പ്ലാറ്റ്ഫോം വിജനമാണ്. ട്രെയിൻ വരുവാനിനിയും സമയമേറെയുണ്ട്. റയിൽവേ ക്രോസ്സും കടന്നു മീരയുടെ കാർ കടന്നു പോകുമ്പോൾ ദേവൻ വെറുതെ കൈ ഉയർത്തി വീശി. പോക്കറ്റിൽ തിരുകിയ ടിക്കറ്റ് എടുത്തു ഒന്ന് കൂടി നോക്കി. സമയം ഇനിയും ഒരു മണിക്കൂറിൽ അധികമുണ്ട്. വെറുതെ പ്ലാറ്റ്ഫോമിൽ കൂടി നടക്കുമ്പോൾ അങ്ങ് ദൂരെ മിടായിക്കുന്നിന് മുകളിലെ കോളേജ് ദൃശ്യമായി. കോളേജിൽ നിന്നും കിഴക്കോട്ടൊള്ള തൊണ്ടു (ഇടവഴി) ഇറങ്ങി പാടവും,ചെറിയ കൈത്തോടും ചാടികടന്നാൽ റയിൽവെ ആയി. കഷ്ടിച്ചു രണ്ടു കിലോമീറ്റർ നടന്നാൽ സ്റ്റേഷനും, മൂവാറ്റുപുഴയാറിനെ വെട്ടിമുറിക്കുന്ന ഇരുമ്പു പാലവുമാണ്.
വെറുതെ നിന്ന് മുഷിഞ്ഞപ്പപ്പോൾ ദേവൻ പാളത്തിന്റെ ഓരം ചേർന്നു റയിൽവേ ക്രോസ്സിലേക്ക് നടന്നു. വര്‍ഷങ്ങള്‍ക്കു മുൻപ് ആ ഒരു ചെറിയ കവല ഇന്ന് തിരക്കുള്ള ചെറിയ പട്ടണമായി മാറിയിരിക്കുന്നു. മൂവാറ്റുപുഴയാറിനെ മുറിച്ചുള്ള ഇരുമ്പു പാലത്തിനു അരികിലായി ഒരു രക്തസാക്ഷി കല്ല്. നിരവധിയാളുകളുടെ സ്വപ്നങ്ങളുടെ, പ്രതീക്ഷകളുടെ അവസാനം കുറിച്ച പാലം. ഒരു ഓണക്കാലം നാടിനെ നടുക്കിയ, ദുഃഖത്തിലാഴ്ത്തിയ ദുരന്തത്തിന്റെ ഓർമ്മ കല്ല് പൂപ്പൽ പിടിച്ചു കുറ്റിച്ചെടികൾക്കിടയിൽ ആരോരുമറിയാതെ പതിഞ്ഞു കിടക്കുന്നു.
ബസ്‌സ്റ്റാൻഡും ഓട്ടോ സ്റ്റാൻഡും എല്ലാമായി കവലയിൽ നല്ല തിരക്കുണ്ട്. കുറച്ചകലെയായി വിദ്യാനികേതൻ സ്‌കൂളിന്റെ ഗേറ്റു കാണാം. അത്യാവശ്യം സമകാലിക പ്രസിദ്ധീകരങ്ങൾ എല്ലാം ഉള്ള ഒരു ചെറിയ ടീസ്റ്റാൾ, ഒരു ചായ കുടിച്ചു വാരികയും വാങ്ങി ഇറങ്ങുമ്പോൾ, സെന്റ് ജൂഡ് എന്ന ഒരു ബസ് സ്റ്റാൻഡിൽ നിറുത്തിയിട്ടിരിക്കുന്നു. പെരുവ, കുന്നപ്പിള്ളി വഴി വൈക്കത്തേക്ക് പോകുന്ന ബസ്സിൽ രണ്ടോ മൂന്നോ യാത്രക്കാർ സീറ്റുകളിൽ സ്ഥാനം പിടിച്ചിട്ടുണ്ട്. ബസ്സിന്റെ ജീവനക്കാരനാണെന്നു തോന്നുന്നു, ചെറുപ്പക്കാരനായ ഒരാൾ ടീ ഷോപ്പിനു മുന്നിൽ തന്നെ നിൽക്കുന്നുണ്ട്. ദേവൻ വെറുതെ അയാളുടെ അടുത്തേക്ക് നടന്നു ചെന്നു.
“സുഹൃത്തേ … ഈ ബസ്സ് എപ്പോഴാ പുറപ്പെടുക ?”
