മിടായി കുന്നിലെ തണൽമരങ്ങൾ (ഭാഗം – 3): ജയശങ്കര്‍ പിള്ള

കുന്നിറങ്ങുമ്പോൾ മഴത്തുള്ളികൾ വീണു തുടങ്ങിയിരുന്നു. പുതുമണ്ണിന്റെ മണവും വഹിച്ചു പോകുന്ന കാറ്റിനു പറയുവാനേറെ ഉണ്ടെന്നു തോന്നി. സ്റ്റാഫ് കോർട്ടേഴ്സിന്റെ താഴെ മീര കാത്തുനിൽക്കുന്നുണ്ടായിരുന്നു. അവൾ കൈ ഉയർത്തി വീശി കാണിച്ചു. പ്രായത്തിന്റെ അസ്ക്യത മായയെ വല്ലാതെ തളർത്തിയിരുന്നു. പക്ഷെ തനിയ്ക്ക് ഇതുവരെ മനസ്സിലാകാത്ത എന്തോ ഒന്ന് മായ തന്നിൽ നിന്ന് മറയ്ക്കുന്നുണ്ട് എന്ന തോന്നൽ ദേവനെ അലട്ടിക്കൊണ്ടിരുന്നു.

മീരയും സഹപ്രവർത്തകയും കൂടി എന്തോ സംഭാഷണത്തിലായിരുന്നു. കാറിനടുത്തെത്തിയപ്പോൾ, പിൻവാതിൽ തുറന്നു ഇരിക്കാൻ തുടങ്ങുന്ന മായയെ മീര സഹായിക്കുന്നുണ്ടായിരുന്നു.

“അങ്കിൾ കയറുന്നില്ലേ ?…” അവൾ ചോദിക്കുന്നതിനിടയിൽ തന്നെ പിൻസീറ്റിലെ വാതിൽ തുറന്നു.

“ഇല്ല മോളേ…. നിങ്ങൾ പൊയ്ക്കോളൂ… എന്നെ വിളിക്കാനായി ഒരാളെ ഏർപ്പാടാക്കിയിട്ടുണ്ട്..”

ദേവൻ ഡോർ അടച്ചുകൊണ്ട് പറഞ്ഞു. കൃഷ്ണ മീരയുടെ വാക്ക് കേട്ടിട്ടാകാം മായ ചുളിവ് വീണു തുടങ്ങിയ സെറ്റു മുണ്ടിന്റെ കൊന്തൽ ഒതുക്കി ഒതുങ്ങി ഇരുന്നു.

“അങ്കിളേ.. അതൊന്നും വേണ്ട ഞാൻ ഡ്രോപ്പ്‌ ചെയ്യാം.. ഇനി എന്തിനാ വേറൊരാളെ അതിന്നായി വിളിച്ചു വരുത്തുന്നേ… ഇങ്ങട്ടു കയറൂ .. നമുക്ക് വീട്ടിൽ കയറിയിട്ട് പോകാം …”

” സാറെ … മീര ടീച്ചർ ഡ്രൈവിംഗിൽ ഒരു പുലിയാ, അവള് വേണേൽ അമേരിക്ക വരെ സാറിനെ കൊണ്ട് വിടും,… ”

കൂട്ടുകാരിയുടെ വാക്ക് കേട്ട് എല്ലാവരും കുലുങ്ങി ചിരിച്ചു.

അപ്പോഴേയ്ക്കും, ദേവൻ കാറിന്റെ മുൻ വാതിൽ തുറന്നു പാസഞ്ചർ സീറ്റിൽ കയറി ഇരുന്നു കഴിഞ്ഞിരുന്നു.

“എന്നാൽ പിന്നെ ടീച്ചറെ, ടു വീക്ക്സ് കഴിഞ്ഞു കാണാം…”

കൂട്ടുകാരിയോട് യാത്ര പറയുന്നതിനിടെ മീര കൈ ഉയർത്തി വീശി.

