മറക്കാനാവാത്ത മനുഷ്യ ബന്ധങ്ങൾ (അനുഭവം): ജയൻ വർഗീസ്

ന്യൂയോർക്കിൽ നിന്ന് പ്രസിദ്ധീകരിക്കുന്ന ‘കൈരളി’ എന്ന മലയാള പ്രസിദ്ധീകരണം ആയിടെയാണ് ശ്രദ്ധയിൽ പെട്ടത്. സാഹിത്യ രചനകൾക്ക് പ്രമുഖമായ പരിഗണന നൽകിക്കൊണ്ട് പ്രസിദ്ധീകരിച്ചിരുന്ന കൈരളി തികച്ചും സൗജന്യമായിട്ടാണ് വിതരണം ചെയ്തിരുന്നത്. അന്ന് നിലവിൽ ഉണ്ടായിരുന്ന മറ്റൊരു പത്രമായ ‘ മലയാളം പത്രം ‘ വരിസംഖ്യയായി നിശ്ചയിച്ചിരുന്ന തുക മുൻകൂറായി അടച്ചാൽ മാത്രമേ ലഭ്യമാകുമായിരുന്നുള്ളു എന്നതിനാൽ സൗജന്യമായി ലഭിച്ചിരുന്ന കൈരളിയെയാണ് അധികം ജനങ്ങളും വായനക്കായി ആശ്രയിച്ചിരുന്നത്. ചിക്കാഗോയിൽ നിന്ന് പ്രസിദ്ധീകരിക്കുന്ന കേരളാ എക്സ്പ്രസ്, ഫിലഡൽഫിയയിൽ നിന്ന് പ്രസിദ്ധീകരിച്ചിരുന്ന മലയാളം വാർത്ത, ന്യൂയോർക്കിൽ നിന്ന് തന്നെയുള്ള മാസികയായ ‘ജനനി ‘ എന്നിവയായിടുന്നു അന്ന് നിലവിലുണ്ടായിരുന്ന മറ്റു പ്രമുഖ പ്രസിദ്ധീകരണങ്ങൾ.

നാടക രചനയിൽ കൂടുതൽ ശ്രദ്ധിച്ചിരുന്ന എനിക്ക് ഇവിടെ അതിനുള്ള സാധ്യതകൾ വളരെ ശുഷ്‌ക്കമാണെന്നു ബോധ്യപ്പെട്ടു. അമേരിക്കൻ മലയാളികൾക്കിടയിൽ വലിയ സ്വീകാര്യത കിട്ടിയേക്കും എന്ന പ്രതീക്ഷയിലാണ് എന്‍.ബി.എസില്‍ എന്റെ അഞ്ചാം നാടകമായി പ്രസിദ്ധീകരണത്തിന് റെഡിയായിരുന്ന ‘ജ്യോതിർഗമയ ‘ എന്ന നാടകത്തിന്റെ പ്രസിദ്ധീകരണം വേണ്ടെന്നു വെച്ച് അതിന്റെ കൈയ്യെഴുത്തു പ്രതി തിരിച്ചുവാങ്ങിക്കൊണ്ടു പോന്നത്. (ദൈവീകമായ ഒരു പ്രേരണ അതിനു പിന്നിലും പ്രവർത്തിച്ചിരുന്നതായി ഇന്ന് ബോധ്യമുണ്ട്. മലയാള ഭാഷയുടെയും സാഹിത്യത്തിന്റെയും ഇതഃപര്യന്തമുള്ള ചരിത്രത്തിൽ ആദ്യമായി ഒരു വിദേശ യൂണിവേഴ്സിറ്റി (CUNY / City University of New York) ഇംഗ്ലീഷിലും മലയാളത്തിലുമായി ‘ Towards The Light’ എന്ന പേരിൽ ആ കൃതി പ്രസിദ്ധീകരിച്ചു എന്നതാണ് അതിനു കാരണം).

