അഞ്ജനയുടെ ആസൂത്രിത കൊലപാതകം; പോലീസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ അനില ബേബിക്ക് 25 വർഷം വരെ ജയിൽ ശിക്ഷ ലഭിക്കാന്‍ സാധ്യത

ലോസ് ഏഞ്ചൽസ്: കാലിഫോർണിയയിൽ രണ്ട് മലയാളി യുവതികളെ കൊലപ്പെടുത്തിയ കേസിൽ കൂടുതൽ വിവരങ്ങൾ പുറത്തുവന്നു. അഞ്ജനയും അനിലയും തമ്മിൽ എന്തെങ്കിലും പ്രശ്നമുള്ളതിന്റെ സൂചന അവസാന നിമിഷങ്ങളിൽ ഉണ്ടായിരുന്നില്ലെന്ന് ദൃക്സാക്ഷി മൊഴികൾ. ആസൂത്രിതമായിരുന്നു അനിലയുടെ നീക്കങ്ങൾ എന്നാണ് പോലീസ് അനുമാനം. അന്വേഷണം പുരോഗമിക്കുകയാണ്.

അഞ്ജന അനിലയുടെ വാഹനത്തിനടുത്തേക്ക് വന്നത് ചിരിച്ചുകൊണ്ടായിരുന്നെന്ന് പോലീസ് രേഖപ്പെടുത്തിയ ദൃക്സാക്ഷി മൊഴികൾ . വാഹനത്തിന് അടുത്തേക്ക് നടന്നു വരുന്നത് കണ്ട സാക്ഷികൾ, ആ രംഗം അവർ തമ്മിൽ നല്ല സൗഹൃദത്തിലായിരുന്നുവെന്ന സൂചന നൽകുന്നതായിരുന്നെന്ന് മൊഴി നൽകി. നിറുത്തിയിട്ടിരുന്ന അനിലയുടെ വാഹനം അപ്രതീക്ഷിതമായി വേഗം കൂട്ടുകയും അഞ്ജനയെ ഇടിക്കുകയുമായിരുന്നെന്ന് സാക്ഷികൾ പറയുന്നു. അനില തന്റെ വാഹനത്തിന്റെ ബ്രേക്ക് ചവിട്ടിയതിന്റെ സൂചനകളൊന്നും സ്ഥലത്തില്ല. സ്കിഡ് മാർക്കുകളോ ടയർ ഫ്രിക്ഷൻ അടയാളങ്ങളോ വഴിയിൽ കണ്ടെത്താനായില്ല.

ഈ സാഹചര്യത്തെളിവുകളിൽ നിന്ന് ഇതൊരു ആസൂത്രിതമായ കൊലപാതകമാണെന്ന് പോലീസ് ഡിറ്റക്ടീവുകൾ കരുതുന്നു. അതേസമയം, ഇരുവരും തമ്മിലുള്ള ഏതെങ്കിലും തർക്കത്തിന്റെ സൂചനളൊന്നും പോലീസ് ഇതുവരെ പുറത്തുവിട്ടിട്ടില്ല.

തൃശൂർ മുടിക്കോട് തെക്കൂട്ട് സ്വദേശി അഞ്ജന ഹരിയെയും (35), തിരുവനന്തപുരം കേശവദാസപുരം കാക്കനാട് ലെയ്ൻ മറ്റത്ത് ആൻ മേരി മാത്യു (40)വിനെയുമാണ് അനില ബേബി കൊലപ്പെടുത്തിയത്. കേസിൽ അന്വേഷണം പുരോഗമിക്കുകയാണ്. നിലവിൽ അഞ്ജന ഹരിയെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിൽ ചാർത്തുന്ന വകുപ്പുകളുടെ കാര്യത്തിൽ വ്യക്തത വന്നതായാണ് വിവരം.

മനപ്പൂർവമായ നരഹത്യയാണ് പൊലീസ് ചാർജ് ചെയ്തിരിക്കുന്നതെന്ന് റിപ്പോർട്ടുകൾ പറയുന്നു. കുറ്റക്കാരിയെന്നു കോടതി കണ്ടെത്തിയാൽ 25 വർഷം വരെ ജയിൽ ശിക്ഷ ലഭിക്കാം.

നിലവിൽ സാന്റ ക്ലാര കൗണ്ടി മെയിൻ ജയിലിലുള്ള അനില ബേബിയെ 10ന് കോടതിയിൽ ഹാജരാക്കും. നേരത്തെ അനിലയെ പ്രാഥമികമായി കോടതിയിൽ ഹാജരാക്കുന്നത് ചൊവ്വാഴ്ചത്തേക്ക് വെച്ചിരുന്നതാണ്. ഇത് സെപ്റ്റംബർ 10-ലേക്ക് മാറ്റിയതായി കാലിഫോർണിയയിലെ മാധ്യമങ്ങൾ പറയുന്നു. നിലവിൽ കൗണ്ടി മെയിൻ ജയിലിൽ ജാമ്യമില്ലാതെ കഴിയുകയാണ് അനിത.

ബ്ലൂ ടൊയോട്ട ഹൈലാന്റർ എസ്‌യുവി ഉപയോഗിച്ചാണ് അനില അഞ്ജനയെ ഇടിച്ചു വീഴ്ത്തിയതെന്നാണ് പോലീസ് പറയുന്നത്. വാഹനം വേഗത്തിൽ മുന്നോട്ടെടുത്ത് അഞ്ജനയുടെ മുകളിലൂടെ കയറ്റിയിറക്കി. തുടർന്ന് അവിടെയുണ്ടായിരുന്ന മറ്റ് മൂന്ന് വാഹനങ്ങളിൽ ഇടിച്ചുകൊണ്ട് വാഹനം വേഗത്തിൽ ഓടിച്ചുപോയി. പോലീസ് എത്തുമ്പോൾ തലയ്ക്ക് ഗുരുതരമായ പരിക്കേറ്റ നിലയിലായിരുന്നു അഞ്ജന. സംഭവസ്ഥലത്തു വച്ചുതന്നെ മരണം സ്ഥിരീകരിച്ചു. നോർത്ത് മിൽപിറ്റാസ് ബൊളിവാർഡിലെ വാൾഗ്രീൻസ് പാർക്കിംഗ് ഏരിയയിൽ വെച്ചാണ് അനിലയെ കണ്ടെത്തിയത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ 440 ഡിക്സൺ ലാന്റിങ് റോഡിലുള്ള ‘മിൽ ക്രീക്ക് അപ്പാർട്ട്‌മെന്റ്‌സില്‍ വെച്ചായിരുന്നു സംഭവമെന്ന് പോലീസിനെ ഉദ്ധരിച്ച് കാലിഫോർണിയയിലെ മാധ്യമങ്ങൾ പറഞ്ഞു.

പിടികൂടുമ്പോൾ അനില മാനസികമായി അസ്ഥിരമായ നിലയിലായിരുന്നെന്ന് പോലീസ് പറയുന്നു. ചോദ്യങ്ങൾക്കൊന്നും ഉത്തരം നൽകാൻ അനിലയ്ക്ക് കഴിഞ്ഞിരുന്നില്ല. കൈകാലുകളിൽ പരിക്കുകളുണ്ടായിരുന്നു.

Leave a Comment

More News