ഫോമാ തിരഞ്ഞെടുപ്പ്: പൊരിഞ്ഞ പോരാട്ടം; പ്രചാരണങ്ങൾ കൊഴുക്കുന്നു, കടുക്കുന്നു (നർമ്മ ലേഖനം)

അടുത്ത രണ്ടു വർഷത്തേക്കുള്ള ഫോമാ ഭാരവാഹികളുടെ തിരഞ്ഞെടുപ്പു നോമിനേഷൻ പ്രോസസും പ്രചാരണവും തിരുതകൃതിയായി ആരംഭിച്ചിട്ട് ഏകദേശം രണ്ടു വർഷമാകുന്നു. അതായത് ഇപ്പോൾ പ്രവർത്തിക്കുന്ന ഭാരവാഹികൾ സത്യ വാചകം ചൊല്ലി അധികാരവും പ്രവർത്തനവും ആരംഭിച്ച ദിനം മുതൽ ഇനി വരാൻ പോകുന്ന അടുത്ത രണ്ടു വർഷത്തേക്കുള്ള ഭാരവാഹികൾ ആകേണ്ടവരുടെ തിരച്ചലും, പ്രഖ്യാപനങ്ങളും, നോമിനേഷൻ, ഇലക്ഷൻ പ്രചാരണ തന്ത്രങ്ങളും ആരംഭിച്ചു കഴിഞ്ഞിരുന്നു. ഒരു മുഴം മുമ്പേ മാത്രമല്ല പല മുഴം മുമ്പേ അവരുടെ ആവനാഴികൾ ഇലക്ഷൻ ഗോദായിലേക്ക് തൊടുത്തു വിടാനുള്ള വൈദഗ്ധ്യം ഇപ്പോൾ മല്ലടിക്കുന്ന ഇരു പാനലുകൾക്കും ഉണ്ടായിരുന്നു. അത് അവർ തെളിയിച്ചു കൊണ്ടിരിക്കുകയാണ്. ഇപ്പോൾ ഇലക്ഷൻ ഗോദയിൽ തന്ത്രകുതന്ത്രങ്ങളുടെ, ചാണക്യ ബുദ്ധിയോടെ മല്ലടിക്കുന്ന ഇരുപാനൽ സൗഹാർദ്ദ ടീമുകളും ഒന്നിനൊന്ന് മെച്ചമാണെന്ന് പറയേണ്ടിയിരിക്കുന്നു. രണ്ടു കൂട്ടരും യോഗ്യർ പരമ യോഗ്യർ. ഇവരെ ആരെ ബാലറ്റിൽ കുത്തി ജയിപ്പിക്കണം? അല്ലെങ്കിൽ ബാലറ്റ് ബോക്സിൽ കുത്താതെ മലർത്തിയടിച്ച് തോൽപ്പിക്കണം? വോട്ട് ചെയ്യാൻ അർഹരായ ഡെലിഗേറ്റുകൾ ഇക്കാര്യത്തിൽ ആകപ്പാടെ ഇത്തരം ഒരുതരം ചിന്താ കുഴപ്പത്തിലാണെന്നാണ് അറിയാൻ കഴിഞ്ഞത്. പൊരിഞ്ഞ കനത്ത ഇലക്ഷൻ കൊമ്പ് കോർക്കൽ, കോഴി പോരാട്ടം ആണെങ്കിലും ഇവിടെ രക്തം ചൊരിച്ചിൽ ഒട്ടുമില്ല. കാരണം ഇരുപാനലുകാരും ആരോപണങ്ങളോ പ്രിത്യാരോപണങ്ങളോ ചളി വാരിയെറിയലൊ ഒട്ടുംതന്നെ ഇല്ലെന്ന് വളരെ സന്തോഷത്തോടെ പറയാം. ആരോ തമാശക്കാർ ഇതിനെപ്പറ്റി ഉരിയിട്ടത് ” ഇവർ ഇരുപാനലുകാരും വളരെ ഡീസണ്ടുള്ള വോട്ട് തെണ്ടികൾ ആണെന്നാണ്”.

