ന്യൂഡൽഹി: കേരളത്തിന്റെ പുതിയ മുഖ്യമന്ത്രി ആരായിരിക്കുമെന്നതിനെച്ചൊല്ലി ദിവസങ്ങളായി തുടരുന്ന അനിശ്ചിതത്വം ഇന്ന് അവസാനിക്കും. ഹൈക്കമാൻഡ് ഇന്ന് തന്നെ ഔദ്യോഗിക പ്രഖ്യാപനം നടത്തുമെന്നാണ് സൂചന. ബെംഗളൂരുവിലായിരുന്ന കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയെ ഡൽഹിയിലേക്ക് അടിയന്തരമായി വിളിപ്പിച്ചതും സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, എ.കെ. ആന്റണി എന്നിവർ രാത്രിയിൽ നടത്തിയ ചർച്ചകളും പ്രഖ്യാപനം ഉടനെയുണ്ടാകുമെന്നതിന്റെ വ്യക്തമായ സൂചനകളാണ്.
കേരളത്തിലെ മുതിർന്ന നേതാക്കളുമായി രാഹുൽ ഗാന്ധി ഫോണിലൂടെ സംസ്ഥാനത്തെ നിലവിലെ രാഷ്ട്രീയ സാഹചര്യത്തെക്കുറിച്ച് അന്വെഷണം നടത്തി. കൂടാതെ, വി.ഡി. സതീശന് അനുകൂലമായ പ്രകടനങ്ങൾക്ക് പിന്നിലെ വികാരം.
തർക്കങ്ങളില്ലാതെ മുന്നോട്ട് പോകാനുള്ള പ്രായോഗിക മാർഗങ്ങൾ എന്നീ കാര്യങ്ങളിലും വ്യക്തത തേടി.
മുല്ലപ്പള്ളി രാമചന്ദ്രനുമായി ഫോണിൽ സംസാരിച്ച രാഹുൽ, ഡൽഹിയിലെത്തിയ വി.എം. സുധീരൻ, കെ. മുരളീധരൻ, കെ. സുധാകരൻ എന്നിവരുമായി വ്യക്തിപരമായ കൂടിക്കാഴ്ചകൾ നടത്തി.
മുഖ്യമന്ത്രി സ്ഥാനത്തെക്കുറിച്ച് ഗ്രൂപ്പുകൾക്കപ്പുറമുള്ള ചർച്ചകൾ നടന്നു. മിക്ക നേതാക്കളും കെ.സി. വേണുഗോപാലിനെയാണ് പിന്തുണയ്ക്കുന്നത്. അതേസമയം, കെ. മുരളീധരനും വി.എം. സുധീരനും കെ.സി. വേണുഗോപാലിന്റെ വരവിനെ എതിർക്കുന്നു. ഉപതിരഞ്ഞെടുപ്പ് തിരിച്ചടിയാകുമെന്നും അവര് മുന്നറിയിപ്പ് നൽകി.
പ്രിയങ്ക ഗാന്ധി വഴി മുസ്ലീം ലീഗ് വി.ഡി. സതീശന് പിന്തുണ അറിയിച്ചു. കെ.സി.യെ മുഖ്യമന്ത്രിയാക്കിയാൽ പൊതുജനവികാരം എതിരാകാന് സാധ്യതയുണ്ടെന്നും, ഉപതിരഞ്ഞെടുപ്പ് തലവേദനയാകുമെന്നും കെ. മുരളീധരൻ രാഹുലിനെ അറിയിച്ചതായി റിപ്പോർട്ടുണ്ട്.
ഹൈക്കമാൻഡിന്റെ നിർദ്ദേശം വന്നതിനുശേഷം സതീശന് അനുയായികളുടെ പരസ്യ പ്രതിഷേധം പെട്ടെന്ന് നിലച്ചതിൽ രാഹുൽ ഗാന്ധി കൗതുകം പ്രകടിപ്പിച്ചു. നിലവിൽ, കെ സി വേണുഗോപാലിന് മുൻതൂക്കം ഉണ്ടെങ്കിലും, മുസ്ലീം ലീഗിന്റെ നിലപാടും കേരള നേതാക്കളുടെ എതിർപ്പും ഹൈക്കമാൻഡിന്റെ മനസ്സ് മാറ്റുമോ എന്ന് കണ്ടറിയണം.
എന്തായാലും, കേരളത്തിന്റെ മുഖ്യമന്ത്രിയെക്കുറിച്ചുള്ള അനിശ്ചിതത്വം ഇന്ന് ഏതാനും മണിക്കൂറുകൾക്കുള്ളിൽ അവസാനിക്കും.
