കണ്ണൂർ: പൊതു വേദികളില്‍ സ്ത്രീകളെ പ്രദർശിപ്പിക്കുന്നത് ശരിയല്ലെന്ന സമസ്തയുടെ (കാന്തപുരം വിഭാഗം) പ്രസ്താവനക്കെതിരെ വിമര്‍ശനവുമായി സിപിഎം നേതാവും മുൻ ആരോഗ്യമന്ത്രിയുമായ കെ കെ ശൈലജയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്. ഈ നിലപാട് കാലഹരണപ്പെട്ടതും അങ്ങേയറ്റം സ്ത്രീവിരുദ്ധവുമാണെന്ന് അവര്‍ പറഞ്ഞു. പൊതുസ്ഥലങ്ങളില്‍ സ്ത്രീകളുടെ സാമൂഹിക ഇടപെടലുകളെയും സാന്നിധ്യത്തെയും ചോദ്യം ചെയ്യുന്ന ഇത്തരം പരാമർശങ്ങൾ അംഗീകരിക്കാനാവില്ലെന്ന് അവർ വ്യക്തമാക്കി.
നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളും സാമൂഹിക സേവന സ്ഥാപനങ്ങളും നടത്തുന്ന സമസ്തയിൽ നിന്ന് ഇത്തരമൊരു അഭിപ്രായം വരുന്നത് ശരിയല്ലെന്ന് ഷൈലജ കുറിപ്പിൽ ചൂണ്ടിക്കാട്ടി. സ്ത്രീകൾ സമൂഹത്തിന്റെ വിവിധ മേഖലകളിൽ സജീവമായി ഇടപെടുന്ന ഇക്കാലത്ത് ഇത്തരം നിലപാടുകൾ പിന്നോട്ട് പോകുന്നതിന് തുല്യമാണെന്നും അവർ വിമർശിച്ചു.
കെ.കെ. ശൈലജയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം:
സ്ത്രീകളെ പൊതു നിരത്തുകളിലും വേദികളിലും പ്രദർശിപ്പിക്കുന്നത് ശരിയല്ല എന്ന സമസ്തയുടെ പ്രസ്താവന കാലത്തിന് നിരക്കാത്തതും അങ്ങേയറ്റം സ്ത്രീവിരുദ്ധവുമാണ്. ഇന്ന് കേരളത്തിൽ മുസ്ലിം സ്തീകൾ നല്ല വിദ്യാഭ്യാസം നേടിയവരും ജീവിതത്തിന്റെ വിവിധ തുറകളിൽ വിന്യസിക്കപ്പെട്ടവരുമാണ്. അവരിൽ എം എൽ എമാരും മുനിസിപ്പൽ ചെയർപെഴ്‌സൺമാരും പഞ്ചായത്ത് പ്രസിഡണ്ടുമാരും മറ്റ് ജനപ്രതിനിധികളുമുണ്ട്. ജഡ്ജിമാരും വക്കീലന്മാരും ഡോക്ടർമാരും അദ്ധ്യാപകരും ടെക്നോ ക്രാറ്റുകളും തൊഴിലാളികളുമുണ്ട്.
അവർ പൊതു സ്ഥലങ്ങളിൽ ഒത്തുചേരുകയും മീറ്റിംഗുകളില്‍ വേദി പങ്കെടുകയും ഒരുമിച്ച് ഭക്ഷണം കഴിക്കുകയും ചെയ്യുന്നതു കൊണ്ട് ഒരു മതാചാരവും ലംഘിക്കപ്പെടുകയില്ല. സ്ത്രീകളെ വീട്ടിനകത്ത് തളച്ചിടുക എന്നത് ഫ്യൂഡൽ ആചാരക്രമമാണ്.
ധാരാളം വിദ്യാഭ്യാസ സ്ഥാപനങ്ങളും സാമൂഹ്യ സേവന സ്ഥാപനങ്ങളും നടത്തുന്ന സമസ്തയിൽനിന്ന് ഇങ്ങനെയൊരു അഭിപ്രായ പ്രകടനമുണ്ടാകുന്നത് ശരിയല്ല.