ഇന്ത്യാ സർക്കാരിൻറെ നീറ്റ് പരീക്ഷയിൽ കാര്യമായി ഒന്നും പഠിക്കാതെ പോയി കറക്കി കുത്തുന്ന ചില വിദ്യാർത്ഥികളുടെ മാതിരി ഈ വരുന്ന ഫോമയുടെ ഇലക്ഷൻ ബാലറ്റിൽ വെറുതെയങ്ങ് കറക്കി കുത്തിയാലോ എന്ന് ചിന്തിക്കുന്ന ഡെലിഗേറ്റസും ഉണ്ടെന്നാണ് അറിയാൻ കഴിഞ്ഞത്. തെരഞ്ഞെടുപ്പ് അടുക്കും തോറും സ്ഥാനാർത്ഥികളുടെ ചങ്കിടിപ്പ് ഏറി വരികയാണ്. തെരഞ്ഞെടുപ്പിനായി കെട്ടിവെച്ച കാശ്, അതുപോലെ പ്രചാരണത്തിനായി മുടക്കിയ കാശ് എങ്ങനെയെങ്കിലും തിരിച്ചുപിടിക്കണം എന്നതായിരിക്കും സ്വാഭാവികമായി ചില സ്ഥാനാർത്ഥികളുടെ ചിന്ത. ഈ ലേഖനം, ഒരു പാനലിനും, അല്ലെങ്കിൽ ഒരു വ്യക്തിക്കും വേണ്ടിയുള്ള പ്രചരണമോ, പിന്തുണയോ അല്ല. ഇതൊരു സ്വതന്ത്ര ചിന്തയോ, അത്തരം ലേഖനമോ ആയി മാത്രം കണ്ടാൽ മതി. കാര്യക്ഷമതയുള്ള, അർപ്പണബോധമുള്ള, നീതിബോധമുള്ള, നല്ല അറിവുള്ള വ്യക്തികൾ തെരഞ്ഞെടുക്കപ്പെടണം എന്നത് ആയിരിക്കുമല്ലോ ഭൂരിഭാഗം വ്യക്തികളും ചിന്തിക്കുന്നത്.

ഇലക്ഷനിൽ കൊമ്പു കോർക്കുന്ന, സ്ഥാനാർത്ഥികളുടെ ഓജസും തേജസും ബുദ്ധിമുട്ടും പങ്കപ്പാടും ശുഷ്കാന്തിയും പണച്ചെലവും ഒക്കെ കണക്കാക്കുമ്പോൾ ഇവർക്കൊക്കെ ഇപ്പോൾ തന്നെ പൊന്നാടയും ഫലകങ്ങളും കൊടുക്കാൻ തോന്നുന്നു. ഇനിയിപ്പോൾ ജയിച്ചു കേറുന്ന സ്ഥാനാർത്ഥികൾ അധികാര കസേരയിൽ അമർന്ന് ഒട്ടിപ്പിടിച്ച് ഇരുന്നാൽ മാത്രം പോരല്ലോ. അവർ സ്വന്തം പോക്കറ്റിലെ കാശും മുടക്കി കാറിലും വിമാനത്തിലും കയറി അമേരിക്കയിലെ മലയാളി അംഗസംഘടനകളെ സന്ദർശിക്കണം, അവരെയൊക്കെ സേവിക്കണം. അവരുടെ യോഗങ്ങളിൽ ഇടിച്ചു കയറി നീണ്ട നീണ്ട പ്രസംഗങ്ങൾ നടത്തണം. പലവട്ടം നാട്ടിലേക്ക് വിമാനത്തിൽ പറന്നു, നാട്ടിൽ മന്ത്രിമാരെയും, മത മേലധ്യക്ഷന്മാരെയും, സിനിമക്കാരെയും പ്രമാണിമാരെയും സന്ദർശിക്കണം, ഫോട്ടോയെടുക്കണം പബ്ലിസിറ്റി കൊടുക്കണം. ഏതെങ്കിലും പ്രമാണികൾ എവിടെയെങ്കിലും മരിച്ചാൽ അതും പ്രശ്നമായി. ഉടൻതന്നെ ഞെട്ടണം ഞെട്ടിത്തെറിക്കണം, ആ വാർത്ത പത്രത്തിലും കൊടുക്കണം. ഇതെല്ലാം ചെയ്യേണ്ടത് സ്വന്തം പോക്കറ്റിൽ നിന്ന് കാശ് എടുത്താണ് എന്നുള്ള ഒരു ദുർവിധിയും ഉണ്ട്. ചില പബ്ലിക്കുകൾ, അല്ലെങ്കിൽ അസൂയക്കാർ ഈയിടെ പറയുന്നത് കേട്ടു. പോക്കറ്റിൽ കിടക്കുന്ന കാശ് എടുത്ത്, കടിക്കുന്ന പട്ടിയെ മേടിച്ച് കടി കൊള്ളുന്ന ഒരു അനുഭവം ആണ് ഇതൊക്കെ എന്ന്.

