എഫ്.സി.ആര്‍.എ ഭേദഗതി ഭരണഘടനാ വിരുദ്ധം; അവകാശ സംരക്ഷണത്തിനായി ജനകീയ പ്രതിരോധം ഉയരണമെന്ന് സോളിഡാരിറ്റി ചര്‍ച്ചാ സംഗമം

സോളിഡാരിറ്റി സംഘടിപ്പിച്ച FCRA ഭേദഗതി ബിൽ ചർച്ച സംഗമം പാളയം ഇമാം വി.പി സുഹൈബ് മൗലവി ഉദ്ഘാടനം ചെയ്യുന്നു.

കൊച്ചി: രാജ്യത്തെ ന്യൂനപക്ഷങ്ങളെയും ദളിത്-ആദിവാസി വിഭാഗങ്ങളെയും ലക്ഷ്യമിട്ടുള്ള കേന്ദ്ര സര്‍ക്കാരിന്റെ എഫ്.സി.ആര്‍.എ (FCRA) ഭേദഗതി ബില്‍ ഭരണഘടനാ വിരുദ്ധമാണെന്നും, ഇതിനെതിരെ ശക്തമായ ജനകീയ പ്രതിരോധം ഉയരണമെന്നും കൊച്ചിയില്‍ നടന്ന ചര്‍ച്ചാ സംഗമം ആവശ്യപ്പെട്ടു. വഖ്ഫ് ബില്ലിന്റെ തുടര്‍ച്ചയായി ന്യൂനപക്ഷങ്ങളെ രണ്ടാംകിട പൗരന്മാരാക്കാനുള്ള നീക്കത്തിന്റെ ഭാഗമാണ് പുതിയ നിയമനിര്‍മ്മാണമെന്ന് സംഗമം വിലയിരുത്തി.

പാളയം പള്ളി ഇമാം വി.പി. സുഹൈബ് മൗലവി ചർച്ച സംഗമം ഉദ്ഘാടനം ചെയ്തു. രാജ്യത്ത് ന്യൂനപക്ഷങ്ങളും ദുര്‍ബല വിഭാഗങ്ങളും വലിയ പീഡനങ്ങളും വെല്ലുവിളികളുമാണ് നേരിടുന്നതെന്ന് അദ്ദേഹം പറഞ്ഞു. ‘പൗരത്വ ഭേദഗതിയും വഖ്ഫ് ഭേദഗതിയും ന്യൂനപക്ഷ വേട്ടയുടെ ആദ്യ പടികളായിരുന്നു. അതിന്റെ തുടര്‍ച്ചയാണ് എഫ്.സി.ആര്‍.എ ബില്‍. നവഫാസിസത്തെ പ്രത്യയശാസ്ത്രപരമായി തിരിച്ചറിഞ്ഞും ഇരകള്‍ക്കിടയില്‍ ഐക്യം സ്ഥാപിച്ചും മാത്രമേ ഈ പ്രതിസന്ധിയെ അതിജീവിക്കാന്‍ കഴിയൂ,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എഫ്.സി.ആര്‍.എ ബില്ലുമായി ബന്ധപ്പെട്ട് സോളിഡാരിറ്റി പുറത്തിറക്കിയ ഹാന്‍ഡ് ബുക്കിന്റെ പ്രകാശനവും അദ്ദേഹം നിര്‍വ്വഹിച്ചു.

ക്രിസ്ത്യന്‍ വിഭാഗമടക്കമുള്ള ന്യൂനപക്ഷങ്ങള്‍ രാജ്യത്തുണ്ടാക്കിയ പുരോഗതിയെ തകര്‍ക്കാനാണ് ഈ നിയമം ലക്ഷ്യമിടുന്നതെന്ന് ഈ സംഗമത്തിന് അധ്യക്ഷത വഹിച്ച തൗഫീഖ് മമ്പാട് പറഞ്ഞു. സന്നദ്ധ സംഘടനകളെ ശ്വാസം മുട്ടിക്കുന്ന രീതിയിലാണ് സര്‍ക്കാര്‍ നിയമങ്ങളില്‍ മാറ്റം വരുത്തുന്നതെന്ന് സാമൂഹിക പ്രവര്‍ത്തകന്‍ ഫാദര്‍ പ്രെയ്‌സ് തൈപ്പറമ്പില്‍ ചൂണ്ടിക്കാട്ടി.

നിയമങ്ങളിലൂടെ വെറുപ്പ് ഉത്പാദിപ്പിക്കുന്ന രാഷ്ട്രീയ അജണ്ടയാണ് ഭരണകൂടം നടപ്പിലാക്കുന്നതെന്ന് ജമാഅത്തെ ഇസ്ലാമി സെക്രട്ടറി ശിഹാബ് പൂക്കോട്ടൂര്‍ പറഞ്ഞു. എഫ്.സി.ആര്‍.എ ഭേദഗതി ആര്‍ട്ടിക്കിള്‍ 19-ന്റെ ലംഘനമാണെന്ന് കേരള ലാറ്റിന്‍ കാത്തലിക് അസോസിയേഷന്‍ (KLCA) സംസ്ഥാന പ്രസിഡന്റ് അഡ്വ. ഷെറി ജെ. തോമസ് പറഞ്ഞു. ഹൈക്കോടതി അഭിഭാഷക അഡ്വ. ആശ ഉണ്ണിത്താന്‍, അഡ്വ. അമീന്‍ ഹസന്‍, അഡ്വ. സഹീര്‍ മനയത്ത്, സോളിഡാരിറ്റി സംസ്ഥാന ജനറൽ സെക്രട്ടറി ടി. ഇസ്മാഈല്‍, സെക്രട്ടറി ഷബീർ കൊടുവള്ളി എന്നിവർ സംസാരിച്ചു.

Leave a Comment

More News