ഫീനിക്സ്: അരിസോണയില്‍ കേരള ഹിന്ദൂസ് ഓഫ് അരിസോണ (KHA) യുടെ ആഭിമുഖ്യത്തില്‍ “ഓണം പൊന്നോണം 2026 “ ആഗസ്റ്റ് 22 ശനിയാഴ്ച ഇന്‍ഡോ-അമേരിക്കന്‍ കള്‍ച്ചറല്‍ സെന്ററില്‍ വെച്ച് വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. കേരളത്തിന്റെ സമ്പന്നമായ സാംസ്കാരിക പൈതൃകവും പാരമ്പര്യവും വിളിച്ചോതുന്ന വിപൂലമായ ഈ ആഘോഷ പരിപാടികളില്‍ അരിസോണയുടെ നാനാഭാഗങ്ങളില്‍ നിന്നും ഒട്ടനവധി കുടുംബങ്ങളും സമൂഹാംഗങ്ങളും പങ്കെടുത്തു.
കെ.എച്ച്.എ ഭാരവാഹികളായ ജിജു അപ്പുക്കുട്ടന്‍, വിവേക്, ധനീഷ്, അരുണ്‍, സജിന്‍ എന്നിവര്‍ ചേര്‍ന്ന് നിലവിളക്ക് തെളിയിച്ചതോടെയാണ് ഈ വര്‍ഷത്തെ ഓണാഘോഷ പരിപാടികള്‍ക്കു ഔപചാരികമായി തുടക്കം കുറിച്ചത്. ജില്‍സി ഡിന്‍സും പൂര്‍ണിമ സന്തോഷും പരിപാടിയുടെ അവതാരകരായി. പരമ്പരാഗത കേരള തറവാട് ശൈലിയിലുള്ള പശ്ചാത്തലത്തിനു മുന്നില്‍ ഒരുക്കിയ മനോഹരമായ പൂക്കളം കേരളത്തിന്റെ ഗൃഹാതുരത നിറഞ്ഞ അന്തരീക്ഷത്തിന് മാറ്റേകി.
സബിത സുജിത്ത് ചിട്ടപ്പെട്ടുത്തിയവതരിപ്പിച്ച മെഗാ തിരുവാതിരയായിരുന്നു ആഘോഷത്തിലെ പ്രധാന ആകര്‍ഷണങ്ങളിലൊന്ന്. തിരുവാതിരയ്ക്ക് സദസ്സില്‍ നിന്ന് മികച്ച പ്രതികരണവും കൈയടിയും ലഭിച്ചു.
ചെണ്ടമേളത്തിന്റെ അകമ്പടിയോടെ മുത്തുക്കുടകളും താലപ്പൊലിയും വഞ്ചിപ്പാട്ടും അണിനിരന്ന മഹാബലി ഘോഷയാത്ര ഏറെ ശ്രദ്ധേയമായി. സംഘാടകര്‍ മഹാബലിക്ക് ഊഷ്മളമായ വരവേല്‍പ്പ് നല്‍കി. തന്റെ പ്രിയപ്പെട്ട പ്രജകള്‍ക്ക് മഹാബലി ഓണാശംസകള്‍ നേര്‍ന്നത് ആഘോഷത്തിലെ അവിസ്മരണീയമായ മുഹൂര്‍ത്തമായി.
തുടര്‍ന്ന് അരിസോണയിലെ കലാകാരന്മാരും കുട്ടികളും സമൂഹാംഗങ്ങളും അവതരിപ്പിച്ച വൈവിധ്യമാര്‍ന്ന കലാപരിപാടികള്‍ അരങ്ങേറി. ഉച്ചയോടെ ആരംഭിച്ച വിഭവസമുദ്ധമായ ഓണസദ്യയില്‍ വാഴയിലയില്‍ മുപ്പതിലധികം പരമ്പരാഗത കേരളീയ വിഭവങ്ങളാണ് വിളമ്പിയത്. ശ്രീകുമാര്‍ കൈതവന, കൃഷ്ണകുമാര്‍, സുരേഷ് കുമാര്‍, ആനന്ദ്, ജോലാല്‍ കരുണാകരന്‍ എന്നിവരുടെ നേതൃത്വത്തില്‍ തയ്യാര്‍ ചെയ്തു സദ്യക്ക് നിരവധി വൊളണ്ടിയര്‍മാരുടെ നിസ്വാര്‍ത്ഥമായ സേവനവും ലഭിച്ചു.
അരിസോണയിലെ സമൂഹത്തിന്റെ അകമഴിഞ്ഞ പിന്തുണയ്ക്ക് കെ.എച്ച് .എ പ്രസിഡന്റ് ജിജു അപ്പുക്കുട്ടന്‍ നന്ദി അറിയിച്ചു. സദ്യയുടെ ഒരുക്കങ്ങള്‍ക്കായി അമ്പതിലധികം വൊളണ്ടിയര്‍മാര്‍ ആത്മാര്‍ത്ഥമായി പ്രവര്‍ത്തിച്ചതായും, ആഘോഷം വിജയകരമാക്കുന്നതിനായി ഏകദേശം പത്ത് പേരടങ്ങുന്ന സംഘം ആഴ്ചകളായി അശ്രാന്തം പ്രവര്‍ത്തിച്ചതായും അദ്ദേഹം പറഞ്ഞു.
വൈകീട്ട് നാലു മണിയോടെ അമേരിക്കന്‍, ഇന്ത്യന്‍ ദേശീയ ഗാനങ്ങള്‍ ആലപിച്ചുകൊണ്ടാണ് ആഘോഷങ്ങള്‍ക്ക് സമാപനമായത്. കേരളത്തിന്റെ തനത് പാരമ്പര്യവും സാംസ്കാരിക പൈതൃകവും കാത്തുസൂക്ഷിക്കുന്നതിനൊപ്പം, അരിസോണയിലെ പ്രവാസി സമൂഹത്തിന്റെ ശക്തമായ പിന്തുണയും സഹകരണ മനോഭാവവും വിളിച്ചോതിയ അവിസ്മരണീയമായ ഓണാഘോഷമായിരുന്നു ഇത്.