ജയിച്ചു വന്നാൽ പിന്നെ ഭാരവാഹിയായി പിന്നെ എന്തെങ്കിലും ഒരു പരിപാടി സംഘടിപ്പിക്കണമെങ്കിൽ, അതിന് പണം സംഭരിക്കാൻ സ്പോൺസർമാരെ തേടി അലയണം. പൊതുപരിപാടികൾ സംഘടിപ്പിക്കുമ്പോൾ അവിടെയൊക്കെ മലയാളി മേയറന്മാരും കൗൺസിലർമാരും, മറ്റു മലയാളി ഇലക്റ്റഡ് ഓഫീഷ്യൽസും തള്ളിക്കേറി വന്നു പൂമാലയും മേടിച്ച് പതിവിൻപടി വായിട്ടടിച്ച് മനുഷ്യൻറെ സമയം നഷ്ടപ്പെടുത്തി ഇറങ്ങിപ്പോകും. അല്ല അവരാരും തള്ളിക്കേറി വരാത്ത പക്ഷം അവരെ പിടിച്ചു കൊണ്ടുവന്നു മുഖ്യപീഠത്തിൽ ഇരുത്തി ആദരിക്കാതിരുന്നാൽ അതിൻറെ കുറ്റവും കുറവും പഴിയും ഈ പറയുന്ന സംഘടന ഭാരവാഹികളും കേൾക്കേണ്ടിവരും. ചിലയിടങ്ങളിൽ സാദാ തിരുമേനിമാരെയും, മറ്റു മുട്ടൻ തിരുമേനിമാരെയുംപൊക്കി കൊണ്ടുവന്നു വേദിയിൽ ഇരുത്തേണ്ടിവരും, അവരെക്കൊണ്ട് ആദ്യം വിളക്ക് കൊളുത്തിക്കേണ്ടതായ ദൗർഭാഗ്യ ദൗത്യവും വന്നുചേരും. അതൊക്കെ അധികാരം കിട്ടി കഴിഞ്ഞിട്ടുള്ള കാര്യങ്ങളല്ലേ. അതിനെപ്പറ്റി ഇപ്പോഴേ ആലോചിച്ച് തല പുണ്ണാകേണ്ടതില്ല. ” പോനാൽ പോകട്ടും പോടാ.. എന്ന് മൺമറഞ്ഞ തമിഴ് സൂപ്പർ സിനിമ താരം മക്കൾ തിലകം എംജിആർ പാടിയതുപോലെ കിട്ടിയാൽ ഏഴാം കടലിനക്കരെയുള്ള ഒരു സൂപ്പർ മെഗാ സംഘടന നയിക്കാനുള്ള കമ്മറ്റിയിൽ ജയിച്ചു കടന്നുകൂടുക എന്നതാണ് മുഖ്യം.