“ആറു മണിയാകും.. കയറി ഇരുന്നോളൂ.. ഇപ്പോഴാണേ സീറ്റുണ്ട്…”
ഫോണിൽ ചുരണ്ടി കൊണ്ട് മുഖത്ത് പോലും നോക്കാതെ അയാൾ പറഞ്ഞൊപ്പിച്ചു.
ട്രെയിൻ വരുവാനിനിയും ഒരു മണിക്കൂർ ഉണ്ട്. ഇവടെ അടുത്ത് കുറച്ചു സുഹൃത്തുക്കളുടെ വീടുകൾ ഉണ്ട്. ദേവൻ പോക്കറ്റിൽ നിന്നും മൊബൈൽ എടുത്തു. വക്കച്ചൻ … പേര് ഒന്ന് കൂടി തിട്ടപ്പെടുത്തി ഡയൽ ചെയ്തു. അങ്ങേ തലയ്ക്കൽ ബെൽ ഉണ്ട്. കുറച്ചു സമയം കഴിഞ്ഞു അത് തനിയെ നിലച്ചു.
കുറച്ചു സമയം കൂടി അവിടെ തങ്ങി നിന്നിട്ടു ദേവൻ തിരികെ സ്റേഷനിലേക്ക് നടന്നു തുടങ്ങി. ഒന്നുകൂടി അവനെ വിളിച്ചാലോ?.. ഏതോ ട്രെയിൻ വരുവാനുണ്ടെന്നു തോന്നുന്നു, ക്രോസ്സ് അടഞ്ഞു കിടക്കുകയാണ്.
സ്റ്റേഷനിലെ ചാരുബഞ്ചിൽ ഇരിക്കുമ്പോൾ ദേവന് തോന്നി, എന്തായാലും വക്കച്ചനെ ഒന്നുകൂടി വിളിക്കാം. ഒത്തിരി വർഷങ്ങൾ ആയില്ലേ കണ്ടിട്ട്.
ദേവൻ വീണ്ടും വിളിച്ചു എങ്കിലും ആരും ഫോൺ എടുക്കുന്നില്ല. അവനെന്തെങ്കിലും തിരക്കിലായിരിയ്ക്കും.
കടയിൽ നിന്നും വാങ്ങിയ ആഴ്ചപ്പതിപ്പ് വെറുതെ മറിച്ചു നോക്കി. യാത്രാ വിവരണങ്ങളും, കഥകളും, കവിതകളും, ലേഖനങ്ങളും, യാത്രയും ചൂടും കൊണ്ടാകാം ദേവന് നല്ല ക്ഷീണം തോന്നി. മാസിക വിടർത്തി നെഞ്ചിനോട് ചേർത്ത് ദേവൻ കണ്ണുകളടച്ചു ചാരിയിരുന്നു. എപ്പോൾ വിളിച്ചാലും ഫോൺ എടുക്കാറുള്ള വക്കച്ചൻ എന്തായിരിക്കും ഫോൺ എടുക്കാതിരുന്നത്? ഇനി താൻ വർഷങ്ങൾ കൂടി നാട്ടിൽ വന്നിട്ടും, അവനെ അറിയിക്കാതിരുന്നതിലുള്ള പരിഭവമാണോ? അതോ ഇനി വല്ല അസുഖവും?…
തലസ്ഥാന നഗരിയിലേക്ക് പഠനാർത്ഥം താമസം മാറിയതു വളരെ പെട്ടെന്നായിരുന്നു. എങ്കിലും ഓരോ യാത്രയിലും വക്കച്ചനെയും മോഹനനെയും ഒക്കെ കണ്ടിട്ടേ പോകാറുണ്ടായിരുന്നുള്ളൂ. കുന്നപ്പിള്ളിയിലെ പച്ചപുതച്ച കൃഷിയിടങ്ങളും, ഉരുളൻ കല്ല് പാകിയ ഇടവഴികളും പാതാളം വരെ കുഴിച്ചിറങ്ങിയ പാറമടകളും ഇന്നും മനസ്സിൽ പതിഞ്ഞു നില്‍ക്കുന്നു. മലയോരത്തെ വളഞ്ഞു പുളഞ്ഞ റോഡിൽ ബസ്സിറങ്ങി വക്കച്ചന്റെ വീട്ടിലേക്ക് നടക്കുമ്പോൾ ഇരുവശവും പച്ചപ്പ് മതിലുകൾ തീർത്തിരുന്നു. പാവലും, പടവലവും വള്ളിപയറുമൊക്കെയായി വക്കച്ചന്റെ അപ്പച്ചനും അമ്മച്ചിയും പകലന്തിയോളം തിരക്കിലാണ്. അടുക്കള ഭാഗത്തെ ചായ്‌പിന്റെ ഓരത്തു തന്നെ നല്ലൊരു വരിയ്ക്ക പ്ലാവ്, പലതട്ടുകളായി തിരിച്ച പറമ്പിന്റെ കയ്യാലകളും കടന്നു റബ്ബർ തോട്ടത്തിലൂടെ അര ഫർലോംഗ് നടന്നാൽ മോഹനന്റെ വീടായി. വക്കച്ചന്റെ വീട്ടിൽ ചെന്നാൽ ഇപ്പോഴും അമ്മച്ചിയ്ക്കും അപ്പച്ചനും പറയാനുള്ളത് കൃഷിയും നാട്ടു വർത്തമാനവും മുളന്തുരുത്തിയിലുള്ള പൈനാടത്തെ പള്ളിവികാരിയുടെ കഥകളുമായിരുന്നു. അടുക്കളപ്പുറത്തെ ചായ്‌പിന്റെ തിണ്ണയിൽ ഇരുന്നു കഴിച്ച അമ്മച്ചി ഉണ്ടാക്കിയ ചക്കപ്പുഴുക്കും കട്ടൻചായയും രുചി മാറാതെ ദേവന്റെ മനസ്സിലിന്നുമുണ്ട്.
