അരാഷ്ട്രീയ വാദികൾ എന്നു മുദ്രകുത്തി വെറും പാറ്റകൾ എന്നു പേരു കിട്ടിയവർ ജാതി മത വർണ വ്യത്യാസമില്ലാതെ പോരിനിറങ്ങിയപ്പോൾ മന്ത്രി രാജി വെച്ചു, അല്ല രാജി വെപ്പിച്ചതാണ്. അതാണ് നമ്മുടെ പ്രധാന മന്ത്രി കാട്ടിയ അതിബുദ്ധി. മറിച്ചാണെങ്കിൽ ഭരണം തന്നെ മറേണ്ടി വരുമായിരുന്നില്ലേ ? ഇരുപത്തഞ്ച് ലക്ഷത്തോളംവരുന്ന കുട്ടികൾ എഴുതിയ നീറ്റ് പരീക്ഷയിൽ 4000 കോടിയുടെ അഴിമതിയാണ് കണ്ടു പിടിക്കപ്പെട്ടിരിക്കുന്നത്. രാത്രി പകലാക്കി പഠിച്ച വിദ്യാർത്ഥികൾ കണ്ണീരും കൈയ്യുമായി ഡൽഹിയിൽ സമരം നടത്തിയപ്പോൾ കിട്ടിയത് ടിയർ ഗ്യാസ് പ്രയോഗവും ആണിവെച്ച ലാത്തികൊണ്ട് പ്രഹരവും. അതിൽ ചിലർ മരണപ്പെട്ടു. ഇരുപതോളം കുട്ടികൾ ആത്മഹത്യ ചെയ്തു.
നമ്മുടെ കുഞ്ഞുങ്ങൾ ഒരിക്കലും ഇന്ത്യക്കെതിരായി നിൽക്കുമെന്ന് വിശ്വസിക്കുന്നില്ല. ഇന്ത്യയുടെ ശാസ്ത്ര സാങ്കേതിക കാര്യങ്ങളിൽ പങ്കാളികളായി മുമ്പോട്ട് വന്ന് ഇന്ത്യയിലെ അറിയപ്പെടുന്ന ലോക ശാസ്ത്രജ്ഞൻമാരായും, ഡോക്ടർമാരായും, നല്ല ഗവേഷകരായും വളര്ന്നു വന്ന് രാജ്യത്തെ സുരക്ഷിത വലയത്തിൽ നിർത്തേണ്ടവരാണ്. അവരെ ഒരിക്കലും രാജ്യദ്രോഹികളാക്കി ചാപ്പകുത്തി മാറ്റി നിർത്തേണ്ടവരല്ല. പിന്നെയോ അവർ രാജ്യത്തിൻ്റെ സുന്ദര ഭാവി വാഗ്ദാനങ്ങളാണ്. വരും കാലങ്ങളിൽ രാജ്യത്തെ നയിക്കേണ്ട കുഞ്ഞുങ്ങളെ ആണിവെച്ച ലാത്തിയാൽ തല്ലി ക്കൊന്നപ്പോഴാണ് ജനങ്ങൾ ജാതി മത വർണ്ണ വ്യത്യാസമില്ലാതെ തെരുവിൽ സമാധാനപരമായി സമരം തുടങ്ങിയത്. നിർഭാഗ്യവശാൽ ചിലതൊക്കെ അക്രമത്തിലെത്തിയത് അവരെ കാരണമില്ലാതെ തല്ലിക്കൊല്ലുവാൻ തുനിഞ്ഞപ്പോഴാണ്.
നമ്മുടെ കുഞ്ഞുങ്ങൾ നല്ല വിദ്യാഭ്യാസമുള്ളവരായി നമ്മുടെ രാജ്യം ഭരിക്കേണ്ടവരാണ്. അല്ലെങ്കിൽ മറ്റു രാജ്യങ്ങൾ ഇതു കണ്ടു മുതലെടുക്കേണ്ട ഗതികേട് നമ്മൾ നേരിൽ കാണേണ്ടി വരും. ആരു ഭരിക്കുന്നുവെന്നല്ല, ആരു ഭരിച്ചാലും തെറ്റുകൾ ചൂണ്ടി ക്കാണിക്കുവാനുള്ള അഭിപ്രായ സ്വാതന്ത്ര്യമുള്ളപ്പോൾ അതിനെ ദേശ വിരുദ്ധതയും ഭീകരപ്രസ്ഥാനവുമായി കൂട്ടിക്കുഴക്കുന്നത് ലജ്ജാകരം തന്നെ. അതുപോലെ ഈ സമരത്തിനടയിൽ ചില പോലീസുകാരും അവരുടെ രാഷ്ട്രീയ ശിങ്കിടികളും പെൺകുട്ടികളെ ലൈംഗികമായി സ്പർശിക്കുന്ന വീഡിയോ രംഗം ലോക ജനതക്ക് തന്നെ നാണക്കേടു വരുത്തിവെച്ചിരി ക്കുന്നു. പുരക്ക് തീപിടിക്കു മ്പോൾ വാഴ വെട്ടുവാൻ കാത്തിരിക്കുന്ന കാമവെറിയൻമാർ രാജ്യത്തിന് അപമാനം തന്നെ.