മലയാളത്തിൽ നിലവിലുണ്ടായിരുന്ന നിലവാരത്തിന്റെ മുകളിൽ ആയിരുന്നു എന്റെ രചനകൾ എന്നതിനാലായിരിക്കണമല്ലോ ആരും പരിചയപ്പെടുത്താൻ ഇല്ലാതിരുന്നിട്ടും ആകാശവാണിയിലും, അക്കാദമിയിലും ഒക്കെ എനിക്ക് അഭിമാനത്തോടെ കടന്നു ചെല്ലാൻ കഴിഞ്ഞത് എന്ന സത്യം നിലനിൽക്കുമ്പോളും, അമേരിക്കയിലെ മലയാള നാടക വേദി വളർച്ചയെത്താത്ത ഒരു മന്ദബുദ്ധിക്കുട്ടിയുടെ നിലയിലാണ് ഇന്നും ഉള്ളത് എന്നാണ് എന്റെ എളിയ വിലയിരുത്തൽ.

തൊഴിലധിഷ്ഠിതമായ ഒരു സാമൂഹ്യ പശ്ചാത്തലം രൂപപ്പെട്ടു വന്നിട്ടുള്ള അമേരിക്കയിൽ ഒന്നാം സ്ഥാനം തൊഴിലിനു തന്നെയാണ്. തൊഴിൽ കഴിഞ്ഞുള്ള ജീവിത വ്യാപാരങ്ങളിൽ മുൻഗണനാ ക്രമത്തിൽ വിലയിരുത്തുമ്പോൾ എത്രയോ പിറകിലാണ് കലയുടെയും, സാഹിത്യത്തിന്റെയും സ്ഥാനം എന്ന് മനസിലാക്കാൻ ആവുമെങ്കിലും, വാചകമടി കൊണ്ട് എല്ലാറ്റിനെയും മുന്നിലാക്കുകയും, ‘ഞാനാരാ പുള്ളി ‘ എന്ന ഭാവത്തോടെ ‘സെൽഫ് പ്രമോട്ടർ ‘ മാരുടെ ആട്ടിൻ തോലണിഞ്ഞു നടക്കുകയും ചെയ്യുന്ന പാവക്കാകുട്ടന്മാരുടെ ഈ സമൂഹത്തിൽ ഇനി നാടകാവതരണം ഒന്നും നടക്കാൻ പോകുന്നില്ല എന്നും എനിക്ക് മനസ്സിലായി.

മറ്റു പത്ര മാധ്യമങ്ങളിൽ മിക്കതും, ഏതെങ്കിലും ഒരു മതത്തിന്റെയോ, രാഷ്ട്രീയത്തിന്റെയോ, സ്ഥാപിതമായ ഒരു താല്പര്യത്തിന്റെയോ സപ്പോർട്ട് കാരായി നിലകൊണ്ടപ്പോൾ കൈരളിയുടെ പത്രാധിപരായി പ്രവർത്തിച്ചിരുന്ന ശ്രീ ജോസ് തയ്യിൽ സ്വതന്ത്രമായ പത്രപ്രവർത്തനത്തിന്റെയും, സമഗ്രമായ സാമൂഹ്യ മാറ്റത്തിന്റെയും വക്താവായിരുന്നതുകൊണ്ട്, ആ ദിശയിലാണു തന്റെ പത്രത്തെ നയിച്ചിരുന്നത്. അതുകൊണ്ട് തന്നെ ആ പത്രത്തെ ഞാൻ കൂടുതൽ ഇഷ്ടപ്പെടുകയും, അതിൽ കവിതകളും ലേഖനങ്ങളും മാത്രമല്ല, സാമൂഹ്യ ദ്രോഹപ്രസ്ഥാനങ്ങളെ നിശിതമായി വിമർശിച്ചുകൊണ്ടുള്ള നർമ്മ കഥകളും എഴുതുവാൻ തുടങ്ങിയതോടെ ‘ഇവനാരെടാ’ എന്ന ഉദ്വേഗത്തോടെ അമേരിക്കൻ മലയാളികളിലെ ചില വായനക്കാരെങ്കിലും ചെവി കൂർപ്പിച്ചുനിന്നു.

