തിരുവനന്തപുരം: കേരളത്തെ പുതിയൊരു ദിശയിലേക്ക് നയിക്കുക എന്ന വലിയ ഉത്തരവാദിത്തമാണ് പാർട്ടി തന്നെ ഏൽപ്പിച്ചിരിക്കുന്നതെന്ന് നിയുക്ത മുഖ്യമന്ത്രി വി ഡി സതീശൻ പറഞ്ഞു. ഈ സ്ഥാനത്തേക്ക് തന്നെ പരിഗണിച്ചതിന് കോൺഗ്രസ് അദ്ധ്യക്ഷനും രാഹുൽ ഗാന്ധിക്കും അദ്ദേഹം നന്ദി പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പിൽ അഹോരാത്രം പ്രവർത്തിച്ച യുഡിഎഫ് പ്രവർത്തകരുടെയും ‘ടീം യുഡിഎഫിന്റെയും’ കൂട്ടായ പരിശ്രമമാണ് ഈ വിജയത്തിനു പിന്നിലെന്ന് സതീശൻ പറഞ്ഞു. കേരളത്തിലെ ജനങ്ങൾ നൽകിയ വിശ്വാസം നിലനിർത്തുമെന്നും തിരഞ്ഞെടുപ്പിൽ ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ ഘട്ടംഘട്ടമായി നടപ്പാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
വ്യക്തിപരമായ ഒരു സമ്മാനമായിട്ടല്ല, മറിച്ച് ദൈവിക നിയോഗമായിട്ടാണ് താൻ ഇതിനെ കാണുന്നതെന്നും അദ്ദേഹം പറഞ്ഞു. നവകേരള നിർമ്മാണത്തിനായി പൂർണ്ണ സമർപ്പണത്തോടെയും കൂട്ടായ ശ്രമങ്ങളോടെയും സർക്കാരിനെ മുന്നോട്ട് നയിക്കുമെന്നും അദ്ദേഹം പറഞ്ഞു.
“ഇത് ദൈവികമായ ഒരു നിയോഗമായി കാണുന്നു. എ.ഐ.സി.സി.യാണ് ഏറ്റവും കൂടുതൽ സഹായിച്ചത്. ജനറൽ സെക്രട്ടറി എന്ന നിലയിൽ കെ.സി. വേണുഗോപാലും രമേശ് ചെന്നിത്തലയുമാണ് വലിയ പിന്തുണ നൽകിയത്. രമേശ് ചെന്നിത്തലയാണ് എന്റെ നേതാവ്. ദീപദാസ് മുൻഷിയും മറ്റുള്ളവരും ക്യാമ്പ് ചെയ്ത് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. കേരളം നേരിടുന്ന വെല്ലുവിളികളെ മറികടക്കാൻ നമ്മൾ ഒരുമിച്ച് നിൽക്കണം. എല്ലാവരുടെയും സംയുക്ത പരിശ്രമത്തിലൂടെ മാത്രമേ ഒരു പുതിയ യുഗം സൃഷ്ടിക്കാൻ കഴിയൂ. ഒരാൾക്ക് ഒറ്റയ്ക്ക് ഒന്നും ചെയ്യാൻ കഴിയില്ല. നമ്മൾ ഒരു ടീമായി പ്രവർത്തിക്കണം. എല്ലാവരോടും ഞാൻ എന്റെ ഹൃദയംഗമമായ നന്ദി അറിയിക്കുന്നു. പ്രഖ്യാപനം വൈകിയതില് ലജ്ജയില്ല. അതെല്ലാം നടപടിക്രമങ്ങളുടെ ഭാഗമാണ്. എല്ലാവരുമായും ആശയവിനിമയം നടത്തിയ ശേഷമാണ് പാർട്ടി മുഖ്യമന്ത്രിയെ പ്രഖ്യാപിച്ചത്. സത്യപ്രതിജ്ഞ ഉൾപ്പെടെയുള്ള കാര്യങ്ങളിൽ എല്ലാ മുതിർന്ന നേതാക്കളുമായും കൂടിയാലോചിച്ച ശേഷമായിരിക്കും ഞങ്ങൾ തീരുമാനങ്ങൾ എടുക്കുക. മന്ത്രിമാരെ തീരുമാനിക്കുന്നത് ഞാനല്ല, പാർട്ടിയാണ്,” അദ്ദേഹം പറഞ്ഞു.
