മലപ്പുറം: കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഡിആര്‍ഐ നടത്തിയ സ്വര്‍ണ്ണ വേട്ടയില്‍, എട്ട് മാസം പ്രായമുള്ള കുഞ്ഞിന്റെ ഡയപ്പറിനുള്ളിലും കുട്ടിയുടെ പിതാവിന്റെ ശരീരത്തിലും ഒളിപ്പിച്ച നിലയിൽ ഒരു കോടിയിലധികം രൂപ വിലമതിക്കുന്ന സ്വർണ്ണം പിടിച്ചെടുത്തു. ചൊവ്വാഴ്ച റാസൽഖൈമയിൽ നിന്ന് മൂന്ന് കുട്ടികളുമായി എത്തിയ ചങ്ങരംകുളം സ്വദേശിയായ 34 കാരനായ മുഹമ്മദ് ഫാറൂഖിനെ കോഴിക്കോട് ഡിആർഐ സംഘം കസ്റ്റഡിയിലെടുത്തു.
കരിപ്പൂർ, നെടുമ്പാശ്ശേരി വിമാനത്താവളങ്ങൾ വഴി സ്വര്‍ണ്ണ കള്ളക്കടത്ത് നടത്തുന്നുണ്ടെന്ന സൂചന ലഭിച്ചതിനെത്തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് നാല് കോടിയോളം രൂപയുടെ സ്വർണം ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് (ഡിആർഐ) ഉദ്യോഗസ്ഥർ കണ്ടെടുത്തത്.
രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കോഴിക്കോട് നിന്നുള്ള ഡിആർഐ ഉദ്യോഗസ്ഥർ വിമാനത്താവളത്തിൽ നിന്ന് പുറത്തേക്ക് പോകാൻ ശ്രമിക്കുന്നതിനിടെ ഫാറൂഖിനെ തടഞ്ഞുനിർത്തി ചോദ്യം ചെയ്തത്. തുടർന്നുള്ള പരിശോധനയിൽ കുഞ്ഞിന്റെ ഡയപ്പറിനുള്ളിൽ പ്രത്യേകം പൊതിഞ്ഞ പാക്കറ്റിൽ ഒളിപ്പിച്ച നിലയിൽ സ്വർണ്ണം കണ്ടെത്തി. തുടർന്ന് ഫാറൂഖിന്റെ ശരീര പരിശോധനയിൽ ശരീരത്തിനുള്ളിൽ ഒളിപ്പിച്ച നിലയിൽ സ്വർണ്ണം അടങ്ങിയ പാക്കറ്റുകളും കണ്ടെത്തി.
നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ, ഷരീഫ ബീവി എന്ന സ്ത്രീ ധരിച്ചിരുന്ന സാനിറ്ററി പാഡിനുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു 2.86 കോടി രൂപ വില മതിക്കുന്ന സ്വര്‍ണ്ണം കണ്ടെത്തിയത്. ഏകദേശം 1,955 ഗ്രാം ഭാരമുള്ള സ്വർണ്ണമാണ് ഷരീഫ ബീവിയിൽ നിന്ന് പിടിച്ചെടുത്തത്. റാസൽഖൈമയിൽ നിന്ന് ഇൻഡിഗോ വിമാനത്തിലാണ് അവർ എത്തിയത്. ഷരീഫയെ അങ്കമാലി കോടതിയിൽ ഹാജരാക്കി കാക്കനാട് വനിതാ ജയിലിൽ റിമാൻഡ് ചെയ്തു.
എട്ട് മാസം പ്രായമുള്ള കുഞ്ഞിന്റെ അമ്മയെ സാനിറ്ററി പാഡിനുള്ളിൽ ഒളിപ്പിച്ച് സ്വർണ്ണം കടത്താൻ ശ്രമിച്ച കേസിൽ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ഡിആർഐ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
ചോദ്യം ചെയ്യലിൽ, കരിപ്പൂർ വഴിയുള്ള സ്വർണ്ണക്കടത്ത് ശ്രമത്തെക്കുറിച്ച് അന്വേഷണ സംഘത്തിന് വിവരം ലഭിച്ചതായി റിപ്പോർട്ടുണ്ട്. ഇതേത്തുടർന്ന്, തിങ്കളാഴ്ച മുതൽ കോഴിക്കോട് ഡിആർഐ സംഘം കരിപ്പൂരിൽ നിരീക്ഷണം ശക്തമാക്കിയിരുന്നു.