കൈരളിക്ക് മാറ്ററുകൾ അയക്കുമ്പോൾ മറ്റു പത്രങ്ങൾക്കു കൂടി അതേ മാറ്ററുകൾ അയക്കുവാൻ ഞാൻ ശ്രദ്ധിച്ചിരുന്നതുകൊണ്ട് ഒരേ കാലത്തു നാലഞ്ചു പത്രങ്ങളിൽ ആണ് എന്റെ രചനകൾ അച്ചടിച്ച് വന്നത്. ‘ഇത്പറ്റില്ല’ എന്ന് ചില പത്രങ്ങൾ എന്നെ ഉപദേശിച്ചുവെങ്കിലും, എഴുത്തുകാർക്ക് പ്രതിഫലം കൊടുക്കുന്ന രീതി ഇവിടെ നിലവിൽ ഇല്ലായിരുന്നു എന്നതോ പോകട്ടെ, സ്വന്തം രചനകൾ പ്രസിദ്ധീകരിച്ച പത്രത്തിന്റെ ഒരു കോപ്പി രചയിതാവിന് അയച്ചുകൊടുക്കുകയെന്ന സാമാന്യ മര്യാദ പോലും പാലിക്കാത്തവരായിരുന്നു ഇവിടുത്തെ ചില പത്രങ്ങൾ എന്നതിനാൽ, ഒരു പത്രത്തിന് മാത്രമായി എഴുതുക എന്ന കമ്മിറ്റ്മെന്റ് ഏറ്റെടുക്കവാൻ എനിക്ക് സാധ്യമാവില്ല എന്ന് ഞാൻ തുറന്നടിച്ചത് ചിലരിലെങ്കിലും അസ്വസ്ഥത ഉളവാക്കിയിട്ടുണ്ടാവാം. എന്നിട്ടും എല്ലാ പത്രങ്ങളും തന്നെ എന്റെ രചനകൾ പതിവായി പ്രസിദ്ധീകരിച്ചിരുന്നു. കൈരളി പത്രാധിപർ എന്നെ വിളിക്കുകയും, എന്റെ സമ്മതത്തോടെ കൈരളിയുടെ കോൺട്രിബ്യുട്ടിങ് എഡിറ്ററായി എന്നെ നിയമിക്കുകയും, ചെയ്തതിനെ തുടർന്ന് ‘നമുക്ക് ചുറ്റും’ എന്ന സാമൂഹ്യ വിമർശനപരമായ ഒരു പംക്തി വളരെക്കാലത്തോളം തുടരെ ഞാൻ കൈരളിയിൽ എഴുതിക്കൊണ്ടിരുന്നു.

നാട്ടിലെ ചില നാടക സിംഹങ്ങൾ തങ്ങളുടെ അധിനിവേശ മേഖല കൈയ്യടക്കാൻ വന്നതാണെന്ന ധാരണയോടെ എന്നെ ആട്ടിയോടിക്കാൻ ശ്രമിച്ചത് മുൻപ് പറഞ്ഞുവല്ലോ ? സമാനമായ അനുഭവങ്ങൾ ഇവിടെ അമേരിക്കൻ മലയാള സാഹിത്യ രംഗത്തും എനിക്ക് നേരിടേണ്ടി വന്നിട്ടുണ്ട് എന്ന സത്യം തുറന്നു പറയാൻ കൂടി ഈ സന്ദർഭം ഉപയോഗിച്ച് കൊള്ളട്ടെ.