ഫോമ ഒരു നോൺ പ്രോഫിറ്റ് സേവാ സംഘടന ആണെങ്കിൽ തന്നെയും കേരളത്തിലെ പൊളിറ്റിക്കൽ ഇലക്ഷനുമായി ചില സാമ്യങ്ങൾ കാണുന്നുണ്ട്. നാട്ടിലെ മാതിരി ഇലക്ഷൻ പ്രചരണ ചുവരെഴുത്ത്, ജീപ്പിൻറെ മുകളിൽ മൈക്ക് വെച്ചു കെട്ടി റോഡ് നീളെയുള്ള തൊള്ള തുറപ്പൻ ഗർജ്ജനങ്ങളോ, പന്തം കൊളുത്തി പ്രകടനങ്ങളോ, എലിവാണം, മാലപ്പടക്കം, കതിനവെടി, അമിട്ട് തുടങ്ങിയ കരിമരുന്ന് പ്രയോഗങ്ങൾ ഉൾപ്പെടെയുള്ള ഗൃഹാതുര ഒച്ചപ്പാട് ഇലക്ഷൻ പ്രചരണ പരിപാടികൾ ഇവിടെ, യുഎസ്സിൽ ഇല്ലെങ്കിൽ തന്നെയും, കാലം മാറിയപ്പോൾ കോലവും മാറി എന്നപോലെ ഇവിടത്തെ ഇലക്ട്രോണിക്, സോഷ്യൽ മീഡിയ മാധ്യമങ്ങളിൽ മുൻപറഞ്ഞ ഇരു പാനലുകാരുടെയും കണ്ണ്ചിമ്മുന്ന, കളർഫുൾ അഭ്യാസപ്രകടനങ്ങൾ, തെരഞ്ഞെടുപ്പ് പാരഡി ഗാനങ്ങൾ പബ്ലിക്ക് കാണുന്നുണ്ട്. കേൾക്കുന്നുണ്ട്. പിന്നെ ഒരു വ്യത്യാസം, നാട്ടിലെ കഴിഞ്ഞ അസംബ്ലി തെരഞ്ഞെടുപ്പ് എടുക്കുക. അവിടുത്തെ ഇലക്ഷൻ കമ്മീഷന്റെ തെരക്കെടുപ്പ് പ്രഖ്യാപനം വന്നു. സ്ഥാനാർത്ഥികൾക്ക് നോമിനേഷൻ കൊടുക്കാനും, പിൻ വലിക്കാനും ഇലക്ഷൻ പ്രചാരണത്തിനും, ഇലക്ഷനും എല്ലാം കൂടി ഒരു മാസം മാത്രം. എന്നാൽ അമേരിക്കയിലെ, ഇത്തരം മെഗാ സംഘടനകൾക്ക് ഇലക്ഷൻ പ്രോസസിനും പ്രചാരണത്തിനും ഒക്കെയായി നീണ്ട രണ്ടു വർഷക്കാലം അതുപോലെ ജയിച്ചു വന്നാൽ പ്രവർത്തിക്കാനായി ഭരിക്കാൻ ആയി രണ്ടു വർഷക്കാലം, എന്തൊരു അന്തരം?. സ്വയം വരുത്തി വയ്ക്കുന്ന എന്തൊരു വിരോധാഭാസം.

എല്ലാം ചുരുക്കി എഴുതി. എന്നാൽ കല്യാണ തിരക്കിനിടെ ചെക്കൻ കല്യാണ പെണ്ണിനെ താലികെട്ടാൻ മറന്നപോലെ ആകരുതല്ലോ. ഏതൊക്കെയാണ് മത്സരപാനലുകൾ എന്നു നോക്കാം. ടീം പ്രോമിസ്, അതായത് ഭാവിയുടെ വാഗ്ദാനം: മാത്യു വർഗീസ് – പ്രസിഡണ്ട്, ജോൺസൻ ജോസഫ് – വൈസ് പ്രസിഡൻഡ്, അനൂസ്കറിയ – ജനറൽ സെക്രട്ടറി, രേഷ്മ രഞ്ജൻ – ജോയിൻറ് സെക്രട്ടറി, ബിനോയ് തോമസ് – ഖജാൻജി, ടിറ്റോ ജോൺ – ഉപ ഖജാൻജി.

മറ്റേ പാനൽ: ടീം വോയിസ്, അതായത് ജനശബ്ദം. ബിജു തോണിക്കടവിൽ പ്രസിഡണ്ട്, സാമുവൽ മത്തായി – വൈസ് പ്രസിഡൻഡ്, പോൾ പി. ജോസ് – ജനറൽ സെക്രട്ടറി, ഡോക്ടർ മഞ്ജു പിള്ള – ജോയിൻറ് സെക്രട്ടറി, പ്രദീപ് നായർ – ഖജാൻജി, ജോൺസൺ കണ്ണൂക്കാടൻ – ഉപ ഖജാൻജി എന്നിവരാണ് അവർ. ഇരു പാനലിലും ഏതാണ്ട് 70 വയസ്സിൽ തീരെതാണവർ, മിടുമിടുക്കന്മാർ മിടുമിടുക്കികൾ. ആരെ പിന്തുണയ്ക്കും? ആകപ്പാടെ ഒരു കൺഫ്യൂഷൻ? ഒരു അങ്കലാപ്? ആര് ജയിച്ചാലും ഫോമയുടെ പൂക്കാലം വസന്തകാലമായിരിക്കും വരാൻ പോകുന്നത് അല്ലേ?

