വൈദ്യുതി പ്രതിസന്ധി ആസൂത്രിതം: കെ. ആനന്ദകുമാർ

തിരുവനന്തപുരം: ദിവസവും രാത്രി രണ്ടും മൂന്നും തവണ, മുന്നറിയിപ്പ് ഇല്ലാതെ  സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തുന്നത്,  മാറ്റാരെയോ സഹായിക്കാനുള്ള ആസൂത്രിത ശ്രമത്തിന്റെ ഭാഗമാണെന്ന് കേരളാ കോൺഗ്രസ്‌ (എം) സംസ്ഥാന ജനറൽ സെക്രട്ടറി കെ. ആനന്ദകുമാർ ആരോപിച്ചു.

ഇപ്പോഴത്തേതിന് സമാനമായ സാഹചര്യങ്ങളുണ്ടായിട്ടും കഴിഞ്ഞ പത്ത് വർഷക്കാലം തടസ്സമില്ലാതെ വൈദ്യുതി നൽകിയ വൈദ്യുതി ബോർഡ്,  ഇപ്പോഴത്തെ പ്രതിസന്ധിക്ക് പറയുന്ന കാരണങ്ങൾ, വിശ്വസനീയമല്ല.

രാത്രി 12.30 വരെ യാതൊരു മുന്നറിയിപ്പുമില്ലാതെ തോന്നുംപടി വൈദ്യുതി തടസ്സം സൃഷ്ടിക്കുന്നത്, ചില കേന്ദ്രങ്ങളെ സഹായിക്കാനുള്ള ആസൂത്രിത ശ്രമമായി വേണം കരുതാൻ.

വൈദ്യുതി നിയന്ത്രണം ഉണ്ടായിരുന്ന മുൻകാലങ്ങളിൽ പോലും, പ്രാദേശികമായി മുൻകൂട്ടി സമയം അറിയുന്നത് മൂലം ആളുകൾക്ക് അതനുസ്സരിച്ച് തയാറെടുപ്പ് നടത്താനും കാര്യങ്ങൾ പ്ലാൻ ചെയ്യാനും സാധിച്ചിരുന്നു.

രാത്രി 10 മണിക്ക് ശേഷം പാത്തും പതുങ്ങിയും വൈദ്യുതി കട്ട് ചെയ്യുന്നത് അന്തസ്സില്ലാത്ത പണിയാണ്. മുൻപ് ഒരു കാലത്തും രാത്രി 10 മണിക്കുശേഷം വൈദ്യുതി നിയന്ത്രണം ഉണ്ടായിട്ടില്ല എന്ന് ഓർക്കണം. കുട്ടികളും വായോധികരും രോഗികളും അടക്കമുള്ള സാധാരണ ജനങ്ങൾക്കുണ്ടാവുന്ന അസൗകര്യങ്ങൾക്ക് യാതൊരു വിലയും കൽപ്പിക്കാത്ത ഈ നയവൈകൃതം, ബോർഡ്‌ തിരുത്തിയേ തീരൂ. ബോർഡിലെ ഉന്നതരായ ചിലരുടെ നേതൃത്വത്തിൽ സൃഷ്ടിക്കുന്ന ഈ വൈദ്യുതി പ്രതിസന്ധിക്ക് തടയിടാൻ വകുപ്പ് മന്ത്രിക്ക് കഴിയുന്നില്ല എന്നത് അപമാനകരമാണ്.

കടുത്ത വേനലും ജലദൗർലഭ്യവും വൈദ്യുതി ക്ഷാമവും മുന്നിൽ കണ്ട് മുന്നൊരുക്കം നടത്തുന്നതിലും ബോർഡും സർക്കാരും അമ്പേ പരാജയപ്പെട്ടിരിക്കുന്നുവെന്നും ആനന്ദകുമാർ ആരോപിച്ചു.

Leave a Comment

More News