എന്റെ രചനകൾ പതിവായി ഇവിടുത്തെ മലയാള മാധ്യമങ്ങളിൽ പ്രസിദ്ധീകരിക്കപ്പെടുകയും, അവയിൽ ചിലതിന് ചില അവാർഡുകൾ ഒക്കെ ലഭിക്കുകയും ചെയ്തപ്പോൾ എന്നെക്കുറിച്ചുള്ള ചില വൈയക്തിക കുറിപ്പുകൾ പത്രങ്ങളിൽ വന്നു. അതിൽ നാട്ടിൽ വെച്ചേ പത്തോളം അവാർഡുകൾ ലഭിച്ചിട്ടുള്ള ഒരാളാണ് ഞാനെന്ന പ്രസ്താവനയാണ് ഇവിടുത്തെ ആസ്ഥാന പണ്ഡിതന്മാരായി ഭാവിച്ചവരെ ചൊടിപ്പിച്ചത്. നാട്ടിലെ ഒരു കോളേജിൽ മുൻ അദ്ധ്യാപകനായിരുന്ന ഒരു മാന്യ ദേഹത്തിനായിരുന്നു കൂടുതൽ അസ്വസ്ഥത. മറ്റുള്ളവർക്ക് ഉണ്ടായിരുന്നിരിക്കാം എങ്കിലും അവരാരും തന്നെ പരസ്യമായി പറയാൻ തയാറായില്ല എന്നത് കൊണ്ട് അവരെ വിടുന്നു. ഈ മാന്യ ദേഹമാകട്ടെ അദ്ദേഹത്തിൻറെ പ്രായത്തിന്റെ മാന്യതക്ക് പോലും വില കൽപ്പിക്കാതെ പരസ്യമായി പ്രതികരിച്ചു കളഞ്ഞു എന്നതിനാലാണ് അദ്ദേഹത്തെ എടുത്തു പറയുന്നത്.

(റിട്ടയർമെന്റിനു ശേഷം അമേരിക്കയിൽ എത്തിയ ഇദ്ദേഹം, ഞാൻ കട്ടർ ആയി ജോലി ചെയ്യുയുകയായിരുന്ന പ്ലിമത്ത് മിൽസിലെ കട്ടിംഗ്‌ റൂമിൽ ജോലിക്കെത്തിയിരുന്നു. അവിടെ ‘റാഗ് കളക്ടർ’ ആയിട്ടാണ് നിയമനം കിട്ടിയത്. അൽപ്പം ശാരീരിക അദ്ധ്വാനം ആവശ്യമുള്ള ജോലിയാണ് റാഗ് കളക്ടറുടേത്. ഞങ്ങളെക്കാളൊക്കെ തണ്ടും, തടിയുമുള്ള അദ്ദേഹം രണ്ടാഴ്ച്ചക്കാലം അത് ചെയ്തിരിക്കണം. പിന്നെ ‘തനിക്കിതൊന്നും പറ്റില്ലെന്നും, ഏതെങ്കിലും പള്ളിയിൽ പോയി സുവിശേഷം പറഞ്ഞാൽ ഇവിടെ ഒരാഴ്ച കിട്ടുന്നത് അവിടെ ഒരു ദിവസം കൊണ്ട്കിട്ടുമെന്നും’ പറഞ്ഞ് ജോലി ഉപേക്ഷിച്ചു പോയി.