പതിനെട്ടിൽ പരം മെട്രോ സ്റ്റേഷനുകൾ അടച്ചിട്ടും എല്ലാ ഭക്ഷണ ശാലകളും അടച്ചു പൂട്ടിയിട്ടും ഇൻ്റെർനെറ്റ് മൊത്തത്തിൽ ബ്ളോക്ക് ചെയ്തിട്ടും എല്ലാ കോട്ടകത്തളങ്ങളും പുരാവസ്തുക്കളായി മാറി. 148 ൽ പരം ചോദ്യ പേപ്പറുകൾ ചോർത്തി ചിലരാഷ്ട്രീയക്കാരുടെ മക്കൾക്കു വിതരണം ചെയ്ത് അവരെ ജയിപ്പിച്ചതാണ് പക്ഷഭേദം. ഇവരൊക്കെ പരീക്ഷ പാസ്സായി വിദേശത്തു നല്ല ജോലിയിൽ കഴിയുമ്പോൾ പാവങ്ങളുടെ മക്കൾ തലക്ക് ലാത്തിയടി കിട്ടി ചോരവാർന്ന് മരിക്കുന്ന കാഴ്ച്ച അത്യന്തം ദയനീയം തന്നെ.
ഭരണാധികാരികൾ ജനങ്ങൾ തിരഞ്ഞടുക്കപ്പെട്ടവരാണ് . ആയതിനാൽ ജനങ്ങളുടെ ഇംഗിതമനുസരിച്ച് അവരുടെ ഉയർച്ചക്കു വേണ്ടിയുള്ള ഭരണമാണ് നാം പ്രതീക്ഷിക്കുന്നത്. ഭരണാധികൾക്കെതിരെ ജനരോഷമുയരുമ്പോൾ അത് ശ്രവിക്കുവാനുള്ള മനോഭാവം ഇപ്പോൾ ഭരണ പക്ഷത്തുള്ള ബിജെപിക്ക് ഉണ്ടാകേണ്ടിയിരുന്നു . ഇനി മറിച്ച് കോൺഗ്രസ്സ് ഭരണത്തിലിരുന്നാലും ശരി സിപിഎം അധികാരത്തിലേറിയാലും ശരി യുവജനങ്ങളുടെ ആവശ്യകത മനസ്സിലാക്കി കൂലംകഷമായി ചിന്തിച്ച് പരിഹാരം കാണണമെന്നുള്ള ഒരു സൂചനയാണ് കുഞ്ഞുങ്ങളുടെ ഈ സമരം കാട്ടിത്തരുന്ന സന്ദേശം. കേരളത്തിൽ നടന്ന ആശാ വർക്കർമാരുടെ സമരം നാം വിസ്മരിക്കുന്നില്ല. പാവങ്ങളുടെ കണ്ണുനീർ കണ്ടു പരിഹാരം കാണാത്ത ഒരു സർക്കാരിനും നിലനിൽപ്പില്ല. ബിജെപിയെ മാത്രം ലക്ഷ്യമാക്കി കുറ്റം പറയുക അല്ല മറിച്ച് ഏതു രാഷ്ട്രീയ കക്ഷിയാകട്ടെ അധികാരത്തിൻ്റെ അപ്പക്കഷണങ്ങളിൽ തൂങ്ങിയാടുമ്പോൾ പാവങ്ങളെ മറക്കുന്ന പ്രവണതയാണ് കണ്ടുവരുന്നത്.
ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടിയ കാലഘട്ടത്തിൽ ഗാന്ധിജി മുതൽ ഭഗത് സിംഗ് വരെയുള്ള ഒരു വലിയ മുൻതലമുറ സ്വാതന്ത്ര്യത്തിനു വേണ്ടി പോരാടിയവരാണ് . അഹിംസാ മാർഗ്ഗങ്ങളിൽ കൂടിയും വലിയ സമരമുറകളിൽ കൂടിയും പടുത്തുയർത്തിയ ലോകത്തിലെ വലിയ ജനാധിപത്യ രാജ്യമാണ് ഭാരതം. അതുകൊണ്ട് ഇവിടെ ഇത്തരം ഒരു സമരം നടക്കുമ്പോൾ ലോക രാജ്യങ്ങൾ അതു വീക്ഷിക്കുകയും അഭിപ്രായം പറയുകയും ചെയ്യുന്നത് സ്വാഭാവികമാണ്. നമുക്കറിയാം നമ്മുടെ അയൽ രാജ്യങ്ങളിൽ നടന്ന വലിയ വിദ്യാർത്ഥി സമരങ്ങൾ, തൊട്ടടുത്ത ബംഗ്ളാദേശിൽ വിദ്യാർത്ഥി പ്രസ്ഥാനങ്ങൾക്കും കുഞ്ഞുങ്ങൾക്കും നേരെ നടന്ന അതിക്രൂരമായ വെടിവെയ്പ്പുകളും മരണങ്ങളും. അതിന് നേതൃത്വം നൽകിയ ഷെയ്ക്ക് ഹസീനയ്ക്ക് ഹെലികോപ്റ്ററിൽ കയറി ജീവനും കൊണ്ട് രക്ഷപെടേണ്ടി വന്നു. പതിനായിരക്കണക്കിന് വിദ്യാർത്ഥികൾ അവരുടെ പാലസിലേക്ക് ചാടിക്കയറിയപ്പോൾ അവരുടെ സൈന്യം പറഞ്ഞത് എവിടെയെങ്കിലും പോയി രക്ഷപെടുകയെന്നാണ്. ഒരുപക്ഷേ വിദ്യാർത്ഥികളുടെ സമരമുറയെ സൈന്യത്തെ അയച്ച് അടിച്ചമർത്തി തുരത്തിയോടിക്കാമെന്നു കരുതി ക്കാണും. പക്ഷെ നിർഭാഗ്യവശാൽ അവർക്ക് ഇന്ത്യയിൽ അഭയം തേടി പുറത്തിറങ്ങി നടക്കുവാൻ പോലും പറ്റാത്ത അവസ്ഥയിൽ ഒറ്റപ്പെട്ടു കഴിയുകയാണ്.
പണ്ട് ശ്രീലങ്കയിൽ ഉണ്ടായ സാമ്പത്തിക പ്രതിസന്ധികളിൽ പ്രതിഷേധിച്ച ജനങ്ങളെ അടിച്ചമർത്തുവാനും അവിടുത്തെ സർക്കാരിന് സാധിച്ചിരുന്നില്ല. പ്രധാനമന്ത്രി മഹീന്ദ്ര രാജപാക്സെക്കു കൊട്ടാരം നഷ്ടപ്പെട്ടു മറ്റ് രാജ്യത്ത് അഭയം തേടേണ്ടി വന്ന കാഴ്ച്ച നാം കണ്ടു കഴിഞ്ഞതാണ്. ഇത്തരത്തിലുള്ള അനുഭവങ്ങൾ ഇന്തോനേഷ്യയിൽ, ഫിലിപ്പെൻസിൽ, ഫ്രാൻസിൽ, തിമൂറിൽ, ലബിയയിൽ, അനേക രാജ്യങ്ങളിൽ നടന്ന കാര്യം നാം വിസ്മരിക്കരുത്.
പണ്ട് നടന്ന മുല്ലപ്പൂ വിപ്ലവങ്ങൾ നാം കണ്ടു കഴിഞ്ഞതാണ് ഈജിപ്റ്റിലും ടുനേഷ്യയിലും മുല്ലപ്പൂ വസന്തമായി മാറിയ സമരം ആഞ്ഞടിക്കുകയും ഭരണസിരാ കേന്ദ്രങ്ങൾ വീണുടയുന്നതും മറക്കുവാൻ കഴിയില്ല . ഒരു പക്ഷേ അധികാരത്തിൻ്റെ കോട്ടകത്തളങ്ങളെ വിറപ്പിച്ചു കൊണ്ട് ജധാതിപത്യ ത്തിൻ്റെ കാറ്റ് ആഞ്ഞു വീശിയ ചരിത്രമാണ് ലോകത്തിൽ നാം കണ്ടു കൊണ്ടിരി ക്കുന്നത് . അതുകൊണ്ട് ജനകീയമായി ജനങ്ങൾക്കു വേണ്ടി അവരുടെ ആവശ്യാനുസരണം ഭരണം നടത്തേണ്ട ചുമതല ഏതു ഗവൺമെൻ്റ് വന്നാലും നടത്തുവാനുള്ള ബാദ്ധ്യസ്ഥത അവർക്കുള്ളതാണ് . അത് ബിജെപിയെന്നോ, കോൺഗ്രസ്സ് എന്നോ സിപിഎം എന്നോ ഒരു വകഭേദമില്ല.
