന തർക്കങ്ങളിൽ രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും സ്വീകരിക്കുന്ന ഏകപക്ഷീയമായ നിലപാടുകൾ തിരുത്തണമെന്നാണ് പോസ്റ്ററിലെ പ്രധാന ആവശ്യം. പ്രശ്നപരിഹാരത്തിന് നേതൃത്വം തയാറായില്ലെങ്കിൽ കാര്യങ്ങൾ കൈവിട്ടുപോകുമെന്ന് വ്യക്തമാക്കുന്ന പോസ്റ്ററിൽ, ഉത്തർപ്രദേശിലെ അമേഠിയിൽ സംഭവിച്ച പരാജയം വയനാട്ടിലും ആവർത്തിക്കുമെന്ന കടുത്ത മുന്നറിയിപ്പാണ് നൽകിയിരിക്കുന്നത്.
രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ഭാവിയിൽ എന്തായാലും വയനാട്ടിൽ നിന്നും വിജയിക്കില്ലെന്നും പോസ്റ്ററിൽ വ്യക്തമാക്കുന്നുണ്ട്. ഡിസിസി ഓഫിസിനു മുൻപിൽ അതിരാവിലെയാണ് പോസ്റ്റർ പ്രത്യക്ഷപ്പെട്ടതായി പ്രവർത്തകരുടെ ശ്രദ്ധയിൽപ്പെട്ടത്. സംഭവം വിവാദമായതോടെ പ്രാദേശിക കോൺഗ്രസ് നേതാക്കൾ ഓടിയെത്തി പോസ്റ്ററുകൾ വേഗത്തിൽ നീക്കം ചെയ്തു. എന്നാൽ പോസ്റ്ററുകൾ ഇതിനോടകം തന്നെ സമൂഹമാധ്യമങ്ങളിൽ ഉൾപ്പെടെ വ്യാപകമായ രീതിയിൽ പ്രചരിച്ചിരുന്നു. സംഭവത്തിന് പിന്നിൽ പ്രവർത്തിച്ചവർ ആരാണെന്ന് വ്യക്തമായിട്ടില്ലെങ്കിലും പാർട്ടിയിലെ ഔദ്യോഗിക പക്ഷത്തിനെതിരെയുള്ള നീക്കമായാണ് ഇത് വിലയിരുത്തപ്പെടുന്നത്.
ലോക്സഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഉത്തർപ്രദേശിലെ അമേഠിയിൽ മുമ്പ് രാഹുൽ ഗാന്ധിക്ക് നേരിട്ട അപ്രതീക്ഷിത പരാജയം ഓർമപ്പെടുത്തിക്കൊണ്ടാണ് വയനാട്ടിലെ കോൺഗ്രസ് പ്രവർത്തകർ തങ്ങളുടെ അതൃപ്തി രേഖപ്പെടുത്തുന്നത്. വർഷങ്ങളായി ഗാന്ധി കുടുംബത്തിൻ്റെ സുരക്ഷിത മണ്ഡലമായിരുന്ന അമേഠിയിൽ സംഭവിച്ച പരാജയം ദേശീയ തലത്തിൽ തന്നെ കോൺഗ്രസിന് വലിയ തിരിച്ചടിയായിരുന്നു. പിന്നീട് വയനാട് ലോക്സഭ മണ്ഡലമാണ് രാഹുൽ ഗാന്ധിക്ക് രാഷ്ട്രീയപരമായ വലിയ സുരക്ഷ നൽകി.
കഴിഞ്ഞ തവണ ഇവിടെ നിന്നും വിജയിച്ച രാഹുൽ ഗാന്ധി പിന്നീട് റായ്ബറേലി നിലനിർത്തുകയും വയനാട് ഒഴിയുകയുമായിരുന്നു. തുടർന്ന് നടന്ന ഉപതെരഞ്ഞെടുപ്പിലാണ് വൻ ഭൂരിപക്ഷത്തോടെ പ്രിയങ്ക ഗാന്ധി വയനാട്ടിൽ നിന്നും വിജയിച്ച് ലോക്സഭയിൽ എത്തിയത്. എന്നാൽ, പ്രധാന വിഷയങ്ങളിലും മുഖ്യമന്ത്രി സ്ഥാനവുമായി ബന്ധപ്പെട്ട വലിയ തർക്കങ്ങളിലും ഹൈക്കമാൻഡ് എടുക്കുന്ന തീരുമാനങ്ങൾ പ്രാദേശിക നേതാക്കൾക്കിടയിലും പ്രവർത്തകർക്കിടയിലും വലിയ അതൃപ്തിയാണ് ഇപ്പോൾ സൃഷ്ടിച്ചിരിക്കുന്നത്. ഇതിൻ്റെ കൃത്യമായ പ്രതിഫലനമാണ് വയനാട് ഡിസിസി ഓഫിസിനു മുന്നിൽ ദൃശ്യമായതെന്ന് രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു.