‘എല്ലാ പത്രങ്ങളിലും എല്ലാ ആഴ്ചകളിലും പേര് വന്നു കാണണം എന്നുള്ളത് തികഞ്ഞ അഹങ്കാരമാണ് ‘ എന്നും, ‘ നാട്ടിലെ അവാർഡുകൾ എല്ലാം വാരിക്കൂട്ടിയിട്ട് ഇനി നോബേൽ സമ്മാനത്തിനായിരിക്കും കാത്തിരിക്കുന്നത് ‘ എന്നും ഒരു പ്രമുഖ മാസികയിൽ എന്നെക്കുറിച്ച് അദ്ദേഹം പേര് വച്ച് എഴുതികളഞ്ഞു. അദ്ദേഹത്തെ നേരിട്ട് അടുത്തു പരിചയമില്ലാതിരുന്നിട്ടും, യാതൊരു ഇടപാടുകളും ഞങ്ങൾ തമ്മിൽ ഇല്ലാതിരുന്നിട്ടും എന്തിനാണ് അദ്ദേഹം ഇങ്ങനെ എന്നെ പരിഹസിച്ചു എഴുതിയത് എന്ന് ഇന്നും എനിക്ക് മനസിലായിട്ടില്ല. ഞങ്ങളുടെ നാട്ടിലെ സാധാരണ ജനങ്ങൾ ഈ സുഖക്കേടിന് ‘കുശുമ്പ് ‘ എന്നാണു പറയാറുള്ളത് എന്നതിനാൽ, ഏതൊരു വലിയ മഹാനും രോഗം വരാവുന്നതാണല്ലോ എന്ന് ഞാൻ ആശ്വസിച്ചു (എങ്കിലും പിൽക്കാലത്ത് ഫൊക്കാനയുടെ 2024 ലെ സുകുമാർ അഴീക്കോട് ലിറ്റററി അവാർഡിന് എന്നെ തെരഞെടുത്ത ജഡ്ജിങ് പാനലിന്റെ തലവൻ ഇദ്ദേഹമായിരുന്നു എന്നത് ഞാൻ പിന്നീടാണറിഞ്ഞത്).

എന്റെ രചനകളെ ആവേശത്തോടെ നെഞ്ചിലേറ്റിയ വായനക്കാരും, ആസ്വാദകരും ഇവിടെയും ഉണ്ടായിരുന്നു എന്ന് നന്ദിപൂർവം ഞാൻ തുറന്നു സമ്മതിക്കുന്നു. കൈരളിയിൽ സാഹിത്യാസ്വാദനം എഴുതിയിരുന്ന ശ്രീ വാസുദേവ് പുളിക്കൽ ആണ് അതിലൊരാൾ. ‘അമേരിക്കൻ മലയാള സാഹിത്യത്തിന്റെ മുനിവാടങ്ങളിൽ അക്ഷരങ്ങളുടെ അരണി കടഞ്ഞ് അഗ്നിയുണ്ടാക്കുന്ന കവിയാണ് ജയൻ വർഗീസ് ‘ എന്ന് അദ്ദേഹം കൈരളിയിൽ എഴുതി. മലയാളം പത്രത്തിൽ വരുന്ന രചനകളെ അധികരിച്ചു ‘സാഹിത്യ വാരഫലം’ എന്ന പംക്തി എഴുതിയിരുന്ന ബഹുമാന്യനായ പ്രൊഫസർ എം. കൃഷ്ണൻ നായരായിരുന്നു മറ്റൊരാൾ. ഇരുപതാം നൂറ്റാണ്ടിനു വിട പറഞ്ഞു കൊണ്ട് ഞാനെഴുതിയ ‘യാത്രാ മൊഴി’ എന്ന കവിതക്ക് അദ്ദേഹമെഴുതിയ ആസ്വാദനത്തിൽ ‘ചങ്ങമ്പുഴക്കവിതകൾക്ക് ശേഷം താൻ വായിച്ച ഭാവസാന്ദ്രമായ കവിതയാണ് ജയൻ വർഗീസ് രചിച്ച യാത്രാമൊഴി’ എന്ന് എഴുതിയിരുന്നു. അമേരിക്കയിൽ അക്കാലത്തെഴുതിയിരുന്ന മിക്കവരോടും ‘ദയവായി ഈ പേനയുപേക്ഷിച്ചു തൂമ്പാപ്പണിക്ക് പോകുന്നതാണ് മെച്ചം’ എന്നുപദേശിച്ചിരുന്ന അദ്ദേഹത്തിൽ നിന്നാണ് ഈ അഭിപ്രായ പ്രകടനം വന്നത് എന്നോർക്കുമ്പോൾ ഇന്നും അൽപ്പം അഭിമാനമൊക്കെ തോന്നുന്നുമുണ്ട്.