ഒരിയ്ക്കൽ വക്കച്ചൻ തിരുവനതപുരത്തു ദേവന്റെ താമസ്ഥലത്തു വന്നു. പട്ടാളത്തിലേക്ക് ആളെ എടുക്കുന്ന സമയമാണ്. അവൻ ടെസ്റ്റ് എല്ലാം ജയിച്ചു റിക്രൂട്ട്മെന്റ് കാത്തുനിൽക്കുന്ന സമയമാണ്. ശാസ്തമംഗലത്തെ ആർമി ആഫീസിൽ നിന്നും ഓർഡറും വാങ്ങി അവനിറങ്ങുമ്പോൾ ദേവൻ ഗേറ്റിൽ തന്നെ ഉണ്ടായിരുന്നു, ഒപ്പം ദേവന്റെ പുതിയ സുഹൃത്ത് രാജുവും. അന്ന് വൈകിട്ട് ബേക്കറി ജംഗ്ഷനിലെ തട്ടിൻപുറം ബാറിന്റെ അരണ്ട വെളിച്ചത്തിൽ അവർ ആ പഴയ കോളേജ് കാലം വീണ്ടും ആസ്വദിച്ചു. കോളേജിലെ ഓർമ്മകളുടെ ചുരുളഴിയുമ്പോൾ വക്കച്ചൻ പൊടുന്നനെ ചോദിച്ചു.
“എടാ,.. ദേവാ നീ എന്താണ് ഇപ്പോ മായയെ കാണാറില്ലേ? ഇപ്പൊ അവളുമായി കാത്തിടപാടൊന്നു മില്ലേ? ഒന്നും പറഞ്ഞു കേട്ടില്ല ?!”
“കാണാറില്ല…” ദേവൻ വളരെ നിസ്സംഗതയോടെ ഉത്തരം പറഞ്ഞപ്പോൾ രാജു ദേവനെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു.
“അല്ല.. ഇതാ ഈ മായ.. നമ്മളാരും ഇതുവരെ അങ്ങിനൊരാളെ പറ്റി കേട്ടിട്ടില്ലല്ലോ ?….”
രാജുവിന്റെ കമന്റാണ്.
” ഓ .. അതിവന്റെ ഭാവിയല്ലേ!!..” മദ്യലഹരിയിൽ വക്കച്ചൻ പൊട്ടിച്ചിരിച്ചു.
“അങ്ങിനെയൊന്നും ഇല്ലെടോ, അതൊക്കെ എന്നേ കഴിഞ്ഞ കാര്യമാണ്?….”
“എന്തായാലും കവിയുടെ കള്ളി വെളിച്ചതായല്ലോ !.. ഈ തെളപ്പിനു ഒരു കവിതയങ്ങു അടിക്കശാനെ ..”
രാജു ഇപ്പോഴും ദേവനെ ആശാനെന്നാണ് വിളിക്കാറ്. അവർ മിക്കവാറും ദിവസങ്ങളിൽ മ്യൂസിയത്തോ കനകകുന്നിലോ ഒക്കെ വൈകുന്നേരങ്ങളിൽ ഒത്തു കൂടാറുണ്ടായിരുന്നു. നിശാഗന്ധിയിലെ കലാസാഹിത്യ പരിപാടിയിലെ നിത്യ സന്ദർശകർ.
