ഓഹരി തട്ടിപ്പ് കേസ്: മാണി സി കാപ്പന് ഒരു വർഷം തടവ് ശിക്ഷയും 1.20 കോടി പിഴയും വിധിച്ച് മുംബൈ കോടതി

മുംബൈ: കണ്ണൂർ വിമാനത്താവള ഓഹരി കുംഭകോണ കേസിൽ പാലാ എംഎൽഎ മണി സി കാപ്പന് ഒരു വർഷം തടവും 1.20 കോടി രൂപ പിഴയും ശിക്ഷ വിധിച്ചു. മുംബൈ ബോറിവാലി മജിസ്‌ട്രേറ്റ് കോടതിയുടേതാണ് വിധി. ഒരു മാസത്തിനുള്ളിൽ പണം അടയ്ക്കണമെന്നാണ് കോടതി വിധിയിൽ പറയുന്നത്. അല്ലാത്തപക്ഷം, കാപ്പന് മൂന്ന് മാസം കൂടി തടവ് അനുഭവിക്കേണ്ടിവരും.

മുംബൈയിലെ വ്യവസായി ദിനേശ് മേനോൻ സമർപ്പിച്ച പരാതിയിലാണ് കോടതി ഉത്തരവ്. ഒരു വർഷത്തെ തടവ് ശിക്ഷയായതിനാൽ, കാപ്പന്റെ എംഎൽഎ സ്ഥാനത്തിന് ഒരു ഭീഷണിയുമില്ല.

2015 മുതൽ നടന്നുവന്ന നിയമനടപടികളുടെ അവസാനമാണ് കോടതി വിധി. ഓഹരികൾ നൽകാമെന്ന് വാഗ്ദാനം ചെയ്ത് മൂന്ന് കോടിയിലധികം രൂപ തട്ടിയെടുത്തതായി പരാതിയിൽ പറയുന്നു. എറണാകുളം മജിസ്‌ട്രേറ്റ് കോടതിയിൽ രജിസ്റ്റർ ചെയ്ത കേസ് ഹൈക്കോടതിയിൽ എത്തിയെങ്കിലും നടപടികൾ പുരോഗമിച്ചില്ല. തുടർന്ന്, മുംബൈയിലെ വ്യവസായി ദിനേശ് മേനോൻ ബോറിവാലി കോടതിയെ സമീപിച്ചു. വഞ്ചന, ഗൂഢാലോചന എന്നീ കുറ്റങ്ങൾ ചുമത്തി കേസ് രജിസ്റ്റർ ചെയ്തു. കേസ് റദ്ദാക്കണമെന്ന എംഎൽഎയുടെ മുൻ ഹർജി സുപ്രീം കോടതി തള്ളിയിരുന്നു.

ശിക്ഷയ്ക്കെതിരെ അപ്പീൽ നൽകുമെന്ന് മാണി സി കാപ്പൻ പറഞ്ഞു. തന്റെ ഭാഗം കേൾക്കാതെയാണ് വിധി പുറപ്പെടുവിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. താൻ ഹാജരാകാതെ കോടതി വിധി പ്രഖ്യാപിച്ചതിൽ അദ്ദേഹം അത്ഭുതം പ്രകടിപ്പിച്ചു.

Leave a Comment

More News