“ഇരുപതാം ശതകമേ, അഭിവാദനം,
ഇതുവഴി വന്നതി, നഭിവാദനം,
ഇവിടെയീ കാല പ്രവാഹിനീ തീരത്തെ –
യീറക്കുടിലിൽ, എന്നീറക്കുടിലിൽ,
അഭിവാദനം, അഭിവാദനം !
കോടി യുഗങ്ങളും നമ്മളും ഭൂമി ത –
ന്നാരംഭ കാലം മുതൽക്കേ,
തേടിയലഞ്ഞതാണീ യുഗ്മ സംഗമ –
തീരം ! അനശ്വര തീരം !!”

എന്നായിരുന്നു ആ കവിതയുടെ തുടക്കം.

‘രണ്ടായിരാമാണ്ടു തികയുന്നതിനു മുമ്പ് ലോകം അവസാനിക്കും’ എന്ന് രഹസ്യമായി പ്രചരിപ്പിച്ചിരുന്ന മതമേധാവികളെ വെല്ലുവിളിച്ചുകൊണ്ട് മലയാളം പത്രത്തിൽ ഞാനെഴുതിയ ‘ദൈവം ഗർജ്ജിക്കുന്നു’ എന്ന കവിതയെയും അദ്ദേഹം മുക്തകണ്ഠം പ്രശംസിച്ചിരുന്നു. ‘അമേരിക്കൻ മലയാള കവിതക്കളത്തിൽ പിള്ളേര്കളി നടത്തുന്നവർക്കിടയിൽ കാതലുള്ള കവിയാണ് ജയൻ വർഗീസ് ‘ എന്നും അദ്ദേഹം കുറിച്ചിട്ടു.

“ആരാണ് ചൊന്നതെൻ ഭൂമി നശിക്കുവാൻ
പോകയാണെന്നുള്ള മിഥ്യ ?
ആരാണതിന്റെയും പേരിൽ മനുഷ്യനെ
ചൂഷണം ചെയ്‌യുന്ന വർഗ്ഗം ?
കോടാനുകോടി യുഗങ്ങളായ് നിങ്ങളെ താരാട്ടു പാടിയുറക്കി,
ഓരോ പ്രഭാത ത്തുടുപ്പിലു, മുമ്മതൻ
ചൂടിൽ തഴുകിയുണർത്തി,

ജീവന്റെ താളത്തുടുപ്പിൽ അമ്മിഞ്ഞ തൻ
സ്നേഹ പ്രവാഹം ചുരത്തി,
വാഴുമീയമ്മ, യെൻ മാനസ പുത്രിയെ –
യാരാണ് തച്ചുടച്ചീടാൻ ?

കീടങ്ങളെ, നരകീടങ്ങളെ, മമ
സ്നേഹത്തിൽ നിന്നു ഞാൻ രൂപപ്പെടുത്തിയ
താരങ്ങളേ, മണ്ണിൻ മോഹങ്ങളേ,
ദീപ നാളങ്ങളേ, രോമ ഹർഷങ്ങളേ ! ”

എന്ന് തുടങ്ങുന്നതായിരുന്നു ‘ദൈവം ഗർജ്ജിക്കുന്നു’ എന്ന ആ കവിത.

എഴുത്തിന്റെ പേരിൽ ഒരു പത്രാധിപരുമായി ചീത്ത വിളിച്ചു പിരിയേണ്ട ഒരു ഗതികേടും എനിക്കുണ്ടായി. പരമമായ മനുഷ്യ താല്പര്യങ്ങൾക്കെതിരെ മുഖം തിരിച്ചു നിൽക്കുന്ന പ്രവണതകളെ നിരുപദ്രവകരമായ നർമ്മത്തിലൂടെ ചോദ്യം ചെയ്തുകൊണ്ടുള്ള കൊച്ചു കൊച്ചു നർമ്മ കഥകൾ ഞാൻ എഴുതിയിരുന്നു.