ദേവന്റെ മറുപടിയിൽ എന്തോ പന്തികേടുണ്ടെന്നു വക്കച്ചന് തോന്നി,
“അതെന്താടാ ദേവാ, നിനക്ക് ഇപ്പൊ മായയെ വേണ്ടേ, അതോ ഇവിടെ വല്ല പുതിയ കൊളുത്തും ഉണ്ടോ,… ?!
ലഹരി വക്കച്ചന്റെ തലക്കു പിടിച്ചിരുന്നു …
“എടാ, നമുക്കാ വിഷയം പിന്നെ സംസാരിക്കാം.. ഇപ്പൊ ഇവനെ തീർക്കാം, കുപ്പിയിൽ ബാക്കി ഇരുന്ന മദ്യം മൂന്നു ഗ്ലാസ്സുകളിലായി ഒഴിക്കുമ്പോൾ രാജു തന്റെ ഇഷ്ടഗാനത്തിന്റെ ചുരുളഴിച്ചിരുന്നു.
“മഞ്ജു ഭാഷിണീ… എന്ന ഗാനം ഹാളിൽ മുഴങ്ങുമ്പോൾ വക്കച്ചൻ ലഹരിയിൽ എന്തെല്ലാമോ പുലമ്പിക്കൊണ്ടിരുന്നു.
ദേവൻ ആ ഗാനത്തിൽ ലയിച്ചിരിക്കുമ്പോൾ ഒരു ട്രെയിൻ സൈറൺ മുഴക്കി കടന്നുപോയി. മയക്കത്തിൽ നിന്നും ഞെട്ടിയുണർന്ന ദേവൻ പരിസര ബോധം മറന്നു ഉറക്കെ വിളിച്ചു..
“വക്കച്ചാ …”
ദേവന്റെ ഉച്ചത്തിൽ ഉള്ള അലർച്ച കേട്ടിട്ടാകാം അടുത്ത് നിന്നവർ ചോദ്യഭാവത്തിൽ നോക്കി.
ട്രെയിന്റെ സമയം അടുത്ത് വരുന്നു. പ്ലാറ്റ്‌ഫോമിൽ അവിടവിടായി കുറച്ചു ആളുകൾ ഉണ്ട്. താൻ ഉറക്കത്തിൽ കണ്ടത് ഒരു സ്വപ്‌നമാണെന്ന് മനസ്സിലാക്കുവാൻ ദേവന് കുറച്ചു സമയം വേണ്ടി വന്നു.
എന്തായാലും വക്കച്ചനെ ഒന്ന് കൂടി വിളിക്കാം. ഏതായാലും ഇത്രടം വരെ വന്നിട്ട്. ദേവൻ വീണ്ടും ഫോൺ എടുത്ത് കാൾ ബട്ടണമർത്തി…
അങ്ങേ തലയ്ക്കൽ വക്കച്ചന്റെ ശബ്ദം, “ങാ ദേവാ …”
അവന്റെ ശബ്ദം ഇടറിയിരുന്നു, വാക്കുകൾക്ക് തളർച്ച.
“ഞാൻ നിന്നെ വിളിച്ചിരുന്നു,.. ഇപ്പൊ നാട്ടിൽ ഉണ്ട്, നിനക്ക് സുഖമാണോ ?!…” ദേവൻ ഒറ്റ ശ്വാസത്തിൽ ചോദിച്ചു.
“ങ്ങാ,.. അങ്ങിനെ പോകുന്നു,… നീ എന്നാ വന്നത് ?!”
“ഒരു മാസം കഴിഞ്ഞു, ഇപ്പൊ ദാ ഇവിടെ നിന്റെ വീടിനടുത്തുള്ള സ്റ്റേഷനിൽ ട്രെയിൻ കാത്തു നിൽക്കുന്നു..”
“എങ്കിൽ നീ അവിടെ നിൽക്ക്, ഞാൻ അങ്ങോട്ട് വരാം..”
അത് പറഞ്ഞു വക്കച്ചൻ ഫോൺ കട്ട് ചെയ്തു. അവന്റെ ശബ്ദത്തിൽ പഴയ ആവേശം കൈവന്നത് പോലെ. നാട്ടിൽ വന്നിട്ട് ഇത്രയും ദിവസമായിട്ടും അവനെ ഒന്ന് വിളിക്കുക പോലും ചെയ്തില്ല. ദേവന് വല്ലാത്ത കുറ്റബോധം തോന്നി. താനെന്താണ് ഇങ്ങനെ?! പുറത്തേക്കുള്ള വാതിലിനു അരികിൽ വക്കച്ചനെ പ്രതീക്ഷിച്ചു നിൽക്കുമ്പോൾ ദേവൻ ആ പഴയ കാലത്തിലേക്ക് മടങ്ങിപ്പോകുകയായിരുന്നു.
(……….തുടരും)