എന്നാൽ, ഇരുപാനലിലും മറ്റ് നിരവധി പൊസിഷമുകളിൽ അനവധി അർഹരായ, ഒരുതരത്തിൽ പറഞ്ഞാൽ ഓവർ ക്വാളിഫൈഡ് ആയ ബഹുമാന്യ വ്യക്തികൾ മത്സരിക്കുന്നുണ്ട്. വിസ്താര ഭയത്താൽ അവരുടെ എല്ലാവരുടെയും പേര് ഇവിടെ എഴുതാൻ നിർവാഹമില്ല. അവരെല്ലാവരും നിരവധി യോഗ്യതയുള്ളവരെന്ന കാര്യത്തിൽ തർക്കമില്ല. രണ്ടു പാനൽകാരും അടുത്ത കൺവെൻഷൻ ഫ്ലോറിഡയിൽ തന്നെ വേണമെന്ന് ആഗ്രഹിക്കുന്നവരാണ് എന്ന് തോന്നുന്നു. പക്ഷേ ഇലക്ഷൻ നിഷ്പക്ഷവും സുതാര്യവും ആയിരിക്കണം. പണ്ട് ഫ്ലോറിഡയിലെ ഒർലാണ്ടോയിൽ വെച്ച് നടത്തിയ ഫൊക്കാനാ ഇലക്ഷനിൽ ഉണ്ടായ അസ്വാരസ്യങ്ങൾ, തിരിമറികൾ, തകിടം മറിച്ചിലുകൾ ആണല്ലോ ഫോമായുടെ പിറവിക്കു തന്നെ ആധാരമായത്. അതിലേക്ക് കൂടുതൽ കടക്കുന്നില്ല. അതൊക്കെ അടഞ്ഞ അധ്യായങ്ങൾ.

ഒരു പ്രീ പോൾ സർവ്വേ അനുസരിച്ച് രണ്ട് പാനൽ മുന്നണികളും കട്ടക്ക് കട്ടക്ക്, അതായത് ഒപ്പത്തിനൊപ്പം എന്നാണ് അറിയാൻ കഴിഞ്ഞത്. കഴിഞ്ഞ ലോകകപ്പ് ഫുട്ബോൾ മത്സരത്തിൽ അർജൻറീനയും, സ്പെയിനും കളിക്കളത്തിൽ കൊമ്പ് കോർത്തപ്പോൾ ഉണ്ടായിരുന്ന ഉൽക്കണ്ഠയും ആകാംക്ഷയും ഇക്കാര്യത്തിൽ ചുരുക്കം ചില അമേരിക്കൻ മലയാളികൾക്ക് ഉണ്ടെന്ന് മനസ്സിലാക്കുന്നു. എല്ലാത്തവണയും പോലെ ഈ തവണയും ഹ്യൂസ്റ്റനിൽ നടക്കാൻ പോകുന്ന ഫോമാ കൺവെൻഷനിലെ ഏറ്റവും ആകർഷകമായ ഐറ്റം ഈ ഇലക്ഷൻ തന്നെയാണെന്ന് തോന്നുന്നു. മറ്റ് എല്ലാ പരിപാടികളും ഒരുതരം ചേരുവകൾ മാത്രമാണെന്ന് തോന്നുന്നു. പ്രത്യേകിച്ച് നാട്ടിൽ നിന്ന് പൊക്കിക്കൊണ്ട് വരുന്ന മുഖ്യാതിഥികളുടെ, സുഖിപ്പിക്കുന്ന വായിട്ടടിയും, അധിക ചെലവുകളും മറ്റും സംഘടനയ്ക്ക് ഒരു ബാധ്യത മാത്രമായിരിക്കും. കൺവെൻഷനും ഇലക്ഷനും ആശംസകൾ നേർന്നുകൊണ്ട് ഈ ലേഖനം ചുരുക്കുന്നു.

