കോട്ടയം: കുമാരനല്ലൂർ റെയിൽവേ സ്റ്റേഷനിലെ രണ്ടാമത്തെ പ്ലാറ്റ്ഫോമിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ മൂന്ന് മാസത്തിനുള്ളിൽ പൂർത്തീകരിക്കുമെന്ന് ഫ്രാൻസിസ് ജോർജ് എംപി പറഞ്ഞു. റെയിൽവേ സ്റ്റേഷൻ സന്ദർശിച്ച് നിർമ്മാണ പ്രവർത്തനങ്ങൾ വിലയിരുത്തിയ ശേഷമാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
നിലവിലുള്ള പ്ലാറ്റ്ഫോമിന്റെ അതേ നീളത്തിലും ഉയരത്തിലുമാണ് പുതിയ പ്ലാറ്റ്ഫോം നിർമ്മിക്കുന്നത്. ഒരു കോടി എഴുപത്തിയഞ്ച് ലക്ഷം രൂപയോളമാണ് ഇതിന്റെ നിർമ്മാണച്ചെലവിന് വരുന്നതെന്നും എം പി പറഞ്ഞു.
പുതിയ പ്ലാറ്റ്ഫോം നിർമ്മിക്കുന്നതോടെ പ്രായമായവർക്കും സ്ത്രീകൾക്കും കുട്ടികൾക്കും ഭിന്നശേഷിക്കാർക്കും എളുപ്പത്തിൽ ട്രെയിനിൽ കയറാനും ഇറങ്ങാനും കഴിയും. സ്റ്റേഷനിലെ ലൈറ്റിംഗ് സംവിധാനങ്ങളിലും മാറ്റം വരുത്തുമെന്ന് അദ്ദേഹം പറഞ്ഞു.
പുതിയ പ്ലാറ്റ്ഫോമിന്റെ നിർമ്മാണം പൂർത്തിയാകുമ്പോൾ, സമീപ പ്രദേശങ്ങളിലെ കുടുംബങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാകുന്നത് ഒഴിവാക്കാന്‍ കാല് നടക്കാര്‍ക്ക് മൂന്നടി വീതിയുള്ള പാത ഉറപ്പാക്കുമെന്ന് അദ്ദേഹം പറഞ്ഞു. റെയിൽവേ അധികൃതർ ഇക്കാര്യത്തിൽ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് ഫ്രാൻസിസ് ജോർജ് വ്യക്തമാക്കി.
എംപിയോടൊപ്പം സാബു മാത്യു, ടി.സി. റോയ്, രാജേഷ്, വിമല കുമാരി, ഡെയ്സി ജോർജ്, അൻസാരി, കെ.ബി. രാജൻ എന്നിവരും ഉണ്ടായിരുന്നു.
ചിങ്ങവനം മുതൽ ചോറ്റാനിക്കര വരെയുള്ള റെയിൽവേ ക്രോസിംഗുകളിലേക്കുള്ള അപ്രോച്ച് റോഡിലെ ടാറിംഗ് ജോലികൾ ഉടൻ പൂർത്തിയാകുമെന്നും ഫ്രാൻസിസ് ജോർജ് പറഞ്ഞു.