ക്രൈസ്തവ സുവിശേഷീകരണത്തിന്റെ വ്യാജപ്പേരിൽ അമേരിക്കൻ ഡോളറിന്റെ വയലേലകൾ കൊയ്തെടുക്കാൻ വരുന്ന വിവിധ ക്രൈസ്തവ ഗ്രൂപ്പുകളിൽ പെട്ടവർ പലപ്പോഴും എന്റെ കഥാപാത്രങ്ങളാവാറുണ്ടായിരുന്നു. നാട്ടിലെ തന്റെ ഇടവക ഭരണം ചെറിയ പ്രതിഫലത്തിൽ സബ്‌സ്റ്റിറ്റ്യുട്ടിനെ വച്ച് നടത്തിക്കൊണ്ട് അവിടുത്തെ വരുമാനത്തിന്റെ സിംഹ ഭാഗവും കൈക്കലാക്കുകയും, ഇവിടെ വന്നു സമൃദ്ധമായി പള്ളി ഭരിച്ചു ഡോളർ കൊയ്യുകയും ചെയ്തുകൊണ്ടിരിക്കുന്ന ധാരാളം കത്തനാരന്മാർ അമേരിക്കയിൽ ഉണ്ടെന്ന് മനസിലാക്കിയ ഞാൻ അത്തരം ഒരു കഥാപാത്രത്തെ നായകനാക്കി എഴുതിയ ഒരു നർമ്മ കഥ പ്രസിദ്ധീകരിച്ചു വന്നപ്പോൾ അത് വലിയ പശ്നങ്ങളുണ്ടാക്കി. പൊതുവായി നടപ്പിൽ ഉണ്ടായിരുന്ന ഒരു വിഷയം കഥയുടെ രൂപത്തിലായപ്പോൾ ആ കഥയിലെ കഥാപാത്രം താനാണെന്ന് ഒരു പള്ളീലച്ചൻ ഭാവിച്ചതോടെയാണ് പ്രശ്നം ഗുരുതരമായത്.

അച്ചന്റെ മകൻ നെഞ്ചു വിരിച്ചു പത്രമാപ്പീസിലെത്തി പത്രാധിപരെക്കൊണ്ട് എന്നെ വിളിപ്പിക്കുന്നു. ആരെയും മനഃപൂർവം ഉദ്ദേശിച്ചല്ലാ കഥ എഴുതിയിട്ടുള്ളതെന്നും, പൊതുവായി നടപ്പിലുള്ള ഒരു രീതിയെ പരാമർശിച്ചു പോയതാണെന്നും, ആരെയെങ്കിലും വ്യക്തിപരമായി വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ മാപ്പു ചോദിക്കുന്നുവെന്നും ഞാൻ പറഞ്ഞു. സ്പീക്കർ ഫോണിൽ പരാതിക്കാരനെയും കൂടി കേൾപ്പിച്ചുകൊണ്ടാണ് സംസാരം എന്ന് എനിക്ക് മനസ്സിലായി. ഇത്രയും പറഞ്ഞിട്ടും പരാതിക്കാരന് തൃപ്തിയായില്ല എന്നത് കൊണ്ടായിരിക്കണം, ‘താൻ എന്റെ പത്രത്തിന്റെ റെപ്യൂട്ടേഷൻ കളഞ്ഞു’ എന്നായി പത്രാധിപർ. ‘എങ്കിൽപ്പിന്നെ എന്തിനാണ് സാർ ഈ മാറ്റർ പ്രസിദ്ധീകരിച്ചത് ?’ എന്ന എന്റെ ചോദ്യത്തിന് ‘താൻ ആശുപത്രിയിൽ ആയിരുന്നത് കൊണ്ടാണ്’ ഇത് സംഭവിച്ചത് എന്ന് പത്രാധിപർ. അതറിഞ്ഞു ഞാൻ വീണ്ടും ‘സോറി’ പറഞ്ഞു.