(ഇനി ഏതാനും ദിവസങ്ങൾക്കകം അടുത്തതായി ഫൊക്കാനാ ഇലക്ഷനെ പറ്റിയും ഒരു അല്പം എരിവും പുളിയും ചേർത്ത് ഇത്തരത്തിലുള്ള ഒരു നർമ്മലേഖനം എഴുതാൻ ഈ ലേഖകൻ ഉദ്ദേശിക്കുന്നുണ്ട്)

2 Thoughts to “ഫോമാ തിരഞ്ഞെടുപ്പ്: പൊരിഞ്ഞ പോരാട്ടം; പ്രചാരണങ്ങൾ കൊഴുക്കുന്നു, കടുക്കുന്നു (നർമ്മ ലേഖനം)”

  1. മത്തായി ചെളിപ്പറമ്പിൽ

    ഇപ്പോഴത്തെ ഭരിക്കുന്ന ടീം ആരെയാണ് സപ്പോർട്ട് ചെയ്യുന്നത്? അറിയാമോ? സ്വതന്ത്രമായിട്ട് ഇലക്ഷൻ നടക്കുമോ?. ? എന്തൊക്കെയാണ് അടിയൊഴുക്കുകൾ?. വോട്ടു പെട്ടികൾ ആരെങ്കിലും മോഷ്ടിക്കുമോ?. ചിലർ ഉദ്ദേശിക്കുന്ന മാതിരി ചിലർ വിജയം കണ്ടില്ലെങ്കിൽ ബഹളം ഉണ്ടാക്കി വോട്ട് തന്നെ മാറ്റിവയ്ക്കാൻ സാധ്യതയുണ്ടെന്ന് ഒരു ശ്രുതി ഉണ്ട്. കൃത്രിമങ്ങൾ കണ്ടെത്തുകയോ, പെട്ടി നഷ്ടപ്പെടുകയോ ചെയ്താൽ Repolling ഉണ്ടാകും. Recount . ഉണ്ടാകും എന്ന് കേൾക്കുന്നു. ജയിക്കുന്ന ചില ആൾക്കാരെ റാഞ്ചാനും സാധ്യതയുണ്ടെന്ന് കേൾക്കുന്നു. പണ്ടൊക്കെ ചിക്കൻ കാൽ ആയിരുന്നു കാലുമാറ്റക്കാർക്ക് കൊടുത്തിരിക്കുന്നത്. ഇപ്പോൾ അതുക്കും മേലെ വല്ലതും ആയിരിക്കും. ഇവിടെ പൊസിഷൻ കിട്ടിയില്ലെങ്കിൽ, അടുത്തയാഴ്ച നടക്കുന്ന FOKANA ചിലർ എടുത്ത് ചാടാൻ സാധ്യതയുണ്ട്. എല്ലാം കെട്ട് കേൾവിയും ശ്രുതിയുംആണ് കേട്ടോ. ചെറുപ്പക്കാർ എല്ലാം സിനിമാക്കാരുടെയും ബ്യൂട്ടികളുടെയും പിറകെ ആയിരിക്കും. മുതുക്കന്മാർ ഗൗനിക്കപ്പെടാതെ എവിടെയെങ്കിലും പോയി കുത്തിയിരിക്കും. ഏതായാലും സംഗതി കലക്കും. മേലെ എഴുതിയിരിക്കുന്ന അവലോകനം, അറിവും തമാശയും തരുന്നതാണ്. ഇത്തരം അവലോകനങ്ങൾ ഇനിയും ധാരാളം എഴുതണം.