ഇടക്കാല അവധിയ്ക്ക് നാട്ടിൽ വന്നു പോകുന്ന ദേവന് നാട്ടിലെ റോഡിലെ തിക്കും തിരക്കും എന്തിനു പുതിയ റോഡുകൾ വരെ അത്ര പരിചിതമല്ലായിരുന്നു.

“അങ്കിൾ ..നമുക്ക് ഇവിടെ ദാ കൃഷ്ണ കഫെയിൽ നിന്നും ഒരു ചായ കുടിച്ചാലോ?… ഓർക്കുന്നുണ്ടോ.. കോളേജിലെ പഴയ ഹെഡ് ക്ലർക്ക് രാമകൃഷ്ണൻ സാറിനെ, അദ്ദേഹം പോയി… ഇപ്പോൾ മോളും മരുമോനും കൂടിയാണ് ഷോപ്പ് നടത്തുന്നത്”

പറഞ്ഞു തീർന്നതും കാർ ഷോപ്പിനു മുൻപിൽ നിറുത്തി കഴിഞ്ഞു.

“പിന്നെ ഈ ഷോപ്പ് ഓർമ്മയില്ലാതെയിരിക്കുമോ … കോളേജിലെ ഡിഗ്രി രണ്ടാം വര്‍ഷമാണ്‌ മിട്ടായിക്കുന്നിൽ ഇങ്ങനെ ഒരു കട പണിയുന്നത് തന്നെ, അതിന്നൊടു ചേർന്ന് കൃഷ്ണ സ്വാമി ക്ഷേത്രത്തിന്റെ ഒരു കാണിയ്ക്ക വഞ്ചിയും കൃഷ്ണൻ സാർ സ്പോൺസർ ചെയ്തിരുന്നു.”

ചൂട് ചായ ഊതി കുടിക്കുമ്പോൾ ദേവന്റെ കണ്ണുകളിൽ ആ പഴയ കറുത്ത ചായം പൂശിയ നീളൻ മെയിൻ ബിൽഡിങ്ങും, കെട്ടിടത്തിന്റെ രണ്ടറ്റങ്ങളിലും ഉള്ള ഫിസിക്സ്, കെമിസ്ട്രി ഡിപ്പാർട്മെന്റും, ലാബും ഓർമ്മവന്നു. തണലേകുന്ന വാക മരങ്ങൾ ഇന്നും അതുപോലെ തന്നെ.

“മോളെന്നെ താഴെ മുക്കിൽ വിട്ടാൽ മതി … അവിടെ നിന്ന് സ്റ്റേഷനിലേക്ക് പോകാൻ എളുപ്പമാണല്ലോ ?!.. വൈകിട്ടുള്ള ട്രെയിനിന് പോകാനാണ്..”

“അങ്കിൾ അതിനെങ്ങോട്ടാ?, ഇന്നിങ്ങ് വന്നല്ലേ ഉള്ളൂ”

“മോളെ,.. ആന്റി വീട്ടിൽ തനിച്ചാണ്, ഇത്രടം വരെ വന്നത് പറമ്പിൽ ഇച്ചരെ പണി ഉണ്ടായിരുന്നു, പിന്നെ ..”

മായ ആശ്ച്ചര്യത്തോടെ ദേവനെ നോക്കി,.. നേരമിത്രയും കൂടെ ഇരുന്നിട്ടും തിരികെ പോകുന്ന കാര്യം പറഞ്ഞില്ലല്ലോ?

“അതിനെന്താ ഞാൻ സ്റ്റേഷനിൽ വിടാം, അമ്മയേം കൂട്ടി ഞാനും നാളെ പാലക്കാട്ടേക്ക് പോകുവാ,.. ഇനിയിപ്പോ രണ്ടു മൂന്നാഴ്ചകഴിഞ്ഞല്ലേ കോളജ് തുറക്കൂ,..അവിടെ അച്ഛനും തനിച്ചാണ്, അമ്മയ്ക്കിവിടാണെൽ പറ്റണും ഇല്ല, പിന്നെ ഒരു നേരം പോക്കായിക്കോട്ടെ എന്നോര്ത്താ ഇന്ന് കൂടെ കൂട്ടിയത്”

ദേവൻ കണ്ണാടിയിലൂടെ പിൻസീറ്റിൽ ഇരിക്കുന്ന മായയെ ഏറു കണ്ണിട്ടു നോക്കി,..എന്നാലും നീ ഇത്ര നേരമായിട്ടും എന്നോടിത് പറഞ്ഞില്ലല്ലോ ? യാത്ര പറച്ചിലുകളിൽ എന്നും അവർക്കിടയിൽ മൗനമായിരുന്നു.

