മലപ്പുറം: പ്ലസ് വൺ പ്രവേശന പ്രതിസന്ധിക്ക് പരിഹാരമെന്ന പേരിൽ പ്രഖ്യാപിച്ച താൽക്കാലിക ബാച്ചുകളും മാർജിനൽ സീറ്റ് വർധനവും പ്രശ്നത്തിന്റെ യഥാർത്ഥ പരിഹാരമല്ല. വർഷങ്ങളായി ആവർത്തിക്കുന്ന ഈ പ്രതിസന്ധി അവസാനിപ്പിക്കാൻ മലപ്പുറം ജില്ലയ്ക്ക് ആവശ്യമായ 628 സ്ഥിരം പ്ലസ് വൺ ബാച്ചുകൾ അനുവദിക്കുകയാണ് വേണ്ടതെന്ന് വെൽഫെയർ പാർട്ടി മലപ്പുറം ജില്ലാ പ്രസിഡന്റ് കെവി സഫീർഷ പറഞ്ഞു.ഓരോ വർഷവും വിദ്യാർത്ഥികളെ അധികമായി ക്ലാസ് മുറികളിൽ ഉൾപ്പെടുത്തി പ്രതിസന്ധി താൽക്കാലികമായി മറികടക്കാനുള്ള സമീപനമാണ് തുടരുന്നത്. എന്നാൽ വിദ്യാർത്ഥികളുടെ എണ്ണത്തിനനുസരിച്ചുള്ള സ്ഥിരം ബാച്ചുകളും അടിസ്ഥാന സൗകര്യങ്ങളും ഉറപ്പാക്കാതെ വിദ്യാഭ്യാസ നിലവാരവും പഠനാന്തരീക്ഷവും മെച്ചപ്പെടുത്താനാവില്ല. വിദ്യാർത്ഥികളെ ക്ലാസ് മുറികളിൽ കുത്തിനിറയ്ക്കുന്നത് ഒരു പരിഹാരമല്ല; അത് അവരുടെ പഠനാവകാശത്തോടുള്ള അനീതിയാണ്.
പ്ലസ് വൺ പ്രവേശന പ്രതിസന്ധി മലപ്പുറം ജില്ലയിലെ ആയിരക്കണക്കിന് വിദ്യാർത്ഥികളെയും കുടുംബങ്ങളെയും ബാധിക്കുന്ന വിഷയമാണ്. അതിനാൽ ഈ പ്രശ്നത്തിന് ശാശ്വത പരിഹാരം കാണുന്നത് പുതിയ സർക്കാരിന്റെ പ്രഥമ പരിഗണനകളിലൊന്നാകണം. താൽക്കാലിക ക്രമീകരണങ്ങളിലൂടെ പ്രശ്നം നീട്ടിക്കൊണ്ടുപോകുന്നതിന് പകരം ആവശ്യമായ സ്ഥിരം ബാച്ചുകൾ അനുവദിച്ച് വിദ്യാർത്ഥികളുടെ ഭാവി സുരക്ഷിതമാക്കാൻ സർക്കാർ തയ്യാറാകണം.
ജില്ലയിലെ വിദ്യാർത്ഥികളുടെ യഥാർത്ഥ ആവശ്യകത പരിഗണിച്ച് സ്ഥിരം പ്ലസ് വൺ ബാച്ചുകൾ അനുവദിക്കാനും ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാനും സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്നും കെവി സഫീർഷ ആവശ്യപ്പെട്ടു.