  2. ഒരു വായനക്കാരൻ

    ഇവിടെ ഫോമ ഇലക്ഷനെ പറ്റി വളരെ സരസമായിട്ട് കാര്യമാത്ര പ്രസക്തമായ എഴുതിയിട്ടുണ്ട്. പക്ഷേ കൺവെൻഷന്റെ മറ്റു പരിപാടികളെ പറ്റി കാര്യമായി ആരും ഒന്നും എഴുതി കണ്ടില്ല. എൻറെ ആരോഗ്യനില അത്ര തൃപ്തികരമല്ലാത്തതുകൊണ്ടും പിന്നെ പ്രായപരിധി ഒക്കെ കഴിഞ്ഞതുകൊണ്ട് ഞാൻ ഒരു കൺവെൻഷനും ഇപ്രാവശ്യം പോകുന്നില്ല. പക്ഷേ വിവരങ്ങളെല്ലാം വായിച്ച് അറിയാൻ ആഗ്രഹമുണ്ട് അതിൻറെ വീഡിയോകൾ ഒക്കെ കാണാനും ആഗ്രഹമുണ്ട്. അത് മാതിരി, ഇതെല്ലാം പൊതു ജനങ്ങളിൽ നിന്ന് പണം കളക്ട് ചെയ്ത് നടത്തുന്ന പരിപാടികൾ ആണല്ലോ. പൊതുജനങ്ങൾക്ക് അവരുടെ പണം എങ്ങനെ ചെലവായി എന്ന് അറിയാനും ആഗ്രഹം കാണുമല്ലോ. അധിക റിപ്പോർട്ടർമാരും, മറ്റു പണിയാളുകളും, പണം കൊടുത്തും മറ്റും മറ്റും നല്ലതായി മാത്രം എല്ലാം എഴുതുന്നു. . എന്തെങ്കിലും പോരായ്മകൾ തോൽവികൾ, വൃത്തികേടുകൾ, ശരിയല്ലാത്ത പരിപാടികൾ അവിടെ ഉണ്ടെങ്കിൽ അതും വളരെ വൃത്തിയായി ആരെങ്കിലും വിമർശന ബുദ്ധിയാ തന്നെ എഴുതുമെന്ന് പ്രതീക്ഷിക്കട്ടെ. നമ്മൾക്ക് എവിടെയെങ്കിലും രണ്ടു വർഷവും കേൾക്കണമല്ലോ. ഒരു കാര്യം ഞാൻ കേട്ടു. . അതായത് ഓണത്തിനിടെ പൂട്ടുകച്ചവടം എന്ന്. അതായത് പണവും വിയർപ്പും ഒന്നും ഒഴുക്കാതെ ipcna എന്നോ മറ്റോ ഉള്ള ഒരു പ്രസ് ക്ലബിലെ ഏതാണ് ചില പ്രസിദ്ധീകരണങ്ങളെ ഏതാനും ചില വ്യക്തികളെ മാത്രം പൊക്കി കൊണ്ടുള്ള സംവാദങ്ങളോ ഉദ്ഘാടനങ്ങൾ അവിടെ നടത്തുന്നു എന്ന്. അത് ശരിയാണോ?. അവർക്ക് മാത്രം എന്താണ് ഒരു പ്രത്യേകത?. ഒരു തിരിച്ചുവേദം?. ഇവിടെ വേറെയും പ്രസ് ക്ലബ്ബുകൾ ഉണ്ടല്ലോ?. വേറെയും സാഹിത്യ സംഘടനകളും മറ്റും ഉണ്ടല്ലോ? അവർക്കും ഒരു പ്രത്യേകമായ സമ്മേളനത്തിന് എന്തുകൊണ്ട് അവസരം കൊടുക്കുന്നില്ല. കൂടാതെ ഫ്രീലാൻസ് റൈറ്റേഴ്സ് ഇവിടെ ധാരാളം ഉണ്ടല്ലോ? IAPC എന്ന ഒരു പ്രസ് ക്ലബ് സംഘടന വേറെയും ഉണ്ടല്ലോ.Dallas കേന്ദ്രമാക്കി മറ്റൊരു പ്രസ് ക്ലബ് സംഘടന ഉണ്ടല്ലോ? Thampa കേന്ദ്രമാക്കി മറ്റൊന്നും ഉണ്ടല്ലോ. അവർക്ക് ആർക്കും കൊടുക്കാത്ത ഈ സൗജന്യം ipcna എന്നിലെ ചില തൽപരകക്ഷികൾക്ക് മാത്രം എന്തുകൊണ്ട് കൊടുക്കുന്നു? ഇത് ചോദ്യം ചെയ്യപ്പെടേണ്ടതല്ലേ ഇത് അഴിമതി അല്ലേ?. ഇതിനെപ്പറ്റി മാധ്യമങ്ങളിൽ പ്രോട്ടെസ്റ്റ് എഴുത്തുകൾ വരേണ്ടതല്ലേ?. എന്തൊരു പരിപാടിയാണ്?. അമേരിക്കയിലെ സ്വതന്ത്ര മാധ്യമപ്രവർത്തകർ ഇതെല്ലാം പൊക്കിക്കൊണ്ട് വരണം എഴുതണം. എല്ലാവർക്കും തുല്യ അവസരമാണ് ഈ മെഗാ സംഘടനക്കാർ കൊടുക്കേണ്ടത്?.

Leave a Comment

More News