വിവിധ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പുകൾക്ക് ശേഷം മുഖ്യമന്ത്രിമാരെ പ്രഖ്യാപിക്കുന്നതുമായി ബന്ധപ്പെട്ട് കോൺഗ്രസിൽ ഉയർന്നുവരുന്ന വലിയ തർക്കങ്ങൾ ദേശീയ തലത്തിൽ തന്നെ ചർച്ചകൾക്ക് വഴിവച്ചിരുന്നു. ഇത്തരം വിഷയങ്ങളിൽ ഡൽഹിയിൽ നിന്നുള്ള ഇടപെടലുകൾ പലപ്പോഴും കോൺഗ്രസ് അണികൾക്ക് സ്വീകാര്യമാകുന്നില്ല എന്നതിൻ്റെ വ്യക്തമായ സൂചന കൂടിയാണ് പാർട്ടിക്ക് മികച്ച സ്വാധീനമുള്ള വയനാട്ടിലെ ഈ പുതിയ പോസ്റ്ററുകൾ. കോൺഗ്രസിലെ ഒരു വിഭാഗം പ്രവർത്തകർക്ക് ദേശീയ നേതൃത്വത്തിൻ്റെ സുപ്രധാന തീരുമാനങ്ങളോട് കടുത്ത എതിർപ്പുണ്ടെന്നാണ് ഈ അപ്രതീക്ഷിത സംഭവം വ്യക്തമാക്കുന്നത്.
സ്വന്തം പാർട്ടി ഓഫിസിനു മുന്നിൽ ഹൈക്കമാൻഡിനെതിരെ ഇത്തരമൊരു പോസ്റ്റർ ഉയർന്നത് വലിയ ഗൗരവത്തോടെയാണ് പാർട്ടി നേതൃത്വം കാണുന്നത്. നിലവിൽ ഡിസിസി ഓഫിസിനു മുന്നിൽ പോസ്റ്റർ പതിച്ചവരെ കണ്ടെത്തുന്നതിനായി പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കാൻ കോൺഗ്രസ് ജില്ലാ നേതൃത്വം ഒരുങ്ങുകയാണ്. ഇതിനിടെ കോൺഗ്രസിലെ ഗ്രൂപ്പ് പോരുമായി ബന്ധപ്പെട്ട് പുറത്തുവന്ന ഈ പുതിയ സംഭവം രാഷ്ട്രീയമായി ഉപയോഗിക്കാൻ സിപിഎം ഉൾപ്പെടെയുള്ള എതിർ പാർട്ടികളും രംഗത്തെത്തിയിട്ടുണ്ട്. വരും ദിവസങ്ങളിൽ ഈ വിഷയം വലിയ രാഷ്ട്രീയ വിവാദമായി മാറാനാണ് സാധ്യത.
അതേസമയം, കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയെ ഇന്ന് പ്രഖ്യാപിച്ചേക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഉച്ചയ്ക്ക് മുമ്പ് മുഖ്യമന്ത്രിയെ ഹൈക്കമാൻഡ് പ്രഖ്യാപിക്കുമെന്നാണ് സൂചന. മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കുന്നതുമായി ബന്ധപ്പെട്ട നിർണായക ചർച്ചകൾ ഇന്നലെയും ഡൽഹിയിൽ തുടർന്നു. ഹൈക്കമാൻഡ് ക്ഷണിച്ച നേതാക്കളിൽ ഭൂരിഭാഗവും കെ.സി. വേണുഗോപാലിനെ പിന്തുണച്ചതായി റിപ്പോർട്ടുകൾ പറയുന്നു.
കെ.സി. വേണുഗോപാലിനെ പിന്തുണയ്ക്കുന്നവർ ഹൈക്കമാൻഡ് അദ്ദേഹത്തെ പിന്തുണയ്ക്കുമെന്ന് വിശ്വസിക്കുന്നുണ്ടെങ്കിലും, വി.ഡി. സതീശന്റെയും രമേശ് ചെന്നിത്തലയുടെയും നേതൃത്വത്തിലുള്ള ക്യാമ്പുകൾ ഇപ്പോഴും ഏകപക്ഷീയമായ ഒരു തീരുമാനവും ഉണ്ടാകില്ലെന്ന് പ്രതീക്ഷിക്കുന്നു. അതേസമയം, ചർച്ചകളിൽ തനിക്ക് മുൻതൂക്കം ഇല്ലെന്ന് രാഹുൽ ഗാന്ധി നേരത്തെ വ്യക്തമാക്കിയിരുന്നു.
