വാഷിംഗ്ടൺ: അമേരിക്കൻ വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസിന്റെ ഭാര്യയും സെക്കൻഡ് ലേഡിയുമായ ഉഷാ വാൻസിനെ ലക്ഷ്യമിട്ട് മിഷിഗണിലെ ഡെമോക്രാറ്റിക് സെനറ്റ് സ്ഥാനാർത്ഥി അബ്ദുൾ എൽ സയ്യിദ് നടത്തിയ രാഷ്ട്രീയ പരാമർശത്തിൽ പ്രതികരണവുമായി ഉഷ രംഗത്തെത്തി. സയ്യിദിന്റെ പ്രസ്താവന കേട്ട് തനിക്ക് ചിരിയാണ് വന്നതെന്ന് ഫോക്സ് ആൻഡ് ഫ്രണ്ട്സിന് നൽകിയ അഭിമുഖത്തിൽ ഉഷാ വാൻസ് പറഞ്ഞു.
ഷരീഅത്ത് നിയമത്തെക്കുറിച്ചുള്ള വിമർശനങ്ങൾ സംബന്ധിച്ച് ജെ.ഡി. വാൻസും എൽ സയ്യിദും തമ്മിൽ നടന്ന വാഗ്വാദത്തിനിടെയാണ് ഉഷയുടെ ഇന്ത്യൻ പശ്ചാത്തലം പരാമർശിക്കപ്പെട്ടത്. വാൻസിന്റെ അന്തരിച്ച മുത്തശ്ശന് (പാപ്പാ) ഉഷയുടെ ഇന്ത്യൻ പാരമ്പര്യം ഉൾക്കൊള്ളാൻ കഴിയുമായിരുന്നോ എന്ന് പരിഹസിക്കുന്ന രീതിയിലാണ് എൽ സയ്യിദ് സോഷ്യൽ മീഡിയയിൽ കുറിപ്പിട്ടത്.
എന്നാൽ, ഈ വിവാദങ്ങളെ തള്ളിക്കളഞ്ഞ ഉഷാ വാൻസ്, ഭർത്താവിന്റെ കുടുംബാംഗങ്ങളിൽ നിന്ന് തനിക്ക് എപ്പോഴും വലിയ സ്നേഹവും പിന്തുണയുമാണ് ലഭിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കി. വാൻസിന്റെ മുത്തശ്ശനെയും മുത്തശ്ശിയെയും നേരിട്ട് കാണാൻ കഴിഞ്ഞിട്ടില്ലെങ്കിലും അവർ വളർത്തിയ മക്കളും കുടുംബവും തന്നോട് കാണിക്കുന്ന സ്നേഹം വലുതാണെന്നും, വാൻസിന്റെ അമ്മായി തനിക്ക് സ്വന്തം അമ്മയെപ്പോലെയാണെന്നും ഉഷ കൂട്ടിച്ചേർത്തു.