സ്വാഭാവികമായി ഇത്രയും കൊണ്ട് അവസാനിക്കേണ്ടിയിരുന്ന ഈ സംഭവം അവിടെ നിന്നില്ല. തികഞ്ഞ ദേഷ്യത്തോടെ പത്രാധിപർ എന്നോട് പറയുകയാണ്. ‘തന്നെപ്പോലുള്ളവരുടെ കൈയിൽ തല്ലുകൊള്ളിത്തരം ആണ് ഇരിക്കുന്നതെ’ ന്നും, ‘ഇതും വെച്ചുകൊണ്ട് സ്റ്റാറ്റൻ ഐലൻഡിൽ ഇരുന്നുകൊള്ളണമെ’ ന്നും, അവിടുന്ന് പുറത്തിറങ്ങിയാൽ നല്ല തല്ലുകൊള്ളുമെന്നും’ പത്രാധിപർ എന്നെ ഭീഷണിപ്പെടുത്തി. ഇത്രയും കേട്ടപ്പോൾ പിന്നെ എനിക്ക് പിടിച്ചു നിൽക്കാനായില്ല. യാതൊരു പ്രതിഫലവും ലഭിക്കാതെ, പത്രത്തിന്റെ ഒരു കോപ്പി പോലും ലഭിക്കാതെ തുടരെ എഴുതിക്കൊണ്ടിരിക്കുന്ന ഒരാളോട് ഒരു പത്രാധിപർ തല്ലിക്കളയും എന്ന് ഭീഷണിപ്പെടുത്തുമ്പോൾ ഞാൻ കർത്താവീശോ മിശിഹായോ, മദർ തെരേസയോ ഒന്നുമായില്ല. ‘നീ അത്രക്ക് വലിയ തല്ലുകാരനാണെങ്കിൽ ഞാൻ നിന്റെ ഓഫീസിലേക്ക് വരാമെടാ, എപ്പോളാണ് വരേണ്ടതെന്നു പറയെടാ’ എന്നായി ഞാൻ. അപ്പോഴേക്കും കത്തനാരുടെ മകനും വിഷയം ഏറ്റു പിടിച്ചു. പിന്നെ പരസ്‌പരം തെറിയായിരുന്നു. സാധാരണ തെറിയല്ല; നല്ല കട്ടത്തെറി. പരസ്പരം കൊന്നുകളയും എന്ന് വരെയായി ഭീഷണി. ആ പത്രവുമായി ഉണ്ടായിരുന്ന സുദീർഘമായ ബന്ധം അങ്ങനെ അവസാനിച്ചു. വർഷങ്ങൾ കുറെ ആയിരിക്കുന്നു. പിന്നീട് ഒരവസരം കിട്ടിയപ്പോൾ ‘ഒന്നും മനസ്സിൽ വയ്‌ക്കരുത് ‘ എന്ന് ക്ഷമാപണപൂർവം അച്ചന്റെ മകനോട് ലോഹ്യം പറയുവാനും എനിക്ക് സാധിച്ചു.

കാലത്തിന്റെ കുത്തൊഴുക്കിൽ തട്ടിത്തകർന്ന് മലയാളം പത്രം നിന്ന് പോയി. മറ്റു കക്ഷികളുമായി തികഞ്ഞ സൗഹൃദത്തിലുമാണ് ഇന്ന് ഞാൻ. ഇന്നാലോചിക്കുമ്പോൾ വിഷമമുണ്ട്. എന്നെ സ്വയം നിയന്ത്രിച്ചുകൊണ്ട്എനിക്ക് മിണ്ടാതിരിക്കാമായിരുന്നു എന്ന് ചിന്തിക്കാറുണ്ട്. ബന്ധപ്പെട്ട എല്ലാവരോടുമായി ഒരിക്കൽക്കൂടി പറയുകയാണ്, “സോറി ! റിയലി സോറി !! ”

*”പാടുന്നു പാഴ്മുളം തണ്ടു പോലെ’ എന്ന അനുഭവക്കുറിപ്പുകളിൽ നിന്ന്.
ഗ്രീൻ ബുക്ക്സ് പ്രസിദ്ധീകരണം. 664 പേജുകൾ. വില 1000 രൂപ.

Leave a Comment

More News