ദൂരെ ദിക്കുകളിലേക്കു അകന്നു പോകുമ്പോൾ അവർ തമ്മിൽ ഒരു യാത്ര പറച്ചിൽ ഉണ്ടായിരുന്നില്ല. കാർ മുക്കും കടന്നു വലത്തോട്ട് തിരഞ്ഞു. മൂവാറ്റുപുഴയാറിന്റെ തീരത്തുകൂടിയുള്ള യാത്ര. റോഡരുകിൽ പുത്തൻ മാളികകൾ, നീണ്ടു പരന്നു കിടക്കുന്ന പാടശേഖരത്തിൽ പേപ്പർ മില്ലിൽ നിന്നുള്ള മാലിന്യ സംഭരണ കേന്ദ്രമാണ്. കോളേജിൽ പഠിക്കുന്ന കാലത്തു രാവിലെ ആകാശം മൂടി കെട്ടി പുകമറയായിരുന്നു. പിന്നെ മനം മടുപ്പിക്കുന്ന ദുർഗന്ധവും. പുഴയിലേക്ക് തള്ളുന്ന മാലിന്യ ജലത്തിൽ പുഴയുടെ ഒരു ഓരം മുഴുവൻ ജലം കറുത്ത നിറത്തിലാണ് ഒഴുകിയിരുന്നത്. ക്‌ളാസ് കട്ട് ചെയ്തു കുത്തി ഒഴുകുന്ന മൂവാറ്റുപുഴയാറിന്റെ മുകളിലെ പാലത്തിൽ നിന്ന് നോക്കുമ്പോൾ മനോഹരമായ തെങ്ങിൻ തോപ്പുകൾ, മണൽ വാരുന്ന നിരവധി വള്ളങ്ങൾ, പുഴയിലേക്ക് താഴ്ന്നു വളർന്നു നിൽക്കുന്ന മരങ്ങൾക്കു താഴെ മാറൊപ്പം മുണ്ടുടുത്തു അലക്കി കുളിയ്ക്കുന്ന സ്ത്രീകളും, പെൺകുട്ടികളുടെയും ഒരു നിര തന്നെ കാണുമായിരുന്നു.

“അങ്കിൾ .. സ്റ്റേഷനെത്തി ”

മീരയുടെ വിളികേട്ടാണ് ദേവൻ ചിന്തയിൽ നിന്നും ഉണർന്നത്.

“അങ്കിൾ .. ഇന്നിപ്പോ നേരം വൈകിയില്ലേ .. ഇന്ന് വീട്ടിൽ തങ്ങിയിട്ടു നാളെ രാവിലത്തെ ട്രെയിന് പോയാലോ ?.. ഞാൻ കൊണ്ട് വിടാം, എന്തായാലും ഞങ്ങളും രാവിലെ ഇറങ്ങും…”

“അതൊന്നും വേണ്ട … “പറഞ്ഞു തീരും മുൻപേ ദേവൻ വണ്ടിയിൽ നിന്നും ഇറങ്ങി. “എന്നാ ഞാൻ പോയിട്ട് വരാം,… “പിൻ സീറ്റിന്റെ വാതിൽ തുറന്നു ദേവൻ കൈ വീശി നടന്നു.

മായ നിറ കണ്ണുകളോടെ ദേവനെ യാത്രയാക്കി.