ഇവിടെ ജാതിമത വർണ്ണ വ്യത്യാസങ്ങളുടെ പേരിൽ ജനങ്ങളുടെ കണ്ണിൽ പൊടിയിട്ട് ഭരണം നടത്തുന്ന തെറ്റായ രീതികൾ മാറ്റിയേ പറ്റുവെന്ന് ജെൻസികൾ പറയുന്നത് ന്യായമല്ലേ? അവർക്ക് വേണ്ടത് തൊഴിലാണ്. പാവപ്പെട്ട മാതാപിതാക്കൾ കടമെടുത്തും ലോണെടുത്തും പഠിപ്പിച്ച പാവം കുഞ്ഞുങ്ങൾ പരീക്ഷക്രമക്കേടിൽ ആത്മഹത്യ ചെയ്യുന്ന സംഭവങ്ങൾ ഹൃദയം പൊട്ടുന്ന അതിദയനീയ കാഴ്ചയാണ്.
140 കോടിയിലധികം ജനസംഖ്യയുള്ള ഇന്ത്യയിൽ 37 കോടി ജെൻസികൾ ഉണ്ട്. അമേരിക്കയിൽ പോലും ഏകദേശം ആകെ 34 കോടി ജനസംഖ്യയുള്ളുവെങ്കിൽ ചൈനയിൽ ഏറ്റവും ജനസംഖ്യയുള്ള രാജ്യത്തു പോലും 25 കോടി ജെൻസികളേയുള്ളു. അവിടെ ഒരു ഫാമിലിക്ക് ഒരു കുട്ടിയേ പാടുള്ളുവെങ്കിൽ ഇന്ത്യയിൽ ആണ് കൂടുതൽ ജെൻസികൾ . എങ്കിൽ ജെൻസികൾക്കു കൂടി പങ്കാളിത്തമുള്ള ഭരണമാണ് വരുംകാലങ്ങളിൽ ഭാരതമെന്ന വലിയ ജനാധിപത്യ രാജ്യത്ത് വരുന്നതെന്ന് മനസ്സിലാക്കിയ നമ്മുടെ ബഹുമാനപ്പെട്ട പ്രധാനമന്ത്രി മോദി കാട്ടിയ അതിബുദ്ധിയാണ് വിദ്യാഭ്യാസ മന്തിയോട് രാജി വെയ്ക്കുവാൻ ആജ്ഞാപിച്ചത്. കാരണം, ഡൽഹിയിൽ മാത്രം നടന്ന ഒരു സമരമായി ഇതിനെ കാണേണ്ടതില്ല. ബോംബെ, ബീഹാർ, ആന്ധ്ര, പഞ്ചാബ്, കർണാടക, തമിഴ്നാട്, ഒറീസ്സ, കേരള മാത്രമല്ല ഇന്ത്യക്കാരുള്ള എല്ലാ രാജ്യത്തും ഇതിൻ്റെ തിരമാലകൾ അലയടിച്ചുവെന്നതാണ് സത്യം. ഇതു രാജ്യമാകെ ഒരു കൊടുങ്കാറ്റായി ആഞ്ഞടിക്കുന്നതിന് മുൻപേ നമ്മുടെ പ്രധാനമന്ത്രി കാട്ടിയ അതിബുദ്ധിയെ അഭിനന്ദിക്കുന്നു. വിദ്യാഭ്യാസ മന്ത്രി കാട്ടിയ വിവേകവും രാജിയും ഒരു നല്ല രാഷ്ട്രീയകാരൻ്റെ മനസ്സിനെ കാണിക്കുന്നുവെന്നതിൽ സംശയമില്ല. തെറ്റുകൾ തിരുത്തി രാജ്യത്തെ ഒറ്റക്കെട്ടായി മുമ്പോട്ടു കൊണ്ടുപോകുവാൻ മോദിജിക്ക് ഇനിയും കഴിയട്ടെ എന്നാംശസിക്കുന്നു. ഒരു പറ്റം ഉൽപതിഷ്ണുക്കളുടെ വലകളിൽ കുടുങ്ങാതെ അദ്ദേഹം കാട്ടിയ ബുദ്ധിയെ അഭിനന്ദിക്കുന്നു.