“ഇടയ്ക്കൊക്കെ അങ്കിളിനെ കാണുമ്പോഴാണ് ‘അമ്മ ഒന്ന് ചിരിയ്ക്കുന്നതും,മിണ്ടുന്നതുമൊക്കെ,.. പെൻഷൻ ആകുന്നതിനു മുൻപേ ഇത്രയും കുഴപ്പമില്ലായിരുന്നു. ഇപ്പൊ എന്തോ ഒരു ഉന്മേഷം കിട്ടിയത് പോലെയാണ്…”

സ്റ്റേഷനിലേയ്ക്ക് ദേവനോടൊപ്പം നടന്ന മീരയുടെ വാക്കുകൾ കേട്ട് ദേവൻ അറിയാതെ ഒന്ന് നിന്നു . സ്റ്റേഷന് മുൻപിലെ ആലിലകൾ കുലുങ്ങി ചിരിച്ചു.

“അപ്പൊ മോഹൻ , കുട്ടിയുടെ അച്ഛൻ ”

“അവർ തമ്മിൽ സംസാരിച്ചിട്ട് കാലങ്ങൾ ആയി,.. അവർ ഒന്നിച്ചിരുന്നു സംസാരിയ്ക്കുന്നതു ഞാൻ കണ്ടിട്ടേ ഇല്ല, പാലക്കാട്ടെ വീട് എന്ന് പറഞ്ഞാൽ അമ്മയ്ക്ക് ഒരു അഗ്രഹാരമാണ്. ഒരു തടവറ…ഇവിടെ എന്റെ ഒപ്പം ‘അമ്മ ഒ കെ യാണ് പക്ഷേ അച്ഛന് ‘അമ്മ ഇവിടെ തറവാട്ടു വീട്ടിൽ താമസിയ്ക്കുന്നതു ഒട്ടും ഇഷ്ടമല്ല. അപ്പൂപ്പനും,അമ്മൂമ്മയും മരിച്ചപ്പോഴും ഞങ്ങളെ അധിക ദിവസം ഇവിടെ നിറുത്തിയില്ല…”

ദേവൻ കാറിൽ ഇരിയ്ക്കുന്ന മായയെ നോക്കി, നിസ്സംഗഭാവത്തിൽ ഇരിയ്ക്കുന്ന അവളുടെ കണ്ണുകൾ നിറഞ്ഞു ഒഴുകുന്നുണ്ടായിരുന്നു.

“മോളേ .. അങ്കിളിനു ഇന്ന് പോയെ പറ്റൂ,..അവിടൊരാൾ ഇക്കാലമത്രയും തനിച്ചിരുന്നിട്ടേ ഇല്ല. അതുമാത്രമല്ല ഞാനും അങ്ങിനെയാണ്. മോൾക്കറിയോ?.. ഒന്നിച്ചിരിയ്ക്കാനും,പിരിഞ്ഞിരിയ്ക്കാനും ഒക്കെയുള്ള തീരുമാനങ്ങൾ മോൾടെ അമ്മെയുടേത് മാത്രമായിരുന്നു… എന്നാ മോളേ.. ഞാൻ പോയിട്ടുവരാം, അമ്മയെ നന്നയി നോക്കണം കേട്ടോ,… ”

ദേവൻ തിടുക്കത്തിൽ പ്ലാറ്റ് ഫോമിലേക്ക് നടന്നു കയറി. മുറ്റത്തെ ആൽത്തറച്ചുവട്ടിൽ നിറകണ്ണുകളോടെ മീര ഒരു നിമിഷത്തെക്കു നിന്നു. കാറ്റിൽ ഇളകിയാടിയ ആലിലകൾ ഒരു നിമിഷം നിശബ്ദമായി. വിജനമായ ഹൈടെക് പ്ലാറ്റഫോമിലിരിയ്ക്കുമ്പോൾ ദേവന്റെ മനസ്സിൽ നിറഞ്ഞു നിന്നതു പഴയ ആ അഴുക്കു പിടിച്ച സിമന്റു ബെഞ്ചുകൾ ഉള്ള പ്ലാറ്റഫോമും, പിന്നിൽ ഉപേക്ഷിച്ച ബന്ധങ്ങളുമായിരുന്നു.

തുടരും …..

Leave